Connect with us

International

ഗള്‍ഫ് രാജ്യങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പുതിയ പാതയുമായി ഇറാഖ്

ഇറാഖ് വഴി ഏഷ്യയെയും യൂറോപ്പിനെയും കരമാര്‍ഗം ബന്ധിപ്പിച്ചാണ് പാത കടന്നുപോവുക.

Published

|

Last Updated

ബഗ്ദാദ് | ഗള്‍ഫ് രാജ്യങ്ങളെ ഇറാഖ് വഴി ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ അന്തിമ കരാറിന് രൂപമായി. ഇറാഖ് വഴി ഏഷ്യയെയും യൂറോപ്പിനെയും കരമാര്‍ഗം ബന്ധിപ്പിച്ചാണ് പാത കടന്നുപോവുക. 2000 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി തുര്‍ക്കിയുമായുള്ള പങ്കാളിത്തത്തോടെയും ഖത്വറിന്റെയും യു എ ഇയുടെയും പിന്തുണയോടെയുമാണ് പ്രാവര്‍ത്തികമാക്കുക. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ഇറാഖും ഇടം നേടും.

ഗള്‍ഫ് രാജ്യങ്ങളെ ഇറാഖ് വഴി തുര്‍ക്കിയിലേക്ക് ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റര്‍ ഹൈവേയും റെയില്‍വേയും സ്ഥാപിക്കുന്നതാണ് പദ്ധതി. ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും പ്രാദേശികവും അന്തര്‍ദേശീയവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ കരാര്‍ സഹായകമാകും. കൂടാതെ ചരക്കുനീക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ വന്‍ കുതിപ്പിനും വഴിവെക്കും. 13 വര്‍ഷത്തിനു ശേഷം 2024ല്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഇറാഖ് സന്ദര്‍ശന വേളയില്‍ ഒപ്പ് വെച്ച 26 ധാരണാപത്രങ്ങളില്‍ ഒന്നായിരുന്നു വികസന റോഡ് പദ്ധതി. ഡെവലപ്മെന്റ് റോഡ് എന്ന് വിളിക്കപ്പെടുന്ന ബഹുശത കോടി ഡോളര്‍ പദ്ധതിയുടെ പഠനത്തിനായി ജനറല്‍ കമ്പനി ഫോര്‍ ഇറാഖി റെയില്‍വേസ് (ജി സി ഐ ആര്‍) ഇറ്റാലിയന്‍ കമ്പനിയുമായി നേരത്തെ കരാറില്‍ ഒപ്പ് വെച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും ഇറാഖ് എണ്ണ വരുമാനത്തെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, ഇറാഖിന്റെ സാമ്പത്തിക വൈവിധ്യവത്ക്കരണത്തിലേക്കുള്ള ഒരു നിര്‍ണായക ചുവടുവെപ്പായിട്ടാണ് പദ്ധതിയെ കാണുന്നത്. പതിറ്റാണ്ടുകളുടെ യുദ്ധം, ഉപരോധങ്ങള്‍, അവികസിത വികസനം എന്നിവക്കു ശേഷം രാജ്യത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന പുതിയ റോഡ് പ്രൊജക്ടിലൂടെയും അന്താരാഷ്ട്ര വ്യാപാരത്തെ പുനര്‍നിര്‍മിക്കുന്നതിലൂടെയും ഇറാഖിന് ഒരു പുതിയ ഭാവി സൃഷ്ടിക്കാനും സമ്പദ്വ്യവസ്ഥ വൈവിധ്യവത്ക്കരിക്കാനും വരുമാനം ഗണ്യമായി വര്‍ധിപ്പിക്കാനും കഴിയും.

ദക്ഷിണ ഇറാഖിലെ ബസ്രയിലെ ഗ്രാന്‍ഡ് ഫോ തുറമുഖത്ത് നിന്നാണ് വികസന റോഡ് പദ്ധതിയുടെ ആരംഭം. തുടര്‍ന്ന് മൊസൂള്‍, ദുഹോക്ക് വഴി ഫിഷ് ഖബൂര്‍ വഴി തുര്‍ക്കിയിലൂടെയാണ് യൂറോപ്പിലേക്ക് കടക്കുക. പദ്ധതിയുടെ റൂട്ടിനായുള്ള സാധ്യതാ പഠനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി ഗ്രാന്‍ഡ് ഫോ തുറമുഖം മാറും.

1920 കളില്‍ ആധുനിക ഇറാഖി രാഷ്ട്രം രൂപവത്കരിച്ചതിനു ശേഷം ഇറാഖില്‍ ആരംഭിച്ച ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഒന്നാണ് ഡെവലപ്മെന്റ് റോഡ്. തുര്‍ക്കി വരെ നീളുന്ന 1,200 കിലോമീറ്റര്‍ ഹൈവേയും റെയില്‍വേയും ഉള്‍പ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടം 2028ലും രണ്ടാംഘട്ടം 2033ലും 2050ലുമായി പൂര്‍ത്തിയാക്കും.