Connect with us

National

കാത്തിരിപ്പിനൊടുവില്‍ കൊവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യമാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്‌

Published

|

Last Updated

ജനീവ | ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനാണ് കൊവാക്‌സീന്‍ വിദഗ്ധ സമതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യമാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്‌

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവാക്സീന്‍ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയിരിക്കുന്നത്. .ഏപ്രില്‍ 19നാണ് അനുമതിക്കായി ഭാരത ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. യുഎസ് വാക്‌സീനുകളായ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീല്‍ഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സീനുകള്‍ക്കു മാത്രമാണ് നിലവില്‍ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. കോവാക്‌സിന് അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ന് ചേര്‍ന്ന സംഘടനയുടെ ഉപദേശക സമിതി യോഗത്തിലാണ് ഇന്ത്യക്ക് ഏറെ നിര്‍ണായകമായ തീരുമാനം എത്തിയത്. ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിക്കുന്നത് കൊവാക്സീന്‍ എടുത്ത ശേഷം വിദേശയാത്രക്കൊരുങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസകരമാകും.ഇന്ത്യയ്ക്കു പുറമേ, ഇറാന്‍, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, പരാഗ്വേ, ഫിലിപ്പൈന്‍സ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് കോവാക്‌സിന് നേരത്തെ അടിയന്തര ഉപയോഗാനുമതി നല്‍കിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും അംഗീകാരം നല്‍കിയിരുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവാക്‌സീന് ഇതുവരെ അംഗീകാരമില്ലായിരുന്നു