Connect with us

rahul office attack

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ഫോട്ടോ തകര്‍ത്തത് എസ് എഫ് ഐയല്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ആക്രമണത്തിന് ശേഷം പോലീസ് ഫോട്ടോഗ്രാഫര്‍ 3.59ന് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെ

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് വാദം പൊളിയുന്ന അന്വേഷണ റിപ്പോര്‍ട്ടുമായി എസ് പി. ഫോട്ടോ തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്ന് എസ് പി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോകളുടെ തെളിവും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേ സമയം ഓഫീസിലെ ആക്രമണം തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമരത്തിന് ശേഷം 25 എസ് എഫ് ആ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ അകത്തുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫര്‍ 3.59ന് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരല്‍ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫര്‍ തിരികെ എത്തുന്നത് 4.30നാണ്. ആ സമയം ഓഫീസിനുള്ളില്‍ കോണ്‍ഗ്രസ് , യു ഡി എഫ് പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പോലീസ് റിപ്പോര്‍ട്ട് പറയുന്നു.

എം പിയുടെ ഓഫീസ് ആക്രമണം നടന്ന ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഓഫീസിന് അകത്ത് എത്തുമ്പോഴാണ് ഗാന്ധി ചിത്രവും എസ് എഫ് ഐക്കാര്‍ തകര്‍ത്തെന്ന ആരോപണം ഉന്നയിക്കുന്നത്. നിലത്ത് കടന്ന ഗാന്ധി ചിത്രം ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണം. ഓഫീസ് ആക്രമണത്തിനൊപ്പം ഈ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബി ജെ പിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സി പി എം , എസ് എഫ് ഐക്കാരെക്കൊണ്ട് രാഹുല്‍ഗാന്ധി എം പിയുടെ ഓഫിസ് ആക്രമിക്കുകയാണെന്നും അതിന്റെ തെളിവാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്ന് എസ് എഫ് ഐക്കാര്‍ പറഞ്ഞിരുന്നു.

 

 

Latest