From the print
കാലവർഷം കനിഞ്ഞില്ല, തുലാമഴയിലും ആശങ്ക; വരൾച്ചാ പ്രഖ്യാപനത്തിന് ശിപാർശ
സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവ്
പാലക്കാട് | കാലവർഷം കാര്യമായി കനിയാതിരുന്നതോടെ കേരളം വരൾച്ചയുടെ വക്കിൽ. ജൂൺ ഒന്ന് മുതൽ കഴിഞ്ഞമാസം 30 വരെ നീണ്ട തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. സാധാരണ ലഭിക്കേണ്ട 2018.6 മില്ലിമീറ്റർ മഴക്ക് പകരം ഇത്തവണ ലഭിച്ചത് 1446.5 മില്ലിമീറ്റർ. 572.1 മില്ലിമീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 1901ന് ശേഷമുള്ള ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും ഏറ്റവും വരണ്ട കാലവർഷമാണ് ഇത്തവണത്തേത്.
മഴക്കുറവ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വരൾച്ചാ പ്രഖ്യാപനത്തിന് ശിപാർശ നൽകി. ജലസ്രോതസ്സുകളിലെ ജലനിരപ്പ്, ഭൂഗർഭജല ലഭ്യത, കാർഷിക മേഖലയിലെ നഷ്ടം എന്നിവ വിശദമായി പരിശോധിച്ചശേഷമായിരിക്കും അന്തിമതീരുമാനം. സംസ്ഥാനമൊട്ടാകെയാണോ അതോ തിരഞ്ഞെടുത്ത ജില്ലകളിലാണോ വരൾച്ച പ്രഖ്യാപിക്കേണ്ടതെന്നും തുടർവിലയിരുത്തലുകൾക്ക് ശേഷം തീരുമാനിക്കും.
ഏറ്റവും കൂടുതൽ മഴക്കുറവ് വയനാട്ടിലാണ്-53 ശതമാനം. ഇടുക്കിയിലും കാര്യമായ കുറവുണ്ടായി. പാലക്കാട്, തൃശൂർ ജില്ലകളിൽ 30 ശതമാനം വീതമാണ് കുറഞ്ഞത്. അതേസമയം കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ നിലയിലായിരുന്നു.
തുലാമഴ തുടക്കത്തിലും നിരാശ
ഈമാസം ഒന്നിന് ആരംഭിച്ച തുലാവര്‍ഷത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും കാര്യമായ ആശ്വാസമായില്ല. സംസ്ഥാനത്ത് ഇക്കാലയളവിൽ ലഭിച്ചത് 12.8 മില്ലിമീറ്റർ മഴ മാത്രം. സാധാരണ ലഭിക്കേണ്ട 29.3 മില്ലിമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ 56 ശതമാനത്തിന്റെ കുറവാണിത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷം. യഥാക്രമം 96, 97 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. കണ്ണൂരിൽ 89 ശതമാനവും വയനാട്ടിൽ 85 ശതമാനവും പാലക്കാട്ട് 58 ശതമാനവും മഴ കുറഞ്ഞു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ഈ കാലയളവിൽ സാധാരണതോതിൽ മഴ ലഭിച്ചത്. ഡിസംബർ വരെയുള്ള തുലാമഴക്കാലത്ത് ദക്ഷിണേന്ത്യൻ ഉപദ്വീപിൽ സാധാരണ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കൻ ജില്ലകളിൽ സാധാരണയിലും അധികം മഴക്കും വടക്കൻ ജില്ലകളിൽ സാധാരണയിലും കുറവ് മഴക്കുമാണ് സാധ്യത. ഈമാസം മധ്യത്തോടെ തുലാമഴ പൂർണതോതിൽ സജീവമാകുമെന്നാണ് പ്രതീക്ഷ. തുടർച്ചയായ മഴക്കുറവ് അണക്കെട്ടുകൾ, നദികൾ, കുളങ്ങൾ തുടങ്ങിയ ജലസ്രോ തസ്സുകളിലെ ജലനിരപ്പിനെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. കാലവർഷത്തിൽ ലഭിക്കാതെപോയ മഴയുടെ കുറവ് തുലാമഴ നികത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.
എൽനിനോ ആശങ്ക
വർഷാവസാനത്തോടെ എൽനിനോ പ്രതിഭാസം ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആശങ്ക വർധിപ്പിക്കുന്നുണ്ട്. കൊളംബിയ സർവകലാശാലയുടെ ഇന്റർനാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ആൻഡ് സൊസൈറ്റിയുടെ വിലയിരുത്തലനുസരിച്ച് അടുത്ത വർഷം ഫെബ്രുവരി വരെ എൽനിനോ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം ഇന്ത്യയിലെ കാലാവസ്ഥയിലും പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനകം സംസ്ഥാനം ജലക്ഷാമത്തിന്റെ സമ്മർദം നേരിടുന്നതിനാൽ മഴക്കുറവ് കാർഷികമേഖലക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ പ്രധാന വിളകളുടെ ഉത്പാദനത്തെയും ബാധിച്ചേക്കാം. കാലാവസ്ഥാമാറ്റങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തേണ്ട സാഹചര്യമാണ് കർഷകർക്ക് മുന്നിലുള്ളത്.
Content Highlights: Kerala faces an impending drought after recording a 28 percent deficit in the Southwest Monsoon. The Kerala State Disaster Management Authority recommended declaring a drought after assessing groundwater levels and crop damage. Rising concerns over El Nino and a weak Northeast monsoon threaten the state’s agriculture sector.



