Connect with us

Kerala

കെ പി സി സി സെമി കേഡര്‍: സുധാകരന്റെ നീക്കം പാളുന്നു; എം പിമാരെ പിന്തുണച്ച് ഗ്രൂപ്പ് നേതാക്കള്‍

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് എതിര്‍ ശബ്ദങ്ങള്‍ ഉയരാന്‍ സാധ്യയില്ലെന്ന കെ സുധാകരന്റെ കണക്കുകൂട്ടലാണ് നേതാക്കളുടെ ഇടപെടലോടെ തെറ്റുന്നത്.

Published

|

Last Updated

തിരുവനന്തപുരം | നേതൃത്വത്തിനെതിരെ ഉയരുന്ന എതിര്‍ സ്വരങ്ങള്‍ക്ക് തുടക്കത്തിലേ തടയിട്ട് പാര്‍ട്ടിയില്‍ സെമി കേഡര്‍ സംവിധാനം കൊണ്ടുവരാനുള്ള കെ പി സി സി നേതൃത്വത്തിന്റെ നീക്കം പാളുന്നു. എം പിമാരായ കെ മുരളീധരനും എം കെ രാഘവനുമെതിരായ അച്ചടക്ക നടപടിക്കെതിരെ ഗ്രൂപ്പ് ഭേദമന്യേ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതാണ് കെ പി സി സി ക്ക് തിരിച്ചടിയായിരിക്കുന്നത്. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് എതിര്‍ ശബ്ദങ്ങള്‍ ഉയരാന്‍ സാധ്യയില്ലെന്ന കെ സുധാകരന്റെ കണക്കുകൂട്ടലാണ് നേതാക്കളുടെ ഇടപെടലോടെ തെറ്റുന്നത്. നേതൃത്വത്തിനെതിരെ ഉയരുന്ന കൂട്ടായ വിമര്‍ശനങ്ങള്‍ക്ക് തടയിടാനായില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എം കെ രാഘവനെയും കെ മുരളീധരനെയും താക്കീത് ചെയതുകൊണ്ടുള്ള അച്ചടക്ക നടപടികളുമായി കെ പി സി സി നേതൃത്വം മന്നോട്ടുപോയത്.

പാര്‍ട്ടിയില്‍ പരമ്പരാഗത ഗ്രൂപ്പുകള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ സെമി കേഡര്‍ ആശയം നടപ്പാക്കുക താരതമ്യേന എളുപ്പമാകുമെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിലും വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ കെ പി സി സി നേതൃത്വം വെട്ടിലായിരിക്കുകയാണ്. രാഘവനെതിരെ നീങ്ങിയാല്‍ ഗ്രൂപ്പുകളുടെ പ്രതിരോധം ഉണ്ടാകില്ലെന്നും തരൂര്‍ പക്ഷക്കാരനായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാമെന്നുമായിരുന്നു കെ പി സി സി നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തി ഇടക്കിടെ വിമത ശബ്ദമുയര്‍ത്തുന്ന കെ മുരളീധരനെയും കൂട്ടത്തില്‍ പിടിക്കാനുള്ള നീക്കങ്ങളാണ് അച്ചടക്ക നടപടിയിലൂടെ നേതൃത്വം നടത്തിയത്. അതേസമയം, സമാന എതിര്‍സ്വരം ഉയര്‍ത്തിയ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും കെ പി സി സി വര്‍ക്കിങ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിനെതിരെയും നേതൃത്വം നടപടി സ്വീകരിച്ചിരുന്നില്ല.

ഗ്രൂപ്പുകള്‍ ശക്തമല്ലെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നീങ്ങുന്നത് ഗ്രൂപ്പുകളെ വീണ്ടും സജീവമാക്കാന്‍ സഹായിക്കുമെന്നതിനാലാണ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും കൊടിക്കുന്നിലിനെയും പരാമര്‍ശിക്കാതെ രാഘവനെയും മുരളീധരനെയും കരുവാക്കി കെ പി സി സി നേതൃത്വം അച്ചടക്ക സാധ്യത ഉപയോഗിച്ചത്. എ, ഐ ഗ്രൂപ്പുകള്‍ പഴയതുപോലെ ശക്തമല്ലാത്തതിനാല്‍ അച്ചടക്കത്തിന്റെ വടി ഉപയോഗിച്ച് പാര്‍ട്ടിയെ വരുതിയില്‍ നിര്‍ത്താമെന്നും വര്‍ക്കിങ് കമ്മിറ്റിയിലേക്കുള്ള നാമനിര്‍ദേശം കാത്തുനില്‍ക്കുന്നതിനാല്‍ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും നേതൃത്വത്തോട് ഉടക്കാന്‍ ഇടയില്ലെന്നതും ഉമ്മന്‍ ചാണ്ടി ചികിത്സയിലായതിനാല്‍ എ ഗ്രൂപ്പ് തന്നെ നിശ്ചലമാണെന്നതും അനുകൂല ഘടകമായാണ് നേതൃത്വം കണ്ടത്. എന്നാല്‍, നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ കെ പി സി സി നടപടി ചോദ്യം ചെയ്ത് പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകള്‍ തുടങ്ങിയ സമയത്ത് കോണ്‍ഗ്രസില്‍ വീണ്ടും വിഭാഗീയത തലപൊക്കുന്നത് എ ഐ സി സി നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കില്ലെന്ന കെ മുരളീധരന്റെ പരസ്യ പ്രസ്താവനയുള്‍പ്പെടെ എം പിമാര്‍ക്കെതിരായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ ഒരേപോലെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എ, ഐ ഗ്രൂപ്പുകള്‍ എന്ന നിലയില്‍ മുന്നോട്ടുപോയ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ മുരളീധരന് അനുകൂലമായ ഒരു പൊതുവികാരം രൂപപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് എം കെ രാഘവനും കെ മുരളീധരനും പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്നത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കഴിഞ്ഞ തവണ കരുത്തുറ്റ വിജയം നേടിയ രണ്ട് എം പിമാര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി അനുചിതമായി പോയെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. അച്ചടക്ക വിഷയമായതിനാല്‍ പരസ്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളെന്നാണ് പ്രതികരണങ്ങള്‍ കാണിക്കുന്നത്. കിട്ടിയ അവസരം മുതലെടുത്ത് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നേതൃത്വത്തിനെതിരെ തിരിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കെ പി സി സി നടപടി തള്ളി ചെന്നിത്തലയും എം എം ഹസനും
തിരുവനന്തപുരം: പരസ്യ പ്രസ്താവനയുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുടെ ഭാഗമായി എം പിമാരായ കെ മുരളീധരനെയും എം കെ രാഘവനെയും താക്കീത് ചെയ്ത് കത്തയച്ച കെ പി സി സി നടപടിയെ തള്ളി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എം എം ഹസനും. എ ഐ സി സി അംഗങ്ങളില്‍ നിന്ന് കെ പി സി സി വിശദീകരണം തേടാറില്ലെന്നും രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും ചെന്നിത്തല പ്രതികരിച്ചു. കെ മുരളീധരന്‍ ഇനിയും മത്സരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡം പാലിച്ചല്ല നടപടിയെന്ന് എം എം ഹസന്‍ സൂചിപ്പിച്ചു.

താന്‍ പ്രസിഡന്റ് ആയിരിക്കെ, മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞ സാഹചര്യമുണ്ടായിരുന്നെന്നും അന്ന് നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിക്കുകയായിരുന്നുവെന്നും പറഞ്ഞ എം എം ഹസന്‍ ഇപ്പോഴും ഈ രീതി പ്രയോഗിക്കാമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

കെ പി സി സി അധ്യക്ഷന്റെ നടപടിക്ക് പിന്നാലെ കെ മുരളീധരനെയും എം കെ രാഘവനെയും പിന്തുണച്ച് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അച്ചടക്ക നടപടി അനുചിതമായിപ്പോയെന്ന് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചു. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ മാത്രമുള്ള അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തുന്ന ഗ്രൂപ്പ് നേതാക്കള്‍ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം