Connect with us

Editors Pick

മുഖം ഒരു വശത്തേക്ക് കോടിപോകുന്നുണ്ടോ? ബെൽസ് പാൾസിയെ അറിയുക

മുഖത്തിന്റെ ഒരു ഭാഗം തളർന്നു പോകുന്ന ഒരവസ്ഥയാണിത്. പ്രായഭേദമന്യേ ആർക്കും ഈ രോഗം പിടിപെടാം.

Published

|

Last Updated

നടനും കോമഡി താരവും ടെലിവിഷൻ അവതാരകനുമായ മിഥുൻ രമേശ്‌ കഴിഞ്ഞ ദിവസം തനിക്ക് ബാധിച്ച ഒരു അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മുഖത്തിന്റെ ഒരു വശം അനക്കാനോ, കണ്ണുകൾ അടക്കാനോ , ചിരിക്കാനോ കഴിയാത്ത ഒരവസ്ഥയിലാണ് താനെന്നും ‘ബെൽസ് പാൾസി’ എന്ന അപൂർവ്വ രോഗമാണ് തന്നെ ബാധിച്ചതെന്നുമാണ് മിഥുൻ വെളിപ്പെടുത്തിയത്. പൊതുജനങ്ങൾക്കിടയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു രോഗാവസ്ഥയാണ് ബെൽസ് പാൾസി. എന്താണ് ഈ രോഗമെന്നും, ഈ രോഗം വരാനുള്ള സാഹചര്യങ്ങൾ എന്തെല്ലാമെന്നും നോക്കാം.

എന്താണ് ബെൽസ് പാൾസി?

മുഖത്തിന്റെ ഒരു ഭാഗം തളർന്നു പോകുന്ന ഒരവസ്ഥയാണിത്. ഇഡിയോപ്പതിക് ലോവർ മോട്ടോർ ന്യൂറോൺ ഫേഷ്യൽ നേർവ് പാൾസി എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം. പ്രായഭേദമന്യേ ആർക്കും ഈ രോഗം പിടിപെടാം.

തലയ്ക്കകത്ത് 12 പ്രധാനപ്പെട്ട ഞെരമ്പുകളുണ്ട്. ഇതിൽ ഏഴാമത്തെ ഞെരമ്പാണ് മുഖത്തെ മസിൽസിന് വേണ്ടി പ്രവർത്തിക്കുന്നത്. സാധാരണയായി ഒരു മനുഷ്യന് ചിരിക്കണമെങ്കിലോ, കരയണമെങ്കിലോ ഈ ഞെരമ്പുകൾ ആവശ്യമാണ്. എന്നാൽ ചെവിക്കകത്ത് ഇൻഫെക്ഷൻ വന്നാലോ മറ്റോ ഈ ഞെരമ്പുകൾ പ്രവർത്തിക്കില്ല. അത്തരത്തിൽ മുഖത്തിന്റെ ഒരു വശത്തെ മസിലുകൾക്ക് പെട്ടന്ന് തളർച്ച സംഭവിക്കുന്ന ഒരവസ്ഥയാണിത്.

രോഗം വരാനുള്ള കാരണങ്ങൾ?

  • ഉറക്കമിലായ്മ.
  • ഒരുപാട് മാനസിക സമ്മർദമുള്ള ഉള്ള ജോലി ചെയ്യൽ.
  • വൈറൽ ഇൻഫെക്ഷൻ: കോൾഡ്, ഫ്‌ളൂ, ചിക്കന്‍ പോക്‌സ്, അഡിനോവൈറസ് കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വൈറസുകൾ.

രോഗ ലക്ഷണങ്ങൾ?

  • മുഖം ഒരു വശത്തേക്ക് കോടി പോകുക.
  • കണ്ണടയ്ക്കാൻ തടസ്സം അനുഭവപ്പെടുക.
  • ചിരിക്കാൻ പറ്റാതിരിക്കുക.
  • ചെവിക്ക് പിറകിൽ വേദന.
  • രുചി വ്യത്യാസം.
  • തലവേദന.
  • കോടിയ ഭാഗത്ത്‌ വേദന അനുഭവപ്പെടുക.
  • ഭക്ഷണം കഴിക്കുമ്പോൾ കവിളിൽ കെട്ടി കിടക്കുക.
  • കണ്ണ് നീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം.

ഈ രോഗാവസ്ഥയിൽ ചെയ്യുന്ന ടെസ്റ്റുകൾ?

  • രക്തപരിശോധന
  • ആർ ബി എസ് ടെസ്റ്റ്‌
  • എം ആർ ഐ സ്കാൻ

ചികിത്സ?

പെട്ടന്ന് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. അതായത് ഒരു ദിവസം രാവിലെ എണീക്കുമ്പോൾ പെട്ടന്ന് മുഖം ഒരു വശത്തേക്ക് ചെരിഞ്ഞതായി കാണപ്പെടുകയും രണ്ട് ദിവസത്തിനുള്ളിൽ അത് കൂടി വരുകയും ചെയ്യും. ചിലരിൽ സ്വഭാവികമായി രണ്ട് ആഴ്ച കൊണ്ട് തന്നെ ഈ രോഗം മാറാറുമുണ്ട്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞും രോഗം മാറിയില്ലെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കണം.

രോഗം ബാധിച്ച് ആദ്യത്തെ മണിക്കൂറുകളിൽ തന്നെ ചികിത്സ ലഭിക്കുന്നത് പ്രധാനമാണ്. ഫിസിയോ തെറാപ്പി, ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ ചെറിയ ഇലക്ട്രോഡ് വച്ച് ഷോക്ക് ഏല്‍പ്പിക്കുന്ന ടെൻസ് ചികിത്സ തുടങ്ങിയവയാണ് രോഗികൾക്ക് പ്രധാനനമായും നൽകുന്നത്. വീക്കം കുറയ്ക്കുന്ന മരുന്നുകൾ, ആൻറി ബാക്ടീരിയൽ അല്ലെങ്കിൽ വൈറൽ മരുന്നുകൾ, വേദന സംഹാരി മരുന്നുകൾ എന്നിവ പ്രാഥമിക ചികിത്സാ പ്രക്രിയയിൽ നൽകുന്നു.

മൃദുവായ ഫേഷ്യൽ മസാജ്, ഐ പാച്ച് അല്ലെങ്കിൽ വരണ്ട കണ്ണുകൾക്കുള്ള സൺഗ്ലാസുകൾ (അതൊരു ലക്ഷണമാണെങ്കിൽ), ചൂടുള്ളതും നനഞ്ഞതുമായ ടവൽ പ്രസ്സുകൾ എന്നിവ പോലുള്ള വീട്ടുവൈദ്യങ്ങൾ വീക്കം കുറയ്ക്കാൻ സഹായകമാകും.

പലരും ഈ രോഗത്തെ സ്ട്രോക്കായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് സ്ട്രോക്കല്ലായെന്ന് കൂടി മനസിലാക്കുക. പെട്ടന്നുണ്ടാകുന്ന ഞെരമ്പിന്റെ വൈകല്യം കൊണ്ട് ഉണ്ടാകുന്ന രോഗമാണ് ഇത്. കൃത്യമായ ചികിത്സകള്‍ ലഭിച്ചാല്‍ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും രോഗം പൂര്‍ണ്ണമായും ഭേദമാകും.

---- facebook comment plugin here -----

Latest