Connect with us

Kozhikode

കോഴിക്കോട് ബീച്ചിൽ ഐസ് ഉരതിക്ക്‌ താൽക്കാലിക നിരോധനം

മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഐസ് ഉരതി നിരോധിക്കുന്നത് ഉൾപ്പെടെ പ്രതിരോധ നടപടികൾ സ്വീകരിച്ചത്.

Published

|

Last Updated

കോഴിക്കോട് | പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ഐസ് ഉരതിക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തി. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഐസ് ഉരതി നിരോധിക്കുന്നത് ഉൾപ്പെടെ പ്രതിരോധ നടപടികൾ സ്വീകരിച്ചത്.

അടുത്തമാസം ഒന്ന് വരെയാണ് കോർപ്പറേഷൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. പഴ ചാറുകളും ജ്യൂസുകളും വിൽക്കുന്നത് വൃത്തിഹീനമായാണെന്ന് കോർപ്പറേഷൻ വിലയിരുത്തി. അനധികൃതമായി റോഡരികിൽ നടത്തുന്ന ഭക്ഷണ-പാനീയ വിൽപ്പനയ്‌ക്കെതിരെയും നടപടി കടുപ്പിക്കും.

മാനദണ്ഡങ്ങൾ പാലിക്കാതെ തട്ടുകടകളും വ്യാപകമായി പ്രവർത്തിക്കുന്നുണ്ട് . ഇത്തരം കച്ചവടങ്ങളും അനുവദിക്കില്ലെന്ന് കോർപ്പറേഷൻ അറിയിച്ചു. മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നത് തടയുന്നതിനായി ഹോട്ടലുകളിലെ കുടിവെള്ളം സർക്കാർ ലാബുകളിൽനിന്ന് പരിശോധിച്ച് ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകും.

ജില്ലയിൽ ഈവർഷം ഏപ്രിൽവരെ 132 പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. കഴിഞ്ഞമാസം രണ്ടുപേർ മരിച്ചു. കോർപ്പറേഷനിലും പലഭാഗങ്ങളിലും പകർച്ചവ്യാധികളുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണവും നിരോധനവും കർശനമാക്കിയത്..

കോർപ്പറേഷൻ തലത്തിൽ 10 ദിവസത്തെ കർമപദ്ധതി തയ്യാറാക്കി നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായി കോർപ്പറേഷൻ അറിയിച്ചു. വീടുകളിൽ ഡ്രൈ ഡേ ആചരണവും പ്രത്യേകം സ്‌ക്വാഡുകൾ രൂപവത്കരിച്ച് പരിശോധനയും നടത്തും.

Latest