Connect with us

Meelad

വാക്ക് പാലിക്കല്‍

മിഠായി വാങ്ങിവരാം എന്നോ മറ്റോ ചെറിയ കുട്ടികള്‍ക്ക് വാക്ക് കൊടുത്താല്‍ അതടക്കം പാലിക്കുന്നതില്‍ ശ്രദ്ധ കാണിക്കണമെന്നാണ് പ്രവാചകാധ്യാപനം. വാഗ്ദാന ലംഘനം കാപട്യത്തിന്റെ പ്രധാന അടയാളമായിട്ടാണ് പ്രവാചകര്‍(സ) പരിചയപ്പെടുത്തുന്നത്.

Published

|

Last Updated

വാക്കിന് വില വേണം. പറഞ്ഞാല്‍ പാലിക്കണം. പാലിക്കാന്‍ കഴിയാത്തത് പറയരുത്. നബി(സ) ഉത്‌ബോധിപ്പിച്ച ഒരു പ്രധാന ആശയമാണിത്. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും വായില്‍ കൊള്ളാത്ത വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് വാക്ക് ലംഘിക്കുന്നവരും, ഇടപാടുകളില്‍ പറഞ്ഞ വാക്കുകള്‍ നിര്‍ലജ്ജം വിസ്മരിക്കുകയും ചെയ്യുന്നവരും സ്വന്തം മക്കളോട് പോലും പലതും വാഗ്ദാനം ചെയ്ത് അത് പാലിക്കാത്തവരും ഏറിവരുന്ന ഇക്കാലത്ത് ഈ ആശയത്തിന് ഏറെ പ്രസക്തിയുണ്ട്.

അബ്ദുല്ലാഹിബ്‌നു അബില്‍ ഹസ്മാഅ്(റ) എന്നവര്‍ നബി(സ)യില്‍ നിന്ന് ഒരു സാധനം വിലക്കുവാങ്ങി. അതിന്റെ വിലയില്‍ നിന്ന് ഒരു ഭാഗം കൊടുത്തു. ബാക്കി ഉടനെ എത്തിക്കാം, താങ്കള്‍ ഇവിടെ തന്നെ നില്‍ക്കണം- അയാള്‍ നബി(സ)യോട് പറഞ്ഞു. അദ്ദേഹം തന്നെ പറയുകയാണ്, ഞാനത് മറന്നുപോയി. മൂന്ന് ദിവസം കഴിഞ്ഞാണ് ഓര്‍മ വന്നത്. ഉടനെ നബി(സ) നില്‍ക്കുന്ന സ്ഥലത്തേക്ക് കുതിച്ചു. അപ്പോള്‍ മുത്ത് നബി(സ) അവിടെ തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അയാളെ കണ്ട നബി(സ) പറഞ്ഞു: താങ്കള്‍ നമ്മെ വിഷമത്തിലാക്കിയല്ലോ. മൂന്ന് ദിവസമായി താങ്കളെ പ്രതീക്ഷിച്ചാണ് ഞാനിവിടെ നില്‍ക്കുന്നത് (അബൂദാവൂദ്). ഈ സംഭവം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അവിടെ നില്‍ക്കാമെന്ന വാക്ക് പാലിക്കാനായിരുന്നു നബി(സ) മൂന്ന് ദിവസവും അവിടെ തന്നെ നിന്നത്.

പറഞ്ഞ വാക്ക് പാലിക്കുകയെന്നത് പ്രവാചകന്മാരുടെ പാരമ്പര്യ സത്ഗുണങ്ങളില്‍ പെട്ടതാണ്. നബി(സ)യുടെ വലിയുപ്പ ഇസ്മാഈല്‍ (അ) ഒരിക്കല്‍ ഒരു കൂട്ടുകാരന് വാക്ക് കൊടുത്തു, ഞാനിവിടെ നില്‍ക്കാം. നീ ഉടനെ വരണം. അയാള്‍ അത് മറന്നുപോയി. ഇരുപത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പിന്നീട് വരുന്നത്. അപ്പോഴും ഇസ്മാഈല്‍ നബി(അ) അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു (ഇഹ് യാ).

ഒന്നോ രണ്ടോ തവണ പറഞ്ഞ വാക്ക് ലംഘിച്ചാല്‍ പിന്നെ അയാളുടെ വിശ്വാസ്യത തകരും. പിന്നീട് എന്ത് പറഞ്ഞാലും ആളുകള്‍ വിശ്വസിക്കില്ല. വിശ്വസിക്കാന്‍ കൊള്ളാത്തവന് കുടുംബത്തിലോ സമൂഹത്തിലോ വിലയുണ്ടാകില്ല. നിരന്തരം വാക്കുകള്‍ ലംഘിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, സത്യം ചെയ്ത കാര്യം പോലും പരസ്യമായി ലംഘിക്കുന്നതിന് യാതൊരു മടിയുമില്ലാത്തവര്‍ ഇന്ന് വര്‍ധിച്ചുവരികയാണ്. മിഠായി വാങ്ങിവരാം എന്നോ മറ്റോ ചെറിയ കുട്ടികള്‍ക്ക് വാക്ക് കൊടുത്താല്‍ അതടക്കം പാലിക്കുന്നതില്‍ ശ്രദ്ധ കാണിക്കണമെന്നാണ് പ്രവാചകാധ്യാപനം. വാഗ്ദാന ലംഘനം കാപട്യത്തിന്റെ പ്രധാന അടയാളമായിട്ടാണ് പ്രവാചകര്‍(സ) പരിചയപ്പെടുത്തുന്നത്.

Latest