Connect with us

From the print

സാമൂഹിക മാധ്യമ നിയന്ത്രണം; കൗമാരക്കാർക്ക് പ്രായപരിധി ഏർപ്പെടുത്തില്ല

സുരക്ഷാ നടപടികളുടെ ചുമതല പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയേക്കുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡൽഹി | കൗമാരക്കാർക്ക് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം, അവരുടെ ഉപയോഗം സ്വയം നിയന്ത്രിക്കാൻ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സർക്കാർ. സമ്പൂർണ വിലക്കുകൾ നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും ഇത്തരം നിയന്ത്രണങ്ങൾ കൗമാരക്കാരെ സുരക്ഷാ സംവിധാനങ്ങൾ കുറവുള്ള പ്ലാറ്റ്ഫോമുകളിലേക്ക് നയിക്കാമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇതുസംബന്ധിച്ച വിവിധ സാധ്യതകൾ പരിശോധിച്ചു വരികയാണെന്നാണ് റിപോർട്ട്. സ്‌കൂൾ സമയങ്ങളിൽ സാമൂഹിക മാധ്യമ ഉപയോഗത്തിന് നിയന്ത്രണം, രാത്രി സമയത്തെ പ്രവേശന വിലക്ക്, ദിവസേനയുള്ള സ്‌ക്രീൻ സമയം പരിമിതപ്പെടുത്തൽ, രക്ഷിതാക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സൗകര്യം എന്നിവയാണ് പരിഗണനയിലുള്ളത്. അമേരിക്കയിൽ മെറ്റ മുന്നോട്ടുവെച്ച നിർദേശങ്ങളുമായി സാമ്യമുള്ളതാണ് സമീപനം.

കൗമാരക്കാരുടെ സാമൂഹിക മാധ്യമ ഉപയോഗം ദിവസവും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തുക, അർധരാത്രി മുതൽ പുലർച്ചെ ആറ് വരെ പ്രവേശനം തടയുക, രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ അറിയിപ്പുകൾ നിശബ്ദമാക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ മുന്നോട്ടുവെച്ചിട്ടുണ്ട്. തുടർച്ചയായി 15 മിനുട്ട് ഉപയോഗിച്ചാൽ മുന്നറിയിപ്പ് നൽകാനും രക്ഷിതാക്കളുടെ അനുമതിയോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനും പദ്ധതിയുണ്ട്.
അതേസമയം, ഡിജിറ്റൽ പേഴ്‌സനൽ ഡാറ്റ പ്രൊട്ടക്‌ഷൻ (ഡി പി ഡി പി) നിയമത്തിലെ വ്യവസ്ഥകൾ പ്ലാറ്റ്ഫോമുകൾ പാലിക്കേണ്ടതുണ്ട്. 18 വയസ്സിന് താഴെയുള്ളവരെ കുട്ടികളായി കണക്കാക്കുന്ന നിയമം, അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും ഉപയോഗിക്കാനും രക്ഷിതാക്കളുടെ സ്ഥിരീകരിക്കാവുന്ന സമ്മതം നിർബന്ധമാക്കുന്നു.

പ്രായം തിരിച്ചറിയുന്നതിനും രക്ഷിതാക്കളുടെ അനുമതി ഉറപ്പാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ കമ്പനികൾ ഒരുക്കേണ്ടിവരും. ഇന്ത്യയിൽ ചില വാട്‌സ്ആപ്പ് ഉപയോക്താക്കളോട് ജനനത്തീയതി സ്ഥിരീകരിക്കാൻ ആവശ്യപ്പെടുന്ന സംവിധാനം പരീക്ഷിച്ചുവരികയാണ്.

ആസ്‌ത്രേലിയയിൽ 16 വയസ്സിന് താഴെയുള്ളവരുടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് 2025 ഡിസംബറിൽ നിയന്ത്രണം കൊണ്ടുവന്നെങ്കിലും കുട്ടികൾ വ്യാജ വിവരങ്ങൾ ഉപയോഗിച്ചും പ്രായപരിശോധനയിലെ പോരായ്മകൾ മുതലെടുത്തും പ്ലാറ്റ്ഫോമുകളിൽ തുടരുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും സമാന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ സ്വകാര്യതാ ആശങ്കകളും നിയമപരമായ വ്യത്യാസങ്ങളും വെല്ലുവിളിയായിട്ടുണ്ട്. പ്രായപരിശോധനക്കായി കൂടുതൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് ഡാറ്റാ സുരക്ഷക്ക് ഭീഷണിയാകാമെന്നും ഡൽഹി ആസ്ഥാനമായ അഭിഭാഷക ശ്രുതി നാരായൺ ചൂണ്ടിക്കാട്ടി.

Content Highlights: The Indian government is considering self-regulatory measures for teen social media usage such as daily screen limits, school-hour mutes, and night curfews rather than outright age bans. Platforms must also comply with the Digital Personal Data Protection Act requiring verifiable parental consent for users under 18. Challenges around age verification effectiveness and personal data privacy remain key concerns globally.

Latest