Connect with us

Kerala

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞ വി.ആര്‍ ലളിതാംബികയ്ക്ക് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി

ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ തിയറി മാത്തൂ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് അര്‍ഹയായി ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞ വി.ആര്‍ ലളിതാംബിക. ഫ്രഞ്ച് ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ തിയറി മാത്തൂ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ വി ആര്‍ ലളിതാംബിക ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അര്‍ഹയാക്കിയത്. അഡ്വാന്‍സ്ഡ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജിയില്‍ വിദഗ്ധയായ ഡോ ലളിതാംബിക ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2018ല്‍ ഹ്യൂമന്‍ സ്പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഗഗന്‍യാന്‍ പദ്ധതിക്കായി ഫ്രഞ്ച് നാഷണല്‍ സ്പേസ് ഏജന്‍സിയുമായി (സിഎന്‍ഇഎസ്) ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

മനുഷ്യ ബഹിരാകാശ യാത്രയില്‍ സിഎന്‍ഇഎസും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിനുള്ള ആദ്യ സംയുക്ത കരാറില്‍ ഒപ്പുവെക്കുന്നതിലും ഡോ ലളിതാംബിക നിര്‍ണായക പങ്ക് വഹിച്ചു. 2021ല്‍ മുന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഐഎസ്ആര്‍ഒ സന്ദര്‍ശിച്ചപ്പോള്‍ ബഹിരാകാശയാത്രയുമായിബന്ധപ്പെട്ട് ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള രണ്ടാമത്തെ കരാര്‍ ഒപ്പിട്ടതും ലളിതാംബികയുടെ നേതൃത്വത്തിലായിരുന്നു.

ലളിതാംബികയുടെ വൈദഗ്ദ്ധ്യം, നേട്ടങ്ങള്‍, അശ്രാന്ത പരിശ്രമം എന്നിവ ഇന്‍ഡോ-ഫ്രഞ്ച് ബഹിരാകാശ പങ്കാളിത്തത്തിന്റെ ചരിത്രത്തില്‍ മഹത്തായ അധ്യായം രചിച്ചെന്ന് പുരസ്‌കാരം നല്‍കികൊണ്ട് ഫ്രാന്‍സ് അംബാസഡര്‍ തിയറി മാത്തൂ പറഞ്ഞു. ജെആര്‍ഡി ടാറ്റ, സത്യജിത് റേ, ഭാരതരത്ന സിഎന്‍ആര്‍ റാവു, പണ്ഡിറ്റ് രവിശങ്കര്‍, സുബിന്‍ മേത്ത, ഇ ശ്രീധരന്‍, അമിതാഭ് ബച്ചന്‍, ശിവാജി ഗണേശന്‍, ലതാ മങ്കേഷ്‌കര്‍, ഷാരൂഖ് ഖാന്‍, ശശി തരൂര്‍ എന്നിവര്‍ക്കും മുന്‍പ് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.