Kerala
ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്ന സംഭവം; പമ്പ പോലീസ് കേസെടുത്തു
അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയത് ഗൗരവകരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
പത്തനംതിട്ട|ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ അനുമതി ഇല്ലാതെ പറന്ന സംഭവത്തില്‍ കേസെടുത്ത് പോലീസ്. പമ്പ പോലീസ് ആണ് കേസെടുത്തത്. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയത് ഗൗരവകരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, അന്തരീക്ഷം മേഘാവൃതമായതിനെ തുടര്‍ന്ന് ദിശതെറ്റി പറന്ന് പോയതാണെന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.
ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ സാന്നിധ്യം ഇതാദ്യമായാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ ഹെലികോപ്റ്റര്‍ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ ശ്രീകോവിലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. നിലക്കല്‍, പമ്പ, സന്നിധാനം മേഖലകളില്‍ ഡ്രോണുകള്‍ പോലും അനുവദനീയമല്ല. വിവിഐപികളുമായി നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് മുന്‍കൂട്ടി അനുമതി വേണം. ഈ സാഹചര്യത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റേതാണെങ്കില്‍ പോലും ഹെലികോപ്റ്റര്‍ സന്നിധാനത്തിനു മുകളില്‍ എത്തിയത് അതീവ ഗൗരവമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എഡിജിപി ശ്രീജിത്ത് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടും കോടതിക്ക് കൈമാറും.




