National
ഇന്ത്യ - പാക് സംഘര്‍ഷം; ഇന്ത്യ യു എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറും
ഭീകരസംഘടനകളെ നിര്‍ണയിക്കുന്ന സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ ഇന്ത്യന്‍ സംഘം കാണും

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തെതുടര്‍ന്നുണ്ടായ ഇന്ത്യ – പാക് സംഘര്‍ഷത്തില്‍ ഇന്ത്യ യു എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറും. ഇതിനായി അംബാസിഡര്‍ പി ഹരീഷ് യു എന്‍ സുരക്ഷാ സമിതിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കും.
ഭീകരസംഘടനകളെ നിര്‍ണയിക്കുന്ന സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ ഇന്ത്യന്‍ സംഘം കാണും. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകള്‍ ഈ സംഘത്തിന് മുന്നില്‍ സമര്‍പ്പിക്കും. യു എന്‍ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടര്‍ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം തെളിവുകള്‍ ബോധ്യപ്പെടുത്തും.
യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സംസാരിച്ചതിനു പിന്നാലെയാണ് ഇന്ത്യ സംഘത്തെ അയക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഫോണില്‍ സംസാരിച്ച ഷഹബാസ് ഷെരീഫ് ഗുട്ടറസിനു ചില ഉറപ്പുകള്‍ നല്‍കിയതായാണ് വിവരം. ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ ധാരണ പാലിക്കുമെന്നതടക്കമുള്ള ഉറപ്പുകളാണ് ഷഹബാസ് ഷെരീഫ് ഗുട്ടറസിന് നല്‍കിയതെന്നാണ് വിവരം.