Connect with us

From the print

പശ്ചിമ ബംഗാൾ: ഖരഗ്പൂര്‍ സദര്‍ ആരുടെയും കുത്തകയല്ല; മാറ്റുരക്കുന്നത് വ്യക്തിത്വം

സദര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സവിശേഷതയേറെയാണ്. ഇവിടെ ആര് ജയിച്ചുവരുന്നുവെന്നത് സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി കണക്കാക്കാറുണ്ട്

Published

|

Last Updated

ഖരഗ്പൂര്‍ | സദര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സവിശേഷതയേറെയാണ്. ഇവിടെ ആര് ജയിച്ചുവരുന്നുവെന്നത് സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി കണക്കാക്കാറുണ്ട്. വ്യാവസായിക സ്വഭാവം, റെയില്‍വേ ടൗണ്‍ഷിപ്പ്, കുടിയേറ്റ ജനസംഖ്യ, ഐ ഐ ടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍… ഖരഗ്പൂരിനെ സവിശേഷമാക്കുന്ന നിരവധി കാരണങ്ങളുണ്ട്.
അതുകൊണ്ട് തന്നെ ഇത് ഒരു പ്രാദേശിക മണ്ഡലം മാത്രമല്ല, സംസ്ഥാനതല രാഷ്ട്രീയത്തിന്റെ സൂക്ഷ്മരൂപമായി തന്നെ കാണാവുന്നതാണ്. 2006 മുതല്‍ 2021 വരെയുള്ള തിരഞ്ഞെടുപ്പ് ഡാറ്റയും ഈ മാസം 23ന് നടക്കാനിരിക്കുന്ന പോരാട്ടത്തിന്റെ പ്രചാരണവും സൂചിപ്പിക്കുന്നത് ഇവിടത്തെ മത്സരത്തിന് സങ്കീര്‍ണ സ്വഭാവമുണ്ടെന്നാണ്.

അന്ന് കോണ്‍ഗ്രസ്സ്
കോണ്‍ഗ്രസ്സ് ശക്തികേന്ദ്രമായിരുന്നു ഈ മണ്ഡലം. 2006ല്‍ മണ്ഡലത്തിന്റെ പേര് “ഖരഗ്പൂര്‍ ടൗണ്‍’ എന്നായിരുന്നു. അന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഗ്യാന്‍ സിംഗ് സോഹന്‍പാലാണ് വിജയിച്ചത്. ഏകദേശം 50 ശതമാനം വോട്ട് വിഹിതം അദ്ദേഹത്തിന്റെ പെട്ടിയില്‍ വീണു.
അന്ന് ഈ നഗര- വ്യാവസായിക മേഖലയില്‍ സി പി എം താരതമ്യേന ദുര്‍ബല ശക്തിയായിരുന്നു. സംസ്ഥാനത്താകെ തൃണമൂല്‍ കോണ്‍ഗ്രസ്സ് തരംഗം ആഞ്ഞടിച്ച 2011ല്‍, ഖരഗ്പൂര്‍ ആ ദിശയിലല്ല ചിന്തിച്ചത്. ഏകദേശം 74,000 വോട്ടുകള്‍ നേടി സോഹന്‍പാല്‍ വീണ്ടും വിജയിച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടി തകരാതെ നിന്ന ചില സീറ്റുകളില്‍ ഒന്നായി ഈ മണ്ഡലം വേറിട്ടുനിന്നു.
ഖരഗ്പൂര്‍ ആര്‍ക്കും പിടികൊടുക്കാത്ത സ്വിംഗ് മണ്ഡലമായി മാറുന്നതാണ് പിന്നെ കണ്ടത്. 2016ല്‍ ബി ജെ പിയുടെ ദിലീപ് ഘോഷ് 61,446 വോട്ടുകള്‍ നേടി, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ 6,309 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ഏകദേശം 40 ശതമാനം വോട്ട് വിഹിതത്തോടെ ബി ജെ പി നേടിയ വിജയം ഒരു സീറ്റ് പിടിച്ചെടുക്കുന്നതിനേക്കാള്‍ ബംഗാളില്‍ ബി ജെ പിയുടെ ഉയര്‍ച്ച അടയാളപ്പെടുത്തുന്നതായിരുന്നു.

ഉപതിഞ്ഞെടുപ്പ്, തൃണമൂല്‍
2019ല്‍ ദിലീപ് ഘോഷ് പാര്‍ലിമെന്റ്്അംഗമായതോടെ, അപ്പോഴേക്കും ഖരഗ്പൂര്‍ സദര്‍ എന്ന് പേര് മാറിയ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. ആ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കാലിടറുന്ന കാഴ്ചയാണ്് കണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പ്രദീപ് സര്‍ക്കാറാണ് മണ്ഡലം പിടിച്ചെടുത്തത്. ഖരഗ്പൂര്‍ ആരുടെയും കുത്തകയല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിജയം.
ഇതേ ധാരണ ഊട്ടിയുറപ്പിച്ച് 2021ല്‍ ബി ജെ പി മണ്ഡലം തിരിച്ചു പിടിച്ചു. തീപാറും പോരാട്ടട്ടമാണ് നടന്നത്. ബി ജെ പിയുടെ ഹിരണ്‍ ചാറ്റര്‍ജി 79,607 വോട്ടുകള്‍ നേടി. ടി എം സിയുടെ പ്രദീപ് സര്‍ക്കാറിനെ തോല്‍പ്പിച്ചത് 3,771 വോട്ടുകളുടെ നേരിയ വ്യത്യാസത്തിലായിരുന്നു.
വീണ്ടും ഘോഷ്
ഇത്തവണ ദിലീപ് ഘോഷ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി ഭാഗ്യപരീക്ഷണം നടത്താന്‍ തിരിച്ചെത്തിയിരിക്കുന്നു. ബി ജെ പിക്കു വേണ്ടി ദിലീപ് ഘോഷ്, തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പ്രദീപ് സര്‍ക്കാര്‍, കോണ്‍ഗ്രസ്സ്- ഇടത് സഖ്യത്തില്‍ നിന്നുള്ള പാപ്പിയ ചക്രവര്‍ത്തി എന്നിവരാണ് ഗോദയിലുള്ളത്.

അക്രമാസക്ത രാഷ്ട്രീയത്തിന്റെ വക്താവായ ദിലീപ് ഘോഷിന്റെ ശൈലി ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. “ഇത്തവണ ഒരു പിഴവും ഞങ്ങള്‍ക്ക് സംഭവിക്കില്ല. വിജയം സുനിശ്ചിതമാണ്. 35 വര്‍ഷത്തെ ഇടതുപക്ഷ ഭരണവും 15 വര്‍ഷത്തെ ടി എം സി ഭരണവും ഉള്‍പ്പെടുന്ന ബംഗാളിന്റെ 50 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം എല്ലാവര്‍ക്കുമറിയാം. മാറ്റത്തിന്റെ പാതയിലാണ് ബംഗാള്‍. ആ മാറ്റത്തിലേക്കുള്ള ചവിട്ടുപടിയാണ് ഖരഗ്പൂര്‍ സദര്‍’- ഘോഷ് പറയുന്നു.
മതധ്രുവീകരണ തന്ത്രങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ അദ്ദേഹം തള്ളുന്നു. ഞങ്ങള്‍ ഹിന്ദു- മുസ്‌ലിം വിഭജനത്തില്‍ ഏര്‍പ്പെടുന്നില്ല, “സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന തത്വം ഞങ്ങള്‍ പാലിക്കുന്നു. അതേസമയം, “ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം തിരഞ്ഞെടുപ്പ്തലത്തിലും വൈകാരിക തലത്തിലും പ്രാധാന്യമര്‍ഹിക്കുന്നതായി അദ്ദേഹം കാണുന്നു.
മത്സ്യമടക്കമുള്ള ഭക്ഷണക്രമത്തില്‍ ബി ജെ പി ഇടപെടുന്നുവെന്ന വിമര്‍ശവും അദ്ദേഹം തള്ളുന്നു. “ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ബംഗാളിനെ മത്സ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ണിന്റെ മകന്‍
തൃണമൂല്‍ സ്ഥാനാര്‍ഥി പ്രദീപ് സര്‍ക്കാര്‍ മണ്ഡലത്തില്‍ സുപരിചിതനാണ്. 2019ലെ അട്ടിമറി വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. “ഇത്തവണ, ഖരഗ്പൂരിലെ ജനങ്ങള്‍ സ്വന്തം മണ്ണിന്റെ മകനെ, എല്ലായ്പ്പോഴും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരാളെ തിരഞ്ഞെടുക്കും.
എസ് ഐ ആര്‍ മാത്രം മതി ബി ജെ പിയുടെ അന്തകനാകാന്‍. പട്ടികയില്‍ നിന്ന് നീക്കം ചെയ്ത പേരുകളില്‍ 60 ശതമാനവും ഹിന്ദുക്കളുടേതാണ്. ബി ജെ പി ഒരു ഹിന്ദു പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍, എങ്ങനെയാണ് ഹിന്ദു പേരുകള്‍ വെട്ടിക്കളഞ്ഞത്?’- അദ്ദേഹം ചോദിച്ചു. ഹുമയൂണ്‍ കബീര്‍ ബി ജെ പി ഏജന്റാണ്, മുസ്‌ലിം വോട്ടുകള്‍ വിഭജിക്കാന്‍ കൊണ്ടുവന്നതാണ് അദ്ദേഹത്തെ. ഖരഗ്പൂരില്‍ അദ്ദേഹത്തിന് സ്ഥാനമില്ല. ദിലീപ് ഘോഷ് ശരിക്കും ശക്തനാണെങ്കില്‍, 2024ല്‍ അദ്ദേഹത്തിന് എന്തുകൊണ്ട് ടിക്കറ്റ് നല്‍കിയില്ലെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു.

ഘോഷ്- പ്രദീപ് സര്‍ക്കാർ
അപ്രവചനീയ സ്വഭാവമുള്ള ഖരഗ്പൂര്‍ സദറില്‍ ദിലീപ് ഘോഷും പ്രദീപ് സര്‍ക്കാറും തമ്മിലാണ് പ്രധാന മത്സരം. ബി ജെ പി അതിന്റെ സര്‍വ സന്നാഹവും മണ്ഡലത്തില്‍ ഇറക്കുന്നുണ്ട്. പ്രദീപ് സര്‍ക്കാറിന്റെ പ്രതിച്ഛായ തന്നെയാണ് തൃണമൂലിന്റെ കരുത്ത്.

---- facebook comment plugin here -----

Latest