jagdeep dhankar vice president
രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ അധികാരമേറ്റു
രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു; ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി | രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി രാജസ്ഥാന്‍ സ്വദേശി ജഗ്ദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ഉച്ചക്ക് 12.30ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചനം ചൊല്ലിക്കൊടുത്തത്. ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് വായിക്കുന്ന ചടങ്ങായിരുന്നു ആദ്യം. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞ.
രണ്ട് മിനുട്ട് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നീണ്ടുനിന്നത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യവാചകം ചൊല്ലിയ ശേഷം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ളവര്‍ ധന്‍കറിനെ അഭിനന്ദിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം ചെറിയ ചായസല്‍ക്കാരവും നടന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കും പുറമെ എം പിമാരും സ്ഥാനം ഒഴിഞ്ഞ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നാണ് ജഗ്ദീപ് ധന്‍കാര്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്തുന്നത്. ബംഗാള്‍ ഗവര്‍ണറായിരിക്കെ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരന്തരം ഏറ്റുമുട്ടിയ വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യസഭയുടെ അധ്യക്ഷന്‍കൂടി ഉപരാഷ്ട്രപതിയാണെന്നിരിക്കെ അദ്ദേഹം ഇവിടെ എന്ത് സമീപനം സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.