Connect with us

india- china border issue

ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സില്‍ ഇന്ത്യ- ചൈന സൈനിക പിന്മാറ്റം പൂര്‍ത്തിയായി

കമാന്‍ഡര്‍തലത്തിൽ 16 തവണ ചര്‍ച്ച നടന്നതിനൊടുവിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.

Published

|

Last Updated

ന്യൂഡല്‍ഹി | ലഡാക്കിലെ പ്രധാന കേന്ദ്രമായ ഹോട്ട് സ്പ്രിംഗ്‌സില്‍ നിന്ന് ഇന്ത്യ- ചൈന സൈനികരുടെ പിന്മാറ്റം പൂര്‍ത്തിയായി. ഇവിടെ മാസങ്ങളോളം ഇരുസൈനികരും മുഖാമുഖം നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പിന്മാറ്റം ആരംഭിച്ചത്.

കമാന്‍ഡര്‍തലത്തിൽ 16 തവണ ചര്‍ച്ച നടന്നതിനൊടുവിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര- ഹോട്ട് സ്പ്രിംഗ്‌സിലെ പട്രോളിംഗ് പോയിന്റ് 15ല്‍ നിന്നാണ് സൈനികര്‍ പിന്‍വാങ്ങിയത്. എല്‍ എ സിയിലെ യഥാര്‍ഥ കേന്ദ്രങ്ങളിലേക്കാണ് ഇരുസൈനികരും പിന്‍വാങ്ങിയത്. അതിന് ശേഷം ഇരുപക്ഷവും സൈനികരുടെ നില പരിശോധിക്കും.

ഷാംഗ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്‌ബെക്കിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായാണ് നിര്‍ണായക തീരുമാനമുണ്ടായത്. പ്രദേശത്തെ താത്കാലിക നിര്‍മിതികളും മറ്റ് പശ്ചാത്തലസൗകര്യങ്ങളും ഇരുപക്ഷവും പൊളിക്കാനും തീരുമാനമുണ്ടായിരുന്നു.

മുഖാമുഖം നിലയുറപ്പിക്കുന്നതിന് മുമ്പുള്ള സ്ഥിതി ഇവിടെ പുനഃസ്ഥാപിക്കും. ഗല്‍വാന്‍ മേഖലയില്‍ 2020 ജൂണില്‍ ഇരുസൈനികരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കുകയും 40ലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരുക്ക് പറ്റുകയോ ചെയ്തിരുന്നു.