Connect with us

National

അസാധ്യമായി ഒന്നുമില്ല; ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി മൂന്നടിക്കാരന്‍ ശിവലാല്‍

Published

|

Last Updated

ഹൈദരാബാദ് | മൂന്നടി ഉയരമുള്ള വ്യക്തിക്ക് ഡ്രൈവിങ് ലൈസന്‍സ്. ഇന്ത്യയില്‍ ആദ്യമായാണ് മൂന്നടിക്കാരന് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നത്. ഹൈദരാബാദ് കുക്കട്ട്പല്ലി സ്വദേശി ഗട്ടിപ്പല്ലി ശിവലാല്‍ (42)നാണ്  ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ശിവലാല്‍. ട്രാന്‍സ്‌പോര്‍ട്ട് ബസിനെയും ട്രെയിനിനെയും മറ്റുമാണ് യാത്രക്കായി ഇത്രയും കാലം ശിവലാല്‍ ആശ്രയിച്ചിരുന്നത്. ബസിലും മെട്രോയിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ മറ്റ് യാത്രക്കാരില്‍ നിന്ന് വേദനാജനകമായ പെരുമാറ്റങ്ങള്‍ അനുഭവിക്കേണ്ടി വന്നതോടെയാണ് ഡ്രൈവിങ് പഠിക്കാന്‍ ശിവലാല്‍ തീരുമാനിച്ചത്.

ഉയരം കുറഞ്ഞവര്‍ക്കായി പ്രത്യേക സീറ്റുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍ പരിഷ്‌കരിക്കുന്ന ഒരു വീഡിയോ യൂട്യൂബില്‍ കണ്ട ശേഷമാണ് ഇത്തരമൊരു കാറിനായുള്ള ആഗ്രഹം ശിവലാലിന്റെ മനസില്‍ വേരുറപ്പിച്ചത്. തുടര്‍ന്ന് ആ മാതൃകയില്‍ കാര്‍ പരിഷ്‌കരിച്ചെടുക്കുകയും ഡ്രൈവിങ് പഠിക്കുകയും ചെയ്തു. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതോടെ ശിവലാലന്‍ തന്നെ ഭാര്യയെ വാഹനം ഓടിക്കാന്‍ പഠിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. തന്നെപ്പോലെ ഉയരക്കുറവുള്ളവര്‍ക്ക് ഡ്രൈവിങ് പഠിക്കുന്നതിനായി നഗരത്തില്‍ പ്രത്യേക ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങണമെന്നതാണ് ശിവലാലിന്റെ അടുത്ത ആഗ്രഹം.

Latest