Connect with us

Kerala

കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനുള്ള നീക്കത്തില്‍ നിന്ന് കെ സുധാകരന്‍ പിന്‍മാറുന്നു

പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്‍മാറുന്നു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടും. മത്സരിക്കാനില്ലെന്ന കാര്യം വി ഡി സതീശനെയാണ് കെ സുധാകരന്‍ ആദ്യം അറിയിച്ചത്. തുടര്‍ന്ന് എം എം ഹസന്‍, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

വിസമ്മതം നേതൃത്വത്തെ അറിയിച്ചതോടൊപ്പം തനിക്കു പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെ. ജയന്തിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി അബ്ദുല്‍ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ കണ്ണൂരില്‍ മല്‍സരിക്കുമെന്നുമായിരുന്നു കെ സുധാകരന്റെ നേരത്തെയുള്ള പ്രതികരണം.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ ഭാഗമായി ഇന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവര്‍ പങ്കെടുക്കുന്ന യോഗം ഇന്ന് കെ പി സി സി ആസ്ഥാനത്താണ് ചേരുക.

പ്രതിപക്ഷ നേതാവിനെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശനം നടത്തിയതടക്കം പ്രതിച്ഛായയെ ബാധിച്ച സംഭവങ്ങളും പാര്‍ട്ടിയെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കുമെന്നു പ്രഖ്യാപിച്ച് കെ പി സി സി പ്രസിഡന്റായെങ്കിലും സംഘടനാപരമായി വിജയിക്കാന്‍ കഴിയാത്തതും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കെ സുധാകരനെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചത് എന്നാണു കരുതുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എം വി ജയരാജന്‍ രംഗത്തിറങ്ങിയതും വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

 

Latest