From the print
മഅ്ദിൻ സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ഉജ്ജ്വല സമാപനം
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി ഹാജിമാരെത്തി.
മലപ്പുറം | മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച 27ാമത് സംസ്ഥാനതല ഹജ്ജ് പഠന ക്യാമ്പ് അറിവനുഭവങ്ങളുടെ ധന്യാനുഭൂതിയിൽ സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി ഹാജിമാരെത്തി. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ നീണ്ടുനിന്ന ക്യാമ്പ് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഹജ്ജ് പണ്ഡിതൻ കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി ക്ലാസ്സിന് നേതൃത്വം നൽകി.
ഇബ്‌റാഹീം ബാഖവി മേൽമുറി തീർഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. സംസ്ഥാന ഹജ്ജ് അസ്സിസ്റ്റന്റ് ട്രെയിനിംഗ് ഓർഗനൈസർ പി പി മുജീബുർറഹ്്മാൻ സാങ്കേതിക ക്ലാസ്സിന് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേർക്കും സൗജന്യ ഹജ്ജ് കിറ്റുകൾ വിതരണം ചെയ്തു. ഖാലിദ് സഖാഫിയുടെ “ഹജ്ജ്- ഉംറ കർമം ചരിത്രം അനുഭവം’ പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നടന്നു.
സയ്യിദ് ഇസ്മാഈൽ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കെ പി എസ് തങ്ങൾ പാങ്ങ്, സയ്യിദ് അഹ്്മദുൽ കബീർ അൽ ബുഖാരി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി അരീക്കോട്, അബൂബക്കർ അഹ്സനി പറപ്പൂർ, പരി മാനുപ്പ ഹാജി, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി അബ്ദുർറഹ്്മാൻ, കേരള ഹജ്ജ് വെൽഫെയർ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി മംഗലം സൻഫാരി സംബന്ധിച്ചു
അവ്വലു ബൈത്ത്’ എക്സ്പോ
ആദ്യത്തെ കഅബയുടെ രൂപം മുതൽ ഇന്നത്തെ ആധുനിക രൂപം വരെ കൺമുന്നിൽ കണ്ട വിസ്മയത്തിലായിരുന്നു മഅ്ദിൻ അവ്വലുബൈത് എക്‌സ്‌പോ സന്ദർശിക്കാനെത്തിയ ഹാജിമാർ. മഅ്ദിൻ സാദാത്ത് അക്കാദമിയിലെ വിദ്യാർഥികളാണ് മനോഹരമായ ഈ സൃഷ്ടികൾക്ക് പിന്നിൽ പ്രവർത്തിച്ചത്.
എക്‌സ്‌പോയിൽ തീർഥാടകർക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി വ്യത്യസ്തങ്ങളായ എക്സിബിഷൻ സ്റ്റാളുകളും ഒരുക്കിയിരുന്നു.
മഖാം ഇബ്‌റാഹീമിന്റെ ആദ്യ രൂപം മുതൽ ഇപ്പോഴത്തെ രൂപവും ഇവിടെ പ്രദർശനത്തിലുണ്ട്. കഅബയുടെ യഥാർഥ കിസ്‌വ കാണാൻ സാധിച്ചു എന്നതും ഹാജിമാർക്ക് പുതിയ അനുഭവമായി.



