Connect with us

siraj editorial

ജെല്ലിക്കെട്ട് കര്‍ശനമായി നിരോധിക്കണം

Published

|

Last Updated

ജെല്ലിക്കെട്ട് വീണ്ടും മനുഷ്യജീവന്‍ അപഹരിച്ചു. വെള്ളിയാഴ്ച മധുര അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിനിടെയാണ് നെഞ്ചില്‍ കാളയുടെ കുത്തേറ്റ് ബാലമുരുകന്‍ എന്ന പതിനെട്ടുകാരന്‍ മരിച്ചത്. തിരക്കിനിടയില്‍ മത്സരവേദിയിലേക്കു വീണ ബാലമുരുകനെ പാഞ്ഞുവന്ന കാള കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മധുര രാജാജി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാളകളുടെ കുത്തും ചവിട്ടുമേറ്റ് എണ്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. രണ്ടാഴ്ച മുമ്പ് ഈ ജെല്ലിക്കെട്ടിനുള്ള പരിശീലനത്തിനിടെ കാളകള്‍ വിരണ്ടോടി അമ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ചായിരുന്നു പരിശീലനവും ജെല്ലിക്കെട്ടും.

ശൈത്യകാല വിളവെടുപ്പിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ മധുരക്കു സമീപമുള്ള അലങ്കാനെല്ലൂര്‍, പാലമേട്, അവനിയാപുരം എന്നീ പ്രദേശങ്ങളില്‍ നടന്നു വരുന്ന ക്രൂര വിനോദമാണ് ജെല്ലിക്കെട്ട്. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമടക്കം ഇതിന്റെ കാഴ്ചക്കാരായി എത്താറുണ്ട് ഗ്യാലറിയില്‍. തമിഴ്‌നാട് ജനതയുടെ സംസ്‌കാരത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും ഭാഗമെന്നു പറയപ്പെടുന്ന ജെല്ലിക്കെട്ടിന് 400 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. പണക്കിഴി എന്നാണ് ജെല്ലിക്കെട്ടിന്റെ അര്‍ഥം. മത്സരത്തിനിറക്കുന്ന കൂറ്റന്‍ കാളയുടെ കൊമ്പില്‍ കെട്ടിവെക്കുന്ന പണക്കിഴി കൈവശമാക്കുന്നവര്‍ക്ക് സ്വര്‍ണവും വെള്ളിയുമൊക്കെ സമ്മാനമായി ലഭിക്കാറുണ്ട് പഴയ കാലങ്ങളില്‍. അങ്ങനെയാണ് ഈ പേര് വന്നത്. വീട്ടാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, കാര്‍ തുടങ്ങിയവയാണ് ഇപ്പോഴത്തെ സമ്മാനങ്ങള്‍. അതില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് ധീരപരിവേഷവും ചാര്‍ത്തിക്കിട്ടും. ഇത്തവണത്തെ വിജയിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഒരു കാറാണ് സമ്മാനം പ്രഖ്യാപിച്ചത്.

പരിശീലനം ലഭിച്ച പോരാളികള്‍ കാളയുമായി വെറും കൈയോടെ മല്‍പ്പിടിത്തം നടത്തി കാളയെ കീഴ്‌പ്പെടുത്തുന്നതാണ് ഈ വിനോദം. ധാന്യങ്ങളും പോഷകാഹാരങ്ങളും മരുന്നുകളും നല്‍കി കരുത്തരാക്കിയ കാളകളെയാണ് മത്സരത്തിനിറക്കുക. ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന കാളകളെ തോട്ടങ്ങളില്‍ മണ്ണ് നിറച്ച ചാക്കുകളില്‍ കുത്തിപ്പരിശീലിപ്പിക്കുന്നു. മത്സരത്തില്‍ വീണുപോകുന്ന മല്ലന്മാരെ കുത്തിമലര്‍ത്താനാണ് ഈ പരിശീലനം. ഇവയെ കീഴ്‌പ്പെടുത്തുക അതിസാഹസികമാണ്. കാളകളുടെ വാൽ മടക്കി ഒടിക്കുക, കണ്ണുകളില്‍ രാസവസ്തുക്കള്‍ ഒഴിക്കുക, ചെവികള്‍ വെട്ടുക, കത്തികൊണ്ട് പരുക്കേല്‍പ്പിക്കുക, മൂക്കുകയറില്‍ ആഞ്ഞുവലിച്ച് വേദനിപ്പിക്കുക, കുളമ്പുകളില്‍ ആണിയും മരക്കട്ടകളും അടിച്ചു കയറ്റുക തുടങ്ങിയ കൃത്യങ്ങളിലൂടെ കാളയെ പ്രകോപിപ്പിച്ചാണ് കളത്തിലേക്ക് ഇറക്കുന്നത്. മത്സരത്തിനു വീര്യവും ഓട്ടത്തിനു വേഗവും കൂട്ടാനാണത്രെ ഇതെല്ലാം. കാളകളോട് കാണിക്കുന്ന ഇത്തരം ക്രൂരതയുടെ ചില വീഡിയോ ദൃശ്യങ്ങള്‍ ഇതിനിടെ മൃഗസംരക്ഷണ സംഘടനയായ “പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്’ (പെറ്റ) പുറത്തുവിട്ടിരുന്നു. പലപ്പോഴായി തമിഴ്‌നാട്ടില്‍ അരങ്ങേറിയ ജെല്ലിക്കെട്ട് മത്സരങ്ങളില്‍ നിന്ന് പകര്‍ത്തിയതാണ് ഈ രംഗങ്ങള്‍.

“പെറ്റ’യുള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ ജെല്ലിക്കെട്ട് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തു വരികയും 2014ല്‍ സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതാണ്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ 2014ലായിരുന്നു നിരോധനം. സംസ്‌കാരശൂന്യമെന്നാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ ജെല്ലിക്കെട്ടിനെ അന്ന് വിശേഷിപ്പിച്ചത്. സ്പെയിന്‍ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഇത്തരം മത്സരങ്ങള്‍ പണ്ടേ തന്നെ ഉപേക്ഷിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2011 ജൂലൈ 11ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തില്‍ കാഴ്ചവസ്തുക്കളോ മത്സരവസ്തുക്കളോ ആയി കാളകളെ ഉപയോഗിക്കുന്നത് വിലക്കിയിട്ടുമുണ്ട്. നിരോധനത്തെ തുടര്‍ന്ന് 2015, 2016 വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടന്നില്ലെങ്കിലും കോടതി ഉത്തരവിനെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2017 ജനുവരിയില്‍ ഭരണകൂടത്തിന്റെ അനുമതിയോടെ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചെറുക്കാനുള്ള കേന്ദ്ര നിയമത്തില്‍ (1968) വിനോദത്തിനു വേണ്ടി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് കാളയെ ഒഴിവാക്കുകയായിരുന്നു സര്‍ക്കാര്‍. ഈ നിയമം റദ്ദാക്കാനാവശ്യപ്പെട്ട് “പെറ്റ’ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി വിസമ്മതിച്ചു. ജെല്ലിക്കെട്ട് മുറപോലെ നടന്നില്ലെങ്കില്‍ ദൈവങ്ങളുടെ അപ്രീതിക്കു കാരണമാകുമെന്നൊരു വിശ്വാസം ചില തമിഴര്‍ക്കിടയിലുണ്ട്.

കാളകളെ ഉപയോഗിച്ചുള്ള മത്സരം കര്‍ണാടകയിലും അസമിലുമുള്‍പ്പെടെ രാജ്യത്തെ മറ്റു ചില ഭാഗങ്ങളിലും നടന്നുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍ കാളയും മനുഷ്യരും തമ്മിലാണ് പോരാട്ടമെങ്കില്‍ കര്‍ണാടക ഹാവേരി ജില്ലയിലും അസമിലെ നാഗോണ്‍ ജില്ലയിലെ മോറിഗോണിലും നടക്കുന്നത് കാളകള്‍ തമ്മിലുള്ള പോരാട്ടമാണ്. കാളകള്‍ പരസ്പരം കൊമ്പുകോര്‍ത്ത് എതിരാളിയെ പരുക്കേല്‍പ്പിച്ചോ തള്ളി നീക്കിയോ പുറത്താക്കുന്നതാണ് ഈ മത്സരത്തിലെ രീതി. പരിശീലനം നേടിയ മൃഗങ്ങളെയാണ് മത്സരത്തിനിറക്കുന്നത്. നല്ല പണച്ചെലവുള്ളതാണ് ജെല്ലിക്കെട്ടും അതിനുവേണ്ടി കാളകളെ വാങ്ങി പരിശീലിപ്പിക്കലുമെല്ലാം. പുലികുലം എന്ന പ്രത്യേക വര്‍ഗത്തില്‍പ്പെട്ട കാളകളെയാണ് ഇതിനു തിരഞ്ഞെടുക്കുന്നത്. ഇടത്തരക്കാരായ സമ്പന്നരാണ് മത്സരത്തിനു വേണ്ടി കാളക്കൂറ്റന്മാരെ സജ്ജമാക്കുന്നത്. മത്സരത്തിനിടെ കാളയുടെ കുത്തും ചവിട്ടുമേറ്റ് മരിക്കുന്നത് സാധാരണക്കാരായ യുവാക്കളും. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ ഇരുനൂറിലേറെ പേര്‍ ജെല്ലിക്കെട്ടിനിടെ മരിക്കുകയും നൂറുകണക്കിനു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഫ്യൂഡലിസ്റ്റ് സംസ്‌കാരത്തിന്റെ ഭാഗമാണ് പോരാളികളായി ഇറങ്ങുന്ന മനുഷ്യരും മൃഗങ്ങളും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഈ വിനോദം. സുപ്രീം കോടതി അഭിപ്രായപ്പെട്ടതു പോലെ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല ജെല്ലിക്കെട്ട് മത്സരം. ജെല്ലിക്കെട്ടിനും കാളമത്സരങ്ങള്‍ക്കുമെതിരായ നിയമ നിര്‍മാണത്തിന് കേന്ദ്രം ഇനിയും കാലതാമസം വരുത്തരുത്.

Latest