Ongoing News
ഐ പി എൽ; ക്രിക്കറ്റ് പൂരം നാളെ മുതൽ
ഇത്തവണ സ്വന്തം കാണികൾക്ക് മുമ്പിൽ റൺവേട്ടയിലും വിക്കറ്റ് നേട്ടത്തിലും വിസ്മയം തീർക്കാനാണ് ടീമുകളുടെ വരവ്

അഹമ്മദാബാദ് | ഇന്ത്യൻ ക്രിക്കറ്റിന് വർണ നിറച്ചാർത്തുകൾ നൽകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) 16ാമത് സീസണ് നാളെ അഹമ്മദാബാദിൽ തുടക്കം. ഹോം, എവേ ഫോർമാറ്റിലേക്ക് തിരികെയെത്തിയ പുതിയ സീസണിൽ ഒട്ടേറെ മാറ്റങ്ങളോടെയാണ് മത്സരങ്ങൾ അരങ്ങേറുക. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപർ കിംഗ്‌സിനെ നേരിടും. വെള്ളിയാഴ്ച വൈകിട്ട് ആറിന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. 7.30നാണ് മത്സരം ആരംഭിക്കുക. ഉദ്ഘാടനം വർണശബളമാക്കാൻ സിനിമാ ലോകത്തെ വമ്പൻ താരങ്ങളെത്തും. രശ്മി മന്ദാന, തമന്ന ഭാട്ടിയ, ടൈഗർ ഷ്‌റോഫ്, കത്രീന കൈഫ്, അർജിത് സിംഗ് തുടങ്ങിയവർ വേദിയിലുണ്ടാകും.
2020ൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരിക്ക് ശേഷം യു എ ഇയിലെ ദുബൈ, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ മാത്രം നടന്ന മത്സരങ്ങൾ എവേ, ഹോം രീതിയിൽ ഇന്ത്യൻ മണ്ണിലേക്ക് തിരികെയെത്തുമ്പോൾ ആവേശം കൊടുമുടി കയറും. കഴിഞ്ഞ വർഷം ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ മുംബൈ വാംഘഡെ, ബ്രാബൺ, നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം, പുണെ എന്നിവിടങ്ങളിൽ നടന്നപ്പോൾ പ്ലേ ഓഫ് കൊൽക്കത്തയിലും അഹമ്മദാബാദിലും ആയിരുന്നു.
ഇത്തവണ സ്വന്തം കാണികൾക്ക് മുമ്പിൽ റൺവേട്ടയിലും വിക്കറ്റ് നേട്ടത്തിലും വിസ്മയം തീർക്കാനാണ് ടീമുകളുടെ വരവ്. തങ്ങളുടെ ആദ്യ എട്ട് മത്സരങ്ങളിൽ ആറും റോയൽ ചലഞ്ചേഴ്‌സ് കളിക്കുന്നത് സ്വന്തം തട്ടകമായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. ചെന്നൈ സൂപർ കിംഗ്‌സ് ആണെങ്കിൽ അവസാന ആറ് മത്സരങ്ങളിൽ നാലും ചെന്നൈയിലെ ചെപ്പോക്കിൽ കളിക്കും.