Connect with us

National

തദ്ദേശീയമായി നിർമിച്ച എൽ സി എച്ച് കോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തി

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് നിർമിച്ച ഈ ലഘുഹെലികോപ്റ്ററുകൾക്ക് പ്രചണ്ഡ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഓരോ മിനിറ്റിലും 750 ബുള്ളറ്റുകൾ തൊടുക്കാൻ ശേഷിയുള്ളതാണ് ഇതിന്റെ പീരങ്കികൾ.

Published

|

Last Updated

ജയ്പൂർ | 22 വർഷം മുമ്പ് ഇന്ത്യ കണ്ട സ്വപ്നം ഇപ്പോൾ സഫലമായിരിക്കുന്നു. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ വ്യോമസേനയ്ക്ക് തദ്ദേശീയമായ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) സ്വന്തമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കോപ്റ്ററുകൾ രാജ്യത്തിന് സമർപ്പിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന പരിപാടിൽ ലഘു ഹെലികോപ്റ്ററുകൾ വ്യോമസേനയിൽ ഉൾപ്പെടുത്തി.

യുദ്ധ ഹെലികോപ്ടറുകളുടെ നിർമ്മാണത്തിൽ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രാധാന്യം വർധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സുരക്ഷാ കാര്യങ്ങളിൽ ധീരതയോടെയാണ് വ്യോമസേന നടപടി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ പോരാട്ട ശേഷി വർധിപ്പിക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് നിർമിച്ച ഈ ലഘുഹെലികോപ്റ്ററുകൾക്ക് പ്രചണ്ഡ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഓരോ മിനിറ്റിലും 750 ബുള്ളറ്റുകൾ തൊടുക്കാൻ ശേഷിയുള്ളതാണ് ഇതിന്റെ പീരങ്കികൾ. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന് സമുദ്രനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിലുള്ള പർവതപ്രദേശങ്ങളിൽ യുദ്ധ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സി.പി അനന്തകൃഷ്ണൻ പറഞ്ഞു.

2017 ഓഗസ്റ്റ് മുതൽ, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലഘു ഹെലികോപ്റ്ററുകളുടെ ഉത്പാദനം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ആദ്യ ലഘു ഹെലികോപ്റ്റർ ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്.

നവംബർ ആദ്യവാരം ലഘു ഹെലികോപ്റ്ററുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് സൈന്യം അറിയിച്ചു.