Connect with us

Ongoing News

ജപ്പാന്‍ തരിപ്പണം; ഹോക്കിയില്‍ സ്വര്‍ണം കൊയ്ത് ഇന്ത്യ

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജപ്പാനെ തരിപ്പണമാക്കിയാണ് കനക നേട്ടം സ്വന്തമാക്കിയത്.

Published

|

Last Updated

ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസ് ഹോക്കി കലാശത്തില്‍ ഇന്ത്യന്‍ പോരാളികളുടെ പന്തടക്കത്തിനും പാസിങ് വൈഭവത്തിനും ആക്രമണോത്സുക ഗെയിമിനും നിലവിലെ ചാമ്പ്യന്മാര്‍ക്ക് മറുപടി നല്‍കാനായത് ഒരേയൊരു തവണ മാത്രം. തങ്ങളുടെ വലയില്‍ നാലു തവണ പന്തെത്തുന്നതിന് സാക്ഷികളാകേണ്ടി വന്നതിനു ശേഷമാണ് ജപ്പാന് ആശ്വാസ ഗോള്‍ നേടാനായത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജപ്പാനെ തരിപ്പണമാക്കി ഇന്ത്യ സ്വര്‍ണ മെഡലില്‍ മുത്തമിട്ടു.

നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് ഹര്‍മന്‍ പ്രീത് സിങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വിജയസോപാനത്തിലേറിയത്. മലയാളി താരം പി ആര്‍ ശ്രീജേഷ് ഉള്‍പ്പെട്ട ടീമാണ് കനക നേട്ടം സ്വന്തമാക്കിയത്.

ജയത്തിന് മാറ്റുകൂട്ടി നായകന്‍ ഹര്‍മന്‍ പ്രീത് രണ്ട് ഗോള്‍ നേടി. മത്സരത്തിന്റെ 25ാം മിനുട്ടില്‍ മന്‍പ്രീത് സിങ് സമനില പൂട്ട് പൊളിച്ച് ആദ്യ വെടി പൊട്ടിച്ചു. ശക്തമായ റിവേഴ്‌സ് ഫ്‌ളിക്കിലൂടെയായിരുന്നു ഗോള്‍. രണ്ടാം ക്വാര്‍ട്ടറിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യ വീണ്ടും സ്‌കോര്‍ ചെയ്തു. ഇത്തവണ ഹര്‍മന്‍പ്രീതിന്റെ ഊഴമായിരുന്നു (2-0).

നാലു മിനുട്ടിനു ശേഷം അമിത് രോഹിദാസിലൂടെ ജപ്പാന്‍ വല വീണ്ടും കുലുക്കിയ ഇന്ത്യ മൂന്ന് ഗോളിന്റെ ആധികാരിക ലീഡ് നേടി. പെനാള്‍ട്ടി കോര്‍ണറില്‍ നിന്നാണ് അമിത് ഗോള്‍ കണ്ടെത്തിയത്. നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ അഭിഷേക് നാലാമത്തെ ഗോള്‍ നേടി. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് ഒരു മിനുട്ട് മുമ്പ് ഹര്‍മന്‍പ്രീത് തന്റെ രണ്ടാം ഗോളുമായി ടീമിന്റ് സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി.

Latest