Connect with us

packet foods

കുതിച്ചുചാടി പാക്കറ്റ് ഭക്ഷണങ്ങൾ

നഗരങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന പാക്കറ്റ് ഭക്ഷണ സംസ്‌കാരം കൊവിഡിനെ തുടർന്ന് ഗ്രാമീണ മേഖലകളിലും പടർന്ന് പന്തലിച്ചിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു

Published

|

Last Updated

പാലക്കാട് | കൊവിഡ് തരംഗത്തിനിടെ പാക്കറ്റ് ഭക്ഷണങ്ങളുടെ വിൽപ്പന കുതിച്ചുചാട്ടത്തിലേക്ക്. മുൻ കാലങ്ങളിൽ മെട്രോ നഗരങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന പാക്കറ്റ് ഭക്ഷണ സംസ്‌കാരം കൊവിഡിനെ തുടർന്ന് ഗ്രാമീണ മേഖലകളിലും പടർന്ന് പന്തലിച്ചിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് കാലത്ത് വീട്ടമ്മമാരുടെ ജീവിതരീതികൾ മാറിമറിഞ്ഞതോടെയാണ് ഇത്തരം ഭക്ഷണപദാർഥങ്ങളുടെ ഉപയോഗത്തിൽ വർധനവുണ്ടായതെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

പാക്കറ്റ് ഭക്ഷണത്തിലെ വർധനവ് കണക്കിലെടുത്ത് നിലവിൽ വൻതോതിൽ ഭക്ഷണ നിർമാണങ്ങൾ നടക്കുന്നതായി മൊത്ത വ്യാപാരികൾ പറയുന്നു. തത്സമയ ഭക്ഷണം, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് എന്നീ വിഭാഗങ്ങളിലായാണ് ഭക്ഷണസാധനങ്ങൾ വിപണിയിലിറക്കുന്നത്. ഇഡ്ഡലി, ദോശ മാവ്, പുട്ട് പൊടി തുടങ്ങിയവ റെഡി ടു കുക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇവ ഓൺലൈനിലും ലഭ്യമാകും.

വൻകിട കമ്പനികൾ മാത്രമല്ല കുടുംബശ്രീ പോലുള്ളവയുംഗ്രാമീണതലത്തിൽ ഇത്തരം ഭക്ഷണ പദാർഥ യൂനിറ്റുമായി രംഗത്ത് വന്നിട്ടുണ്ട്. വർധിച്ചുവരുന്ന കൊവിഡ് കേസുകൾക്കിടയിൽ ഉപഭോക്താക്കൾ ഹോട്ടൽ ഭക്ഷണത്തിന് പകരം വീട്ടിലുണ്ടാക്കുന്നതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ ഇഡ്ഡലി, ദോശ മാവ് പോലുള്ള ഉത്പന്നങ്ങളുടെ വിൽപ്പനയിൽ 25 മുതൽ 30 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

മൂന്നാം തരംഗത്തിൽ അത് 50 ശതമാനത്തിലെത്തുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. ഇതിന് പുറമെ ചപ്പാത്തി, പൊറോട്ട എന്നിവ റെഡി ടു കുക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ വീട്ടിൽ കൊണ്ടു വന്ന് ചൂടാക്കിയാൽ മാത്രം മതി.

ഹോട്ടലുകളിൽ ഭൂരിഭാഗവും ഇത്തരത്തിൽ ചപ്പാത്തി, പൊറോട്ട തുടങ്ങിയവ വാങ്ങി ചൂടാക്കിയാണ് തീൻമേശയിലേക്ക് എത്തുന്നതത്രെ. ഹോട്ടലുകൾക്ക് പുറമെ വീടുകളിലും ഇത്തരം ഭക്ഷണപദാർഥം വാങ്ങുന്നവർ ഏറെയാണ്. ഇതിന് പുറമെ തത്സസമയ ഭക്ഷണവിഭാഗത്തിൽപ്പെടുന്ന കാപ്പിബിസ്‌ക്കറ്റ്, മിഠായി, പലഹാരം എന്നിവയും വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്്. പാക്കറ്റ് ഭക്ഷണങ്ങൾക്ക് നിശ്ചിത കാലാവധിയും രേഖപ്പെടുത്തിയിട്ടുണ്ട്. റെഡി ടു കുക്ക് ഭക്ഷണം പദാർഥങ്ങൾ ഒരു മാസത്തിലേറെയും തത്സമയ ഭക്ഷണങ്ങൾ മാസങ്ങളും കേടുവരാതെ സൂക്ഷിക്കാമെന്നാണ് കമ്പനികളുടെ വാഗ്‌ദാനം.

Latest