Connect with us

International

ആക്രമിച്ചാല്‍ 'രഹസ്യ ആണവ കേന്ദ്രങ്ങള്‍' തകര്‍ക്കും; ഇസ്‌റാഈലിന് ഇറാന്റെ താക്കീത്

ഇസ്‌റാഈല്‍ സൈനിക നീക്കം നടത്തിയാല്‍ തിരിച്ചടിക്കാനുള്ള കേന്ദ്രങ്ങള്‍ മാസങ്ങള്‍ നീണ്ട രഹസ്യ ദൗത്യത്തിലൂടെ കണ്ടെത്തിയെന്ന് ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍

Published

|

Last Updated

തെഹ്‌റാന്‍ | ആക്രമണ ഭീഷണിക്കെതിരെ ഇസ്‌റാഈലിന് താക്കീത് നല്‍കി ഇറാന്‍. തങ്ങളെ ആക്രമിച്ചാല്‍ ഇസ്‌റാഈലിന്റെ ‘രഹസ്യ ആണവ കേന്ദ്രങ്ങള്‍’ തകര്‍ക്കുമെന്ന് ഇറാന്‍ സുരക്ഷാകാര്യ സമിതിയായ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ (എസ് എന്‍ എസ് സി) വ്യക്തമാക്കി. ഇറാന്റെ താത്പര്യത്തിന് വിരുദ്ധമായി ഇസ്‌റാഈല്‍ സൈനിക നീക്കം നടത്തിയാല്‍ തിരിച്ചടിക്കാനുള്ള കേന്ദ്രങ്ങള്‍ മാസങ്ങള്‍ നീണ്ട രഹസ്യ ദൗത്യത്തിലൂടെ കണ്ടെത്തിയെന്ന് കൗണ്‍സില്‍ അവകാശപ്പെട്ടു.

ഇറാന്റെ ആണവകേന്ദ്രങ്ങളോ സൈനിക താവളങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ ഏതെങ്കിലും തരത്തില്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇസ്‌റാഈലിലെ ആണവ കേന്ദ്രങ്ങളുടെ വിവരമടങ്ങിയ രേഖകള്‍ ലഭിച്ചതായി നേരത്തേ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലുള്ള മന്ത്രി ഇസ്മാഈല്‍ ഖാത്തിബ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എസ് എന്‍ എസ് സിയുടെ മുന്നറിയിപ്പും വന്നത്.

ഇറാന്‍ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച് ഇസ്‌റാഈലിന് സ്വന്തമായി ആണവ ഗവേഷണ സൗകര്യങ്ങളുണ്ട്. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ ഇതുവരെ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. ഇറാന്റെ ആണവ നിരായുധീകരണത്തിനായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പ്രമേയം പാസ്സാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയത്.

 

Latest