Connect with us

International

ഏപ്രില്‍ രണ്ടിന് ഇന്ത്യയിലെത്തും: ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

കൃഷി, കാലാവസ്ഥാ വ്യതിയാനം, നൂതന സാങ്കേതികവിദ്യ, സുരക്ഷ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനം.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയും ഇസ്രാഈലും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ ആദ്യവാരം ഇന്ത്യയിലെത്തുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. കൃഷി, കാലാവസ്ഥാ വ്യതിയാനം, നൂതന സാങ്കേതികവിദ്യ, സുരക്ഷ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനമെന്ന് നഫ്താലി ബെന്നറ്റ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വച്ചാണ് ബെന്നറ്റിനെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്.

എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള എന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന് ഞങ്ങള്‍ വഴിയൊരുക്കുമെന്നും ബെന്നറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ച് 2022 ഏപ്രില്‍ 2ന് ഇസ്രാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക, തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇതിന് പുറമേ ഗവേഷണം, വികസനം, നവീകരണം, സമ്പദ് വ്യവസ്ഥ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നരേന്ദ്ര മോദിയും ബെന്നറ്റും ചര്‍ച്ച നടത്തും.

 

---- facebook comment plugin here -----

Latest