Connect with us

editorial

ഇപ്പോള്‍ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമോ?

സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അവസരമൊരുക്കുന്ന എക്‌സൈസ് നിയമങ്ങളിലെ എല്ലാ പഴുതുകളും വിടവുകളും പൂര്‍ണമായും അടക്കണം.

Published

|

Last Updated

അതീവ ഗൗരവപൂർണമാണ് സംസ്ഥാന സര്‍ക്കാറിന്റെയും എക്‌സൈസ് മന്ത്രിയുടെയും നയപരമായ തീരുമാനങ്ങളെ കാറ്റില്‍ പറത്തി താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ നടപടി. 2026 ജൂണ്‍ 22നാണ് എറണാകുളത്ത് രണ്ട് ബാറുകള്‍ക്കും കോട്ടയത്ത് ഒരു ബാറിനും ലൈസന്‍സ് അനുവദിച്ച് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിറക്കിയത്.

ശരവേഗത്തിലായിരുന്നു ഈ വിഷയത്തില്‍ കമ്മീഷണറുടെ നടപടി. അപേക്ഷ ലഭിച്ചു മണിക്കൂറുകള്‍ക്കകം അനുമതി നല്‍കി. പുതിയ എക്‌സൈസ് നയം വരുന്നതുവരെ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്ന സര്‍ക്കാറിന്റെ തീരുമാനം കാറ്റില്‍ പറത്തുന്ന ഈ ഉദ്യോഗസ്ഥ നടപടി ഗുരുതരമായ അധികാര ലംഘനമാണ.് ജനപ്രതിനിധികളുടെ മേല്‍ക്കൈ നഷ്ടപ്പെട്ട് ഉദ്യോഗസ്ഥര്‍ ഭരണനിര്‍വഹണം നടത്തുന്ന പ്രവണത, കമ്മീഷണര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കും സ്വന്തം നിലയില്‍ ലൈസന്‍സ് നല്‍കാന്‍ കഴിയുന്ന സാഹചര്യം നാടിനും ജനാധിപത്യത്തിനും ആപത്താണ്.

മദ്യനയവും ബാര്‍ലൈസന്‍സും ഏതൊരു സംസ്ഥാനത്തും സാമൂഹിക- സാമ്പത്തിക സുരക്ഷാ മേഖലകളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയമാണ്. സര്‍ക്കാറിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നയരൂപവത്കരണത്തിനും വിധേയമായി മാത്രം നടപ്പാക്കേണ്ട ഇത്തരം കാര്യങ്ങളില്‍, വകുപ്പ് മേധാവിയായ എക്‌സൈസ് കമ്മീഷണറെ പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് കീഴുദ്യോഗസ്ഥര്‍ ലൈസന്‍സുകള്‍ നല്‍കിയത്. മുന്‍ സര്‍ക്കാറിന്റെ കാലത്തെ ചട്ടങ്ങളിലെ പഴുതുകള്‍ ദുരുപയോഗം ചെയ്തു നടത്തിയ ഈ കള്ളക്കളി വന്‍ അഴിമതിയിലേക്കും അനധികൃത സാമ്പത്തിക ഇടപാടിലേക്കും വിരല്‍ ചൂണ്ടുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഈ അസ്വാഭാവിക നടപടിയെക്കുറിച്ചും അതിനു പിന്നിലെ സാമ്പത്തിക ഇടപാടിനെക്കുറിച്ചും വകുപ്പ് മന്ത്രിക്കു തന്നെ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നു പറയേണ്ടി വന്നത് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തന്നിഷ്ടം എത്രത്തോളം അതിരുകടന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ജനാധിപത്യ സംവിധാനത്തില്‍ നയരൂപവത്കരണം നടത്തേണ്ടതും ഭരണപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറാണ്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ട ഒരു ഭരണനിര്‍വഹണ ഉപാധി മാത്രമാണ് ഉദ്യോഗസ്ഥര്‍. എന്നാലിവിടെ തലതിരിഞ്ഞൊരു സ്ഥിതിയാണ് പലപ്പോഴും കാണാനാകുന്നത്. മന്ത്രിസഭയുടെയും സര്‍ക്കാറിന്റെയും തീരുമാനങ്ങളെ മറികടന്ന് സ്വയം സര്‍ക്കാറായി ചമയുകയാണ് ചില ഉദ്യോഗസ്ഥര്‍. ഇമ്മട്ടിലുള്ള ആദ്യത്തെ സംഭവമല്ല ഇത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റ പണികള്‍ക്കായി 1.24 കോടി രൂപ അനുവദിച്ചു പൊതുമരാമത്തിലെ ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയത് നാല് ദിവസം മുമ്പാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി വി ഡി സതീശന്‍ ഈ ഉത്തരവ് റദ്ദാക്കി. താനോ തന്റെ ഓഫീസോ അറിയാതെയാണ് ഈ നടപടിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് ബേക്കറികള്‍ വഴി വീര്യമുള്ള ഹോര്‍ട്ടിവൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയ നടപടിയും വിവാദമായതാണ്. തുടര്‍ന്ന് ചാലക്കുടിയിലെ ഒരു ബേക്കറിക്ക് നല്‍കിയ വില്‍പ്പനാനുമതി മുഖ്യമന്ത്രി ഇടപെട്ടു റദ്ദാക്കി. വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയോ അറിയാതെയുള്ള ഉദ്യാഗസ്ഥതല കളിയാണ് ഇതിനു പിന്നിലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

മുന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ചട്ടങ്ങളിലെ പഴുതുകളും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയതുമാണ് ഉദ്യോഗസ്ഥര്‍ ബാര്‍ ലൈസന്‍സ് നല്‍കാന്‍ ഇടയാക്കിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗം വരുത്തി വെച്ച നാണക്കേടില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് ഈ ആരോപണം. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടു മാസങ്ങളായി. പഴയ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സമയം നിലവിലെ സര്‍ക്കാറിനു ലഭിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളില്‍ പഴുതുകളുണ്ടെങ്കില്‍ ഇതിനകം അത് തിരുത്താമായിരുന്നു. ഇക്കാര്യത്തില്‍ അശ്രദ്ധ വരുത്തി കുറ്റം മറ്റുള്ളവരുടെ പേരില്‍ ചാര്‍ത്തുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ എക്‌സൈസ് വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനു പിന്നില്‍ അഴിമതിയുണ്ടോ എന്നറിയാന്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി അറിയിച്ചു. ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം പലപ്പോഴും ഉപരിപ്ലവമായി മാറുകയും കുറ്റാരോപിതര്‍ രക്ഷപ്പെടുകയുമാണ് പതിവുരീതി. ബാര്‍ ലൈസന്‍സ് കേസില്‍ ഇതാവര്‍ത്തിക്കരുത്. കോഴ ഇടപാട് ബോധ്യപ്പെട്ടാല്‍ അതിന്റെ മുഴുവന്‍ ശൃംഖലയും പുറത്തു കൊണ്ടുവരണം. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അവസരമൊരുക്കുന്ന എക്‌സൈസ് നിയമങ്ങളിലെ എല്ലാ പഴുതുകളും വിടവുകളും പൂര്‍ണമായും അടക്കുകയും വേണം. ബാര്‍ലൈസന്‍സ് നല്‍കലും പുതുക്കലും മന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും തത്സമയം നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധം സുതാര്യമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുകയും വേണം.

ഇതോടൊപ്പം മദ്യലഭ്യത നിയന്ത്രിക്കുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം നടപ്പാക്കുകയും മദ്യത്തിന്റെ സാമൂഹിക ആഘാത പഠനവും അഴിമതിക്കെതിരായ നിലപാടുകളും തീരുമാനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യണം. ബ്യൂറോക്രസിയുടെ അമിതാധികാര പ്രയോഗം കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.

Content Highlights:Excise officials issued beer parlor licenses in Ernakulam and Kottayam bypassing the state government policy. The controversial action has sparked allegations of major corruption and financial irregularities within the department. Two officials were suspended and an investigation by the Vigilance department was ordered.

 

---- facebook comment plugin here -----

Latest