Kerala
ഡോ. ഹാരിസിനെതിരായ പ്രതികാര നടപടികളെ ചെറുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ
ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറാണ് യഥാർത്ഥ പ്രശ്നം

തിരുവനന്തപുരം | ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകളുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ. ഇത്തരം പ്രതികാര നടപടികൾ നിസ്വാർഥമായി ജനസേവനം നടത്തുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആത്മവീര്യത്തെ തന്നെ തകർക്കുന്നതാണെന്ന് ഐ എം എ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഡോ. ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറാണ് യഥാർത്ഥ പ്രശ്നം. ആരോഗ്യ മന്ത്രി തന്നെ മുൻപ് സമ്മതിച്ചിരുന്നതാണിതെന്നും ഐ എം എ പറഞ്ഞു. എന്നിട്ടും സ്വന്തം വകുപ്പിലെ സിസ്റ്റം തകരാറുകൾ പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ഹാരിസിനെ പോലൊരു ജനകീയ ഡോക്ടർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ കോപ്പ് കൂട്ടുന്നത് മെഡിക്കൽ കോളജുകളെ തങ്ങളുടെ ചികിത്സക്കുള്ള അന്തിമാശ്രയമായി കരുതുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കരുതാനാവു. ഇത്തരം ബ്യൂറോക്രാറ്റിക് ധാർഷ്‌ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഐ എം എ തിരുവനന്തപുരം പ്രസിഡൻ്റ് ഡോ. ആർ ശ്രീജിത്ത്, സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.