Connect with us

Ongoing News

മൂന്നാം കപ്പില്‍ കണ്ണും നട്ട്; നൂറ്റിനാല്‍പ്പത് കോടിയില്‍ പരം സ്വപ്‌നങ്ങള്‍ നെഞ്ചേറ്റി ടീം ഇന്ത്യ

ടീമിനെ വീണ്ടുമൊരു ലോക കിരീടത്തിലെത്തിക്കുകയെന്ന ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരാണ് ഇന്ത്യന്‍ സംഘത്തിലെ ഓരോരുത്തരും.

Published

|

Last Updated

അഹമ്മദാബാദ്‌ | ലോകകപ്പില്‍ തങ്ങളുടെ പതിനൊന്നാം മത്സരവും ജയിച്ച് കപ്പില്‍ മുത്തമിടാനൊരുങ്ങി ടീം ഇന്ത്യ. കലാശത്തില്‍ ആസ്‌ത്രേലിയ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളിയെ ഇതുവരെ പുലര്‍ത്തിയ ഓള്‍റൗണ്ട് മികവിന്റെ കരുത്തില്‍ അതിജയിക്കാന്‍ കഴിയുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല ലോകത്തെ ക്രിക്കറ്റ് ഇതിഹാസങ്ങളില്‍ പലരും അത്തരമൊരു പ്രവചനം നടത്തിക്കഴിഞ്ഞിട്ടുണ്ട്. മുന്‍ മത്സരത്തില്‍ മഞ്ഞപ്പടയെ ആധികാരികമായി തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നതും ഇന്ത്യയെ സംബന്ധിച്ച് കരുത്തേറ്റുന്ന ഘടകമാണ്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിംഗിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ വീറോടെ പരസ്പരം മത്സരിക്കുന്നതും കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ബാറ്റിങിനെ പിന്തുണക്കുന്നതാണെന്നാണ് വിലയിരുത്തല്‍. ടോസ് നിര്‍ണായകമാകുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ടോസില്‍ വലിയ കാര്യമുണ്ടാകില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പക്ഷം. ഇതുവരെ ഇന്ത്യ നടത്തിയ പ്രകടനമാണ് ഈയൊരു വിശ്വാസത്തിലേക്ക് നായകനെ നയിക്കുന്ന പ്രധാന ഘടകം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്സരത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും രോഹിത് കരുതുന്നു.

ഈ ലോകകപ്പില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കായിരുന്നു മുന്‍തൂക്കം. മൈതാനത്ത് നാല് മത്സരങ്ങള്‍ നടന്നപ്പോള്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കായിരുന്നു വിജയം.

നാല്‍പത് കോടി വരുന്ന ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ ഫോമിന്റെ പരകോടിയില്‍ നില്‍ക്കുന്ന താരങ്ങള്‍ പൂവണിയിക്കുക തന്നെ ചെയ്യുമെന്നാണ് ഈ ലോകകപ്പിലെ കഴിഞ്ഞ അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഒരാള്‍ ഫോം ഔട്ടായാല്‍ മറ്റൊരാളുണ്ടാകുമെന്നതാണ് ബാറ്റിങിലെ കരുത്ത്. ബൗളിങിലും അതങ്ങനെ തന്നെ. ടീമിനെ വീണ്ടുമൊരു ലോക കിരീടത്തിലെത്തിക്കുകയെന്ന ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരാണ് ഇന്ത്യന്‍ സംഘത്തിലെ ഓരോരുത്തരും.

എന്നാല്‍, തോല്‍വികളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് മുന്നോട്ട് കുതിക്കാന്‍ കെല്‍പ്പുള്ള മഞ്ഞപ്പടയെ എഴുതിത്തള്ളാനാകില്ല. തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കാന്‍ സര്‍വ ശക്തിയുമെടുത്ത് അവര്‍ അടരാടുമെന്നതുറപ്പ്. അതിനാല്‍ത്തന്നെ ഫൈനല്‍ ഉദ്വേഗജനകമായ, തീപാറുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.