From the print
സി ഡിറ്റും കെ ഫോണും ഒന്നിക്കുന്നു; മാലിന്യം തള്ളുന്നവരെ പിടികൂടാൻ "ഡിജിറ്റൽ' നിരീക്ഷണം
പദ്ധതി പരീക്ഷണം മൂന്ന് പഞ്ചായത്തുകളിൽ നടപ്പാക്കി
തിരുവനന്തപുരം | റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഹൈടെക് സംവിധാനവുമായി സംസ്ഥാന സർക്കാർ. സി ഡിറ്റും കെ ഫോണും കൈകോർക്കുന്ന പുതിയ പദ്ധതിയിലൂടെയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് തലവേദനയായിരുന്ന മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക. സ്ഥിരമായി മാലിന്യം തള്ളപ്പെടുന്ന ഹോട്സ്‌പോട്ടുകൾ കണ്ടെത്തി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്കാണ് ഇരുസ്ഥാപനങ്ങളും തുടക്കം കുറിച്ചിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ തലവേദനയാകുന്ന മാലിന്യപ്രശ്‌നത്തിന് സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. സി ഡിറ്റ് സ്ഥാപിക്കുന്ന അത്യാധുനിക ക്യാമറകൾക്ക് ആവശ്യമായ അതിവേഗ ഇന്റർനെറ്റ് സേവനം കെ ഫോൺ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ഇടപെടലിലൂടെ മാലിന്യനിക്ഷേപം പൂർണമായി നിയന്ത്രിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പോലീസിന്റെ കർശനമായ ഇടപെടലുണ്ടാകണമെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ സംവിധാനങ്ങൾ സംയുക്തമായി ഈ പദ്ധതിയുമായി രംഗത്തെത്തിയത്.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ വടക്കാഞ്ചേരി, പന്നിയന്നൂർ, പട്ടണക്കാട് പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഇവിടെനിന്ന് ലഭിക്കുന്ന ഫലങ്ങൾ വിലയിരുത്തിയശേഷം മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സി ഡിറ്റും കെ ഫോണും ഒന്നിക്കുന്നതോടെ കുറ്റക്കാരെ തത്സമയം കണ്ടെത്താനും നിയമനടപടികൾ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.



