Kerala
കാനം രാജേന്ദ്രന്‍ വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറി
ഇത് മൂന്നാം തവണയാണ് കാനം സെക്രട്ടറിയാകുന്നത്.

തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രന്‍. ഇത് മൂന്നാം തവണയാണ് കാനം സെക്രട്ടറിയാകുന്നത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സമവായത്തിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്നും പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
മുമ്പെങ്ങുമില്ലാത്ത വിധം വിഭാഗീയത പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിയില്‍ മുറുകിയിരുന്നു. 75 എന്ന പ്രായപരിധി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ ഇ ഇസ്മായിലും സി ദിവാകരനും പരസ്യമായി രംഗത്തെത്തിയിരുന്നു. നെയ്യാറ്റിന്‍കരയിലെ പാര്‍ട്ടി കൊടിമര ജാഥാ ചടങ്ങ് ഇരു നേതാക്കളും ബഹിഷ്‌കരിച്ചത് പ്രശ്‌നം കൂടുതല്‍ രൂക്ഷമായ തലത്തിലേക്കെത്തിച്ചു.
കാനം വിരുദ്ധ വിഭാഗത്തിന്റെ എതിര്‍പ്പ് പ്രതിനിധി സമ്മേളനത്തില്‍ പ്രതിഫലിക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനെയെല്ലാം മറികടന്ന് വീണ്ടും പദവിയിലെത്താന്‍ കാനത്തിന് കഴിഞ്ഞു. പ്രായപരിധി ചോദ്യം ചെയ്ത സി ദിവാകരനെയും കെ ഇ ഇസ്മായിലിനെയും പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.