Kerala
കെ പി സി സി സ്ഥാനാര്‍ഥി പട്ടിക എ ഐ സി സിക്ക് കൈമാറി
സിറ്റിംഗ് എം എല്‍ എമാരുടെയും ചില എം പിമാരുടെയും പേരുകളടക്കമുള്ള പ്രാഥമിക പട്ടികയില്‍ അറുപത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരാണുള്ളത്.
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടിക എ ഐ സി സിക്ക് കൈമാറി കെ പി സി സി. സിറ്റിംഗ് എം എല്‍ എമാരുടെയും ചില എം പിമാരുടെയും പേരുകളടക്കമുള്ള പ്രാഥമിക പട്ടികയില്‍ അറുപത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരാണുള്ളത്. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും. കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും പേരുകളാണ് എം പിമാരുടെ പട്ടികയില്‍ നിന്നും പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാല്‍ സ്‌ക്രീനിംഗ് കമ്മിറ്റിയടക്കം ചര്‍ച്ച ചെയ്ത് എം പിമാരെ മത്സരിപ്പിക്കണോയെന്നതില്‍ തീരുമാനമെടുക്കും.
കണ്ണൂരില്‍ മത്സരിക്കാന്‍ കെ സുധാകരന്‍ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്ത് പേരുകളൊന്നും കാര്യമായി ചര്‍ച്ചയിലേക്ക് വന്നിട്ടുമില്ല. ടി ഒ മോഹനന്‍, അമൃത രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. ആറ്റിങ്ങല്‍ എം പിയും യു ഡി എഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശ് കോന്നിയിലാണ് താത്പര്യം അറിയിച്ചിരിക്കുന്നത്.
ഇവരെക്കൂടാതെ വട്ടിയൂര്‍ക്കാവ്-കെ മുരളീധരന്‍, കൊട്ടാരക്കര-ആയിഷാപോറ്റി, അടൂര്‍-രമ്യ ഹരിദാസ്, കുന്നത്തുനാട്-വി പി സജീന്ദ്രന്‍, തൃശൂര്‍-ടി വി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍-ഒ ജെ ജിനീഷ് കുമാര്‍, മണലൂര്‍-ടി എന്‍ പ്രതാപന്‍, കോങ്ങാട്-കെ എ തുളസി, പാലക്കാട്-രമേശ് പിഷാരടി, തവനൂര്‍/തിരുവമ്പാടി-വി എസ് ജോയ്, പൊന്നാനി-നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത്-കെ ജയന്ത്, എലത്തൂര്‍-വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി-കെ പ്രവീണ്‍കുമാര്‍, നാദാപുരം-കെ എം അഭിജിത്ത്, ഉദുമ-കെ നീലകണ്ഠന്‍, തൃത്താല-വി ടി ബല്‍റാം എന്നിവര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.
മറ്റുള്ള സീറ്റുകളില്‍ കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം ചര്‍ച്ച നടത്തി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. എം പിമാര്‍ മത്സരിച്ചാല്‍ അവരുടെ ലോക്‌സഭാ മണ്ഡലം കൈവിട്ടു പോകുമെന്നാണ് കോണ്‍ഗ്രസ്സിന്റെ സര്‍വേ റിപോര്‍ട്ട്.




