Kerala
വാഴക്കുലക്കുള്ളില് ഒളിപ്പിച്ച് എം ഡി എം എ കടത്ത്; യുവ കര്‍ഷക പുരസ്കാരം നേടിയ ആള്‍ക്കെതിരെ സമഗ്ര അന്വേഷണം
പിടിയിലായ ധനേഷ് എസ് നായരുടെ കൂട്ടാളികളിലേക്കും ഇയാള്‍ക്ക് ലഹരി എത്തിക്കുന്ന ഏജന്റുമാരിലേക്കുമാണ് അന്വേഷണം നീളുന്നത്
കൊച്ചി | യുവ കര്‍ഷക പുരസ്കാരം നേടിയ ആള് വാഴക്കുലക്കുള്ളില് ഒളിപ്പിച്ച് എം ഡി എം എ കടത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം. പിടിയിലായ ധനേഷ് എസ് നായരുടെ കൂട്ടാളികളിലേക്കും ഇയാള്‍ക്ക് ലഹരി എത്തിക്കുന്ന ഏജന്റുമാരിലേക്കുമാണ് അന്വേഷണം നീളുന്നത്.
ധനേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കൂടി അന്വേഷണസംഘം കടക്കും. കേസില്‍ ഇതുവരെ അറസ്റ്റിലായത് മൂന്ന് പേരാണ്. ഇവര്‍ക്കു കേരളത്തില്‍ വിപുലമായ നെറ്റ്വര്ക് ഉള്ളതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ട്. ഇതിനകം എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് ഏജന്റുമാരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ലഹരികടത്തിനായി ഇന്‍സ്റ്റഗ്രാം വഴിയാണ് ധനേഷ് പ്രധാനമായും ആശയവിനിമയം നടത്തിയിരുന്നത്. കൊച്ചിയിലായിരുന്നു പ്രതിയുടെ സ്ഥിരതാമസമെന്നും പോലീസ് വ്യക്തമാക്കുന്നു. ആലപ്പുഴ ചെറുതനയില്‍ 2022ല്‍ തണ്ണിമത്തന് കൃഷി നടത്തിയപ്പോഴാണ് ധനേഷിന് ചെറുതന പഞ്ചായത്തിന്റെ യുവ കര്‍ഷക അവാര്‍ഡ് ലഭിച്ചത്. നാട്ടില്‍ ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നും ഇല്ലെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.
മികച്ച കര്ഷകന് വാഴക്കുലയില്‍ എം ഡി എം എ കടത്തിയ സംഭവം ഗൗരവതരമാണെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ് പ്രതികരിച്ചിരുന്നു. ധനേഷിന് ലഭിച്ച മികച്ച കര്‍ഷകനുള്ള അവാര്‍ഡ് തിരിച്ചെടുക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കും. വാര്‍ത്തയറിഞ്ഞ ഉടന്‍ ഡയറക്ടറുമായി സംസാരിച്ചിരുന്നുവെന്നും കര്‍ഷകന്റെ പശ്ചാത്തലം അടക്കം പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടില്ലെന്നാണു കര്‍ഷക സംഘടന പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.
Content Highlights: Police widened their probe into MDMA smuggling hidden inside banana bunches by young farmer award winner Dhanesh S Nair in Kochi. Three arrests have been made as investigators trace his Instagram-based drug network across central Kerala. Agriculture Minister T Siddique said the government will examine revoking his award.



