Connect with us

From the print

പശ്ചിമേഷ്യൻ സംഘർഷം: ആഗോള എണ്ണവിപണിയിൽ വൻ ഇടിവ് പ്രവചിച്ച് ഐ ഇ എ

എണ്ണ ആവശ്യകതയിൽ പ്രതിദിനം 80,000 ബാരലിന്റെ ഇടിവുണ്ടാകും

Published

|

Last Updated

പാരിസ് | ഇറാനും അമേരിക്ക- ഇസ്റാഈൽ സഖ്യവും തമ്മിലുള്ള യുദ്ധം ആഗോള എണ്ണലഭ്യതയെയും ആവശ്യകതയെയും സാരമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ (ഐ ഇ എ) മുന്നറിയിപ്പ്. ഇന്നലെ പുറത്തിറക്കിയ റിപോർട്ടിലാണ് എണ്ണ വിപണിയിലെ കടുത്ത പ്രതിസന്ധിയെക്കുറിച്ച് ഐ ഇ എ ആശങ്ക പ്രകടിപ്പിച്ചത്.
ഈ വർഷം ആഗോള എണ്ണ ആവശ്യകതയിൽ പ്രതിദിനം 80,000 ബാരലിന്റെ ഇടിവുണ്ടാകും. കഴിഞ്ഞ മാസത്തെ റിപോർട്ടിൽ പ്രതിദിനം 6.4 ലക്ഷം ബാരലിന്റെ വർധന രേഖപ്പെടുത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ യുദ്ധം എണ്ണ നീക്കത്തെ തടസ്സപ്പെടുത്തുകയും ആഗോള സമ്പദ്്വ്യവസ്ഥയെ ബാധിക്കുകയും ചെയ്തതോടെയാണ് ഈ കടുത്ത തിരുത്തൽ നടത്തിയത്. രണ്ടാം പാദത്തിൽ ആവശ്യകതയിൽ 1.5 ദശലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതും ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും എണ്ണ വിതരണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തടസ്സത്തിന് കാരണമായി. മാർച്ചിൽ മാത്രം പ്രതിദിനം 1.01 കോടി ബാരൽ എണ്ണയുടെ കുറവാണ് രേഖപ്പെടു
ത്തിയത്.

ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ സാഹചര്യം കൂടുതൽ സങ്കീർണമായി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കലാണ് ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോംവഴിയെന്ന് ഐ ഇ എ മേധാവി ഫാത്തി ബിറോൾ പറഞ്ഞു.
അതേസമയം, എണ്ണവില കുതിച്ചുയരുന്നത് റഷ്യക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നതായി റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. യുക്രൈൻ യുദ്ധത്തിന് ശേഷം റഷ്യയുടെ വരുമാനത്തിലുണ്ടായ ഇടിവ് മറികടക്കാൻ വിലക്കയറ്റം സഹായിച്ചു. മാർച്ചിൽ റഷ്യയുടെ എണ്ണ കയറ്റുമതിയിൽ പ്രതിദിനം 2.7 ലക്ഷം ബാരലിന്റെ വർധനയുണ്ടായി. എണ്ണ ലഭ്യതയിൽ കുറവുണ്ടാകുന്നത് നാഫ്ത, എൽ പി ജി, വിമാന ഇന്ധനം എന്നിവയുടെ ഉപഭോഗത്തെയും ബാധിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ സാമ്പത്തിക ആഘാതങ്ങൾ നേരിടാൻ ലോകം തയ്യാറെടുക്കണമെന്നും ഐ ഇ എ മുന്നറിയിപ്പ് നൽകി.

Latest