National
പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍
സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ല. വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്.

ശ്രീനഗര്‍|പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ല. വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. ആക്രമണം നടന്ന സ്ഥലം ഒരു മൈതാനമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നില്‍ക്കാനുള്ള മുറിയോ സൗകര്യമോ അവിടെയില്ല.
സുരക്ഷാ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ പറഞ്ഞു. ഭീകരാക്രമണം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം ആദ്യമായാണ് ലഫ്. ഗവര്‍ണര്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിന്‍ഹയുടെ പ്രതികരണം.
അതേസമയം ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ 82 ദിവസം വേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.