From the print
കേരളത്തിലെ മുസ്ലിം ജനസംഖ്യ കുറയുന്നതായി പഠനം
മുൻ ദശാബ്ദങ്ങളിൽ ജനസംഖ്യാ വിഹിതത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ടെങ്കിലും നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ വലിയ തോതിലുള്ള കുറവിലേക്കും തുടർന്ന് ജനസംഖ്യാ മരവിപ്പിലേക്കും നീങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്
കൊച്ചി | സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യാ വർധനവിനെക്കുറിച്ച് നിലനിൽക്കുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ജനനനിരക്കിലും വളർച്ചാനിരക്കിലും ഉണ്ടായ കുത്തനെയുള്ള ഇടിവ് കാരണം മുസ്ലിം ജനസംഖ്യ കുറയുകയാണ് ചെയ്യുന്നതെന്നും പഠന റിപോർട്ട്. മെക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് (എം ഐ എം എസ്) ഡയറക്ടർ പ്രൊഫ. എ എം റശീദ് തയ്യാറാക്കിയ പഠനത്തിലാണ് നിർണായക വിവരങ്ങളുള്ളത്.
മുൻ ദശാബ്ദങ്ങളിൽ ജനസംഖ്യാ വിഹിതത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ടെങ്കിലും നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ വലിയ തോതിലുള്ള കുറവിലേക്കും തുടർന്ന് ജനസംഖ്യാ മരവിപ്പിലേക്കും നീങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്.
1971ലെ സെൻസസ് പ്രകാരം കേരളത്തിലെ മുസ്ലിം ജനസംഖ്യാ വിഹിതം 19.5 ശതമാനമായിരുന്നു. 2011ൽ ഇത് 26.6 ശതമാനമായി ഉയർന്നെങ്കിലും വളർച്ചാനിരക്കിന്റെ വേഗത്തിൽ ഗണ്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 1961-71 കാലയളവിൽ മുസ്ലിം ജനസംഖ്യാ വളർച്ചാനിരക്ക് 37.5 ശതമാനമായിരുന്നു. 1971-81ൽ ഇത് 30 ശതമാനമായും 1981-91ൽ 25.5 ശതമാനമായും കുറഞ്ഞു. 1991-2001ൽ 15.8 ശതമാനമായി ചുരുങ്ങിയ വളർച്ചാനിരക്ക്, 2001-11 കാലയളവിൽ 12.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ജനസംഖ്യാ വളർച്ചയുടെ വേഗത വലിയ തോതിൽ മന്ദഗതിയിലാകുന്നു എന്നാണ് കണക്കുകൾ അടിവരയിടുന്നത്.
കേരളത്തിലെ മൊത്തം പ്രജനനനിരക്കിലുണ്ടായ കുറവ് മുസ്ലിം വിഭാഗത്തിലും പ്രകടമാണ്. 1950-60 കാലഘട്ടങ്ങളിൽ മുസ്ലിം സ്ത്രീകളുടെ ശരാശരി പ്രജനനനിരക്ക് 5.5നും 6.5നും ഇടയിലായിരുന്നു.
എന്നാൽ 1980കളുടെ അവസാനത്തോടെ ഇത് മൂന്നിൽ താഴെയാകുകയും ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം നിലവിൽ 2.25 ആയി കുറയുകയും ചെയ്തു.
പെൺകുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റം, തൊഴിൽ-പ്രൊഫഷനൽ രംഗങ്ങളിലെ ഉയർന്ന പങ്കാളിത്തം, വിവാഹപ്രായം ഉയർന്നത്, മെച്ചപ്പെട്ട ആരോഗ്യ പരിപാലനവും കുടുംബാസൂത്രണവും തുടങ്ങിയ സാമൂഹിക മാറ്റങ്ങളാണ് പ്രജനനനിരക്ക് ഇത്ര വേഗത്തിൽ കുറയാൻ ഇടയാക്കിയതെന്ന് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത 10-15 വർഷത്തിനുള്ളിൽ മുസ്ലിം ജനസംഖ്യാ വളർച്ചാനിരക്ക് റീപ്ലേസ്മെന്റ് ലെവലിന് താഴേക്ക് പോകുമെന്നാണ് സെന്റർ ഫോർ ഡെവലപ്മെന്റ്സ്റ്റഡീസിലെ ഡോ. കെ സി സക്കറിയയുടെ പഠനവും വ്യക്തമാക്കുന്നത്.
Content Highlights: A study report led by MIMS director Prof A M Rasheed states that Muslim population growth and fertility rates in Kerala are declining sharply. Social factors like women’s education, workforce participation, later marriage, and healthcare drove the drop. Findings align with K C Zachariah’s research projecting growth below replacement level.




