സാഹിത്യം
അരങ്ങിന്റെ ഇഷ്ടതോഴൻ
ചെറുപ്പം മുതൽ തന്നെ നാടകങ്ങളെ ഏറെ ഇഷ്ടപ്പെട്ട ഴാങ് കോക് ത്യൂ അക്കാലത്ത് അരങ്ങേറിയിരുന്ന നാടകങ്ങളെല്ലാം ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഇരുപതാം നൂറ്റാണ്ടിൽ ഫ്രാൻസിന്റെ കലാരംഗത്ത് കത്തിജ്വലിച്ചുനിന്ന പ്രതിഭയാണ് ഴാങ് കോക് ത്യൂ (Jean Cocteau). കവി, നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ ചിത്രകാരൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിൽ സവിശേഷമായ പ്രതിഭ തെളിയിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. നാടകകൃത്തെന്ന നിലയിൽ ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാടകവേദിയിൽ വിപ്ലവകരമായ പരിഷ്കാരങ്ങളാണ് കോക് ത്യൂ സൃഷ്ടിച്ചത്. സർറിയലിസവും ക്ലാസിക്കൽ മിത്തോളജിയും വിദഗ്ധമായി സംയോജിപ്പിച്ചുകൊണ്ട് അരങ്ങിനെ അപാരമായ ദൃശ്യവിസ്മയങ്ങൾ കൊണ്ട് അദ്ദേഹം വർണോജ്ജ്വലമാക്കി. മിത്തുകളെ പുതിയ കാലത്തിനു യോജിച്ചവിധം വ്യാഖ്യാനിച്ചും കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തും ദുരന്തത്തെ പുതിയൊരു പരിപ്രേക്ഷ്യത്തിൽ അവതരിപ്പിച്ചും ഫ്രഞ്ച് വേദികളെ അദ്ദേഹം ഉഴുതുമറിച്ചു.
1889 ജൂലൈ അഞ്ചിന് പാരീസിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ് ഴാങ് കോക് ത്യൂ ജനിച്ചത്. അദ്ദേഹത്തിന്റെ നന്നേ ചെറുപ്പത്തിൽതന്നെ പിതാവ് മരണപ്പെട്ടു. തുടർന്നുള്ള ജീവിതം അമ്മക്കൊപ്പമായിരുന്നു. കോക് ത്യൂവിന്റെ പിൽക്കാല രചനകളിൽ മിക്കവയിലും അമ്മയെ അദ്ദേഹം പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അവതരിപ്പിക്കുന്നുണ്ട്. അമ്മയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തെക്കുറിച്ച് കോക് ത്യൂവിന്റെ ജീവചരിത്രകാരന്മാരും നിരൂപകരും പല സന്ദർഭങ്ങളിലും പരാമർശിച്ചിട്ടുണ്ട്. നീൽ ഓക്സെൻ ഹാൻദ്്ലർ തന്റെ “Scandal and Parade: The Theatre of Jean Cocteau’ എന്ന പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു.
“ഴാങ് കോക് ത്യൂവിന്റെ അരങ്ങ് നാടകത്തോടു മാത്രമല്ല തന്റെ അമ്മയോടുമുള്ള അദ്ദേഹത്തിന്റെ അഗാധമായ അടുപ്പത്തിന്റ ശക്തമായ ദൃഷ്ടാന്തമായി കാണാവുന്നതാണ്.’
ചെറുപ്പം മുതൽ തന്നെ നാടകങ്ങളെ ഏറെ ഇഷ്ടപ്പെട്ട ഴാങ് കോക് ത്യൂ അക്കാലത്ത് അരങ്ങേറിയിരുന്ന നാടകങ്ങളെല്ലാം ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. അവയുടെ ഓരോ വിശദാംശവും അദ്ദേഹം വിലയിരുത്തുകയും വിശകലനം ചെയ്യുകയും പതിവായിരുന്നു. 1908ൽ പാരീസിലെ നാടകലോകവുമായി ബന്ധപ്പെട്ട കോക് ത്യൂ നാടകരംഗത്തെ അക്കാലത്തെ ഉജ്ജ്വല പ്രതിഭയായ എദ്വാർദ് ദ് മാക്സുമായി സൗഹൃദം സ്ഥാപിച്ചു. ഈ ബന്ധം നാടകങ്ങളെ അടുത്തറിയാൻ മാത്രമല്ല എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുവാനും കോക് ത്യൂവിന് സഹായകമായി. 1914 ൽ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം Le Potomak പ്രസിദ്ധീകരിച്ചു. ഇതിനിടെ സെർഗെയ് ദൈഹില്യേവ് എന്ന റഷ്യക്കാരനായ ബാലെ നർത്തകനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ പ്രേരണമൂലം റഷ്യൻ ബാലെയിൽ ആകൃഷ്ടനാവുകയും ചെയ്തു. തുടർന്ന് വ്യത്യസ്ത ഇനങ്ങളിലായി നിരവധി രചനകൾ അദ്ദേഹത്തിന്റെ തൂലികയിൽനിന്നും പിറന്നുവീണു. ഏറെ വിഖ്യാതമായ രചനകളിൽ Orpheus, Intimate Relations, The Infernal Machine, The Human Voice, Children of the Game or The Holy Terrors, The Blood of a Poet, Beauty and the Beast, Letter to the Americans, Tempest of Stars എന്നിവ ഉൾപ്പെടുന്നു.
1917 ൽ വിഖ്യാത ചിത്രകാരൻ പിക്കാസോയുമായുള്ള സൗഹൃദം കോക് ത്യൂവിന്റെ കലാജീവിതത്തിൽ വഴിത്തിരിവായി. അദ്ദേഹത്തിന്റെ പിൽക്കാല നാടകങ്ങൾക്ക് അനുയോജ്യവും ആകർഷകവുമായ സെറ്റൊരുക്കുന്നതിൽ പിക്കാസോയുടെ നിർലോഭമായ സഹകരണം കോക് ത്യൂവിന് ലഭിക്കുകയുണ്ടായി.
1962 മാർച്ച് 27ന് ആദ്യത്തെ നാടകദിനം ആചരിക്കപ്പെട്ടപ്പോൾ ആ ചടങ്ങിൽ ഉദ്ഘാടനസന്ദേശം നൽകിയത് കോക് ത്യൂ ആയിരുന്നു. ലോകത്ത് സമാധാനം സൃഷ്ടിക്കാനും ഭാഷകൾ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കാനും നാടകത്തിനു സാധ്യമാകട്ടെ എന്ന സന്ദേശം നൽകിക്കൊണ്ട് തന്റെയുള്ളിലെ ശക്തനായ മാനവികതാവാദിയെയും അദ്ദേഹം ലോകത്തിനുമുന്നിൽ പ്രകാശിപ്പിക്കുകയുണ്ടായി.
വർത്തമാനകാലം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും ലോകശ്രദ്ധ ആകർഷിക്കുന്നതിനായി എഴുത്തിനേയും അരങ്ങിനേയും ഒരുപോലെ ഉപയോഗപ്പെടുത്തിയ ഴാങ് കോക് ത്യൂവിന്റെ ചിന്തകൾ ഏതുകാലത്തും പ്രസക്തമാണെന്ന് കാണാം. ചരിത്രത്തേയും മിത്തിനേയും പരാമർശിച്ചുകൊണ്ട് ഒരിക്കൽ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. “ചരിത്രം ഉൾക്കൊള്ളുന്നത് നുണകളായി പരിണമിക്കുന്ന സത്യത്തെയാണ്. മിത്തുകളോ, സത്യമായി പരിണമിക്കുന്ന നുണകളേയും…’ അതുല്യനായ ഈ കലാകാരൻ 1963 ഒക്ടോബർ പതിനൊന്നിന് അന്തരിച്ചു.
Content Highlights:
Jean Cocteau was a multifaceted twentieth century French genius who excelled as a poet, playwright, filmmaker, and artist. He revolutionized the French stage by masterfully blending surrealism with classical mythology to create profound visual spectacles. Cocteau delivered the inaugural World Theatre Day message in 1962 and left an enduring global artistic legacy.





