Malappuram
പഠനസൗകര്യങ്ങളിലെ അപര്യാപ്തത രാഷ്ട്രീയ മാനിഫെസ്റ്റോകളില്‍ മുഖ്യ അജണ്ടയാക്കണം: എസ് എസ് എഫ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തിറക്കുന്ന പ്രകടനപത്രികകളില്‍ കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം, ജില്ലയുടെ വിദ്യാഭ്യാസ ഭൂപടം മാറ്റിവരയ്ക്കുന്ന കൃത്യമായ കര്‍മ്മപദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നും മഞ്ഞപ്പറ്റ ഐ സി എസ് അക്കാദമിയില്‍ ചേര്‍ന്ന ജില്ല സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു
മഞ്ചേരി | ജില്ലയിലെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന കടുത്ത അവഗണനയ്ക്കും പ്രതിസന്ധികള്‍ക്കും ശാസ്ത്രീയമായ പരിഹാരം കാണാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തിറക്കുന്ന പ്രകടനപത്രികകളില്‍ കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം, ജില്ലയുടെ വിദ്യാഭ്യാസ ഭൂപടം മാറ്റിവരയ്ക്കുന്ന കൃത്യമായ കര്‍മ്മപദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നും മഞ്ഞപ്പറ്റ ഐ സി എസ് അക്കാദമിയില്‍ ചേര്‍ന്ന ജില്ല സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗം താജു ശരീഅ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുശ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത് മുഖ്യ പ്രഭാഷണം നടത്തി.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ഹയര്‍ സെക്കണ്ടറി, ബിരുദ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാത്തത് ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുകയാണ്. മെഡിക്കല്‍ കോളജ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതിയായ ലാബ്, ക്ലാസ് റൂം സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. കാലഹരണപ്പെട്ട കോഴ്‌സുകള്‍ക്ക് പകരം എ.ഐ, റോബോട്ടിക്‌സ് തുടങ്ങിയ ന്യൂ-ജെന്‍ കോഴ്‌സുകള്‍ സര്‍ക്കാര്‍ കോളജുകളില്‍ ആരംഭിക്കണമെന്നും ഓരോ മണ്ഡലങ്ങളിലും സ്‌കില്‍ ഹബ്ബുകള്‍ സ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുനീര്‍ സഖാഫി ഒമ്മല , മുഹമ്മദ് ഹാദി പ്രസീഡിയം നിയന്ത്രിച്ചു. ടി മുഹമ്മദ് ശുഹൈബ് സ്വാഗതവും ഉനൈസ് സഖാഫി നന്ദിയും പറഞ്ഞു.





