Kerala
ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റര്‍ പദ്ധതി ഉപേക്ഷിച്ച് ഐടി വകുപ്പ്
സ്ഥലം നികത്തിയാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നായിരുന്നു കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്.
ആറന്മുള| ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റര്‍ പദ്ധതി ഉപേക്ഷിച്ച് ഐടി വകുപ്പ്. പദ്ധതി സര്‍ക്കാരുമായി യോജിച്ച് നടത്താനായിരുന്നു TOFL കമ്പനിയുടെ നീക്കം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് പദ്ധതി കൊണ്ടുവരാനായിരുന്നു ശ്രമം. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐടി വകുപ്പിന്റെ തീരുമാനം. പദ്ധതിക്കായി കണ്ടെത്തിയ 139 ഹെക്ടറില്‍ 122.87 ഹെക്ടര്‍ ഭൂമിയും നിലമാണെന്നായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്. സ്ഥലം നികത്തിയാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നായിരുന്നു കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്.വിവരാവകാശ നിയമപ്രകാരം കഴിഞ്ഞമാസം നല്‍കിയ ചോദ്യത്തിനാണ് പദ്ധതി ഉപേക്ഷിച്ചുവെന്ന മറുപടി ലഭിച്ചത്.
പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ റവന്യു വകുപ്പിന്റെ ഭൂപരിഷ്‌കരണ നിയമത്തില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് റവന്യു വകുപ്പിനോട് അഭിപ്രായം തേടി. പിന്നാലെ റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തിന്റെ 90 ശതമാനവും നിലമാണെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് വന്നതോടെ പദ്ധതിക്കായുള്ള നടപടികളൊന്നും മുന്നോട്ട് പോയില്ല.
ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഈ ഭൂമിയില്‍ കെജിഎഫ് ഗ്രൂപ്പ് ആണ് വിമാനത്താവള നിര്‍മാണവുമായി മുന്നോട്ട് വന്നത്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന സമയത്ത് ഈ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് ഈ ഭൂമിയില്‍ ഇലക്ട്രോണിക്ക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ വേണമെന്ന ആവശ്യവുമായി ഇതേ ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.



