Connect with us

Kerala

മോട്ടോർവാഹന വകുപ്പിന്റെ മുന്നറിയിപ്പ് സീബ്രാ ലൈനിലാണോ വാഹനം; കോടതി കയറും

പിഴത്തുകയില്ലാത്ത ഇ ചെലാൻ ലഭിച്ചവർ നടപടികൾ അവസാനിച്ചുവെന്ന് കരുതരുത്

Published

|

Last Updated

തിരുവനന്തപുരം | സീബ്രാ ലൈനി ൽ വാഹനം നിർത്തിയാൽ കോടതി കയറേണ്ടി വരുമെന്ന് മോട്ടോർവാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ട്രാഫിക് നിയമ ലംഘനത്തിന് പിഴ തുക രേഖപ്പെടുത്താതെ ഇ ചെലാൻ ലഭിച്ചാൽ ആശ്വസിക്കേണ്ടെന്നും കോടതി നടപടികളിൽ കൂടി മാത്രം തീർപ്പാക്കാൻ കഴിയുന്ന കുറ്റങ്ങൾക്കാണ് അത്തരത്തിൽ ചെലാൻ ലഭിക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചു.

പിഴത്തുക രേഖപ്പെടുത്താതെയോ തുക പൂജ്യം എന്നു രേഖപ്പെടുത്തിയോ ഉള്ള ഇ ചെലാൻ ലഭിച്ചവർ നടപടികൾ അവസാനിച്ചുവെന്ന് കരുതുന്നത് പതിവായതോടെയാണ് ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് തന്നെ വ്യക്തത വരുത്തിയിരിക്കുന്നത്. ഗുരുതരമായ കുറ്റങ്ങൾ ചെയ്തവർക്കാണ് പിഴത്തുക രേഖപ്പെടുത്താതെ ഇ ചെലാൻ അയക്കുന്നത്.

ഇത്തരം കുറ്റങ്ങൾ പിഴത്തുക അടച്ച് തീർപ്പാക്കാൻ കഴിയില്ല. അത്തരം ചെലാൻ ലഭിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ആർ ടി ഒ എൻഫോഴ്‌സ്‌മെന്റിനെ ബന്ധപ്പെടുകയോ അല്ലെങ്കിൽ കോടതി മുഖേനയുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യണം.
പ്രധാനമായും സീബ്രാ ലൈനുകൾക്ക് മുകളിൽ വാഹനം നിർത്തിയിടുന്നവർക്ക് ഇത്തരത്തിൽ ഇ ചെലാൻ ലഭിക്കാറുണ്ട്. ട്രാഫിക് സിഗ്‌നലുകൾ ഉള്ള ജംഗ്ഷനുകളിൽ ചുവപ്പ് ലൈറ്റ് കത്തിയതിന് ശേഷം വാഹനങ്ങൾ സ്റ്റോപ്പ് ലൈനും (സീബ്രാ ലൈനുകൾക്ക് മുമ്പായി വാഹനങ്ങൾ നിർത്താൻ സൂചിപ്പിക്കുന്ന വരകൾ) കടന്ന് സീബ്രാലൈനുകളുടെ മുകളിൽ നിർത്തിയിടുന്നത് പതിവു കാഴ്ചയാണ്.

ഇത്തരം നിയമ ലംഘനങ്ങൾക്ക് അയക്കുന്ന ഇ ചെലാനുകൾ കോടതി മുഖേന മാത്രമേ തീർപ്പാക്കാൻ കഴിയു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക, ലൈൻ ട്രാഫിക് പാിക്കാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗനലുകളിലും റൗണ്ട് എബൗട്ടുകളിലും നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുക, അപകടരമായ രീതിയിൽ ഓവർടേക്ക് ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും ഈ രീതിയിലായിരിക്കും ശിക്ഷാ നടപടികൾ ഉണ്ടാകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.