Connect with us

KANNUR AIRPORT

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ചരക്ക് നീക്കം തുടങ്ങി

മലബാറിന്റെ എയർ കാർഗോ ഹബ്ബായി കണ്ണൂരിനെ മാറ്റുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

മട്ടന്നൂർ (കണ്ണൂർ) | കാർഷികോത്പന്ന, മലഞ്ചരക്ക് വിപണനത്തിനും വിമാനത്താവള വികസനത്തിനും അന്താരാഷ്ട്ര ചരക്ക് നീക്കം വലിയൊരു നേട്ടമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളം കാർഗോ കോംപ്ലക്‌സിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ചരക്ക് നീക്കം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിന്റെ എയർ കാർഗോ ഹബ്ബായി കണ്ണൂരിനെ മാറ്റുകയാണ് ലക്ഷ്യം. കൊവിഡ് പ്രതിസന്ധികൾ കണ്ണൂർ വിമാനത്താവളത്തിന്റെ സ്വാഭാവിക വികസനത്തിന് തടസ്സമായെന്ന് പറയാതെ വയ്യ. ആഭ്യന്തര-അന്തർ ദേശീയ വ്യോമയാനത്തെ കൊവിഡ് കാലം ബാധിച്ചു. എങ്കിലും അതിനെ മറികടക്കാൻ കിയാലിന് കഴിഞ്ഞു.

വിദേശ രാജ്യങ്ങളിലേക്കുള്ള കണക്്ഷൻ വിമാനങ്ങൾക്ക് കണ്ണൂരിലിറങ്ങാൻ കഴിയണം. ഇക്കാര്യം നിരവധി തവണ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമായില്ല. വിദേശ വിമാന കമ്പനികൾക്ക് പ്രവർത്തിക്കാൻ കേന്ദ്രാനുമതിയില്ലാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തെ ബാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്രിട്ടീഷ് കാലത്ത് തന്നെ മലഞ്ചരക്ക് വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രമായിരുന്നു തലശ്ശേരി.
അഴീക്കൽ തുറമുഖം കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയിലാകുകയും വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം വ്യാപകമാകുകയും ചെയ്താൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കണ്ണൂരിന് കഴിയും. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾ കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗങ്ങൾ, ഗൂഡല്ലൂർ, കൂർഗ് തുടങ്ങി വലിയ മേഖലയാണ് കണ്ണൂർ വിമാനത്താവളത്തിലാരംഭിക്കുന്ന അന്താരാഷ്ട്ര കാർഗോ സർവീസിനെ ആശ്രയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വനം മന്ത്രി എ കെ ശശീന്ദ്രൻ ആദ്യ കാർഗോ കൈമാറി. എം പിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ, കെ കെ ശൈലജ എം എൽ എ സംസാരിച്ചു. കാർഗോക്കുള്ള ആദ്യ കൺസെയിൻമെന്റ് ഫെയർ എക്‌സ്‌പോർട്ടിൽ നിന്ന് കിയാൽ എം ഡി. ഡോ. വി വേണു ഏറ്റുവാങ്ങി.

Latest