Eduline
ഐ ഐ ടികളിൽ ഡിസൈൻ സ്വപ്നങ്ങൾക്ക് പുതിയ വാതിൽ
2027-28 അധ്യയനവർഷത്തെ പ്രവേശനത്തിനായി ഐ ഐ ടി ബോംബെ നടത്തുന്ന ഈ രണ്ട് പരീക്ഷകൾക്കും ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ശാസ്ത്ര- സാങ്കേതിക മികവിനൊപ്പം ക്രിയേറ്റീവ് ഡിസൈൻ വിദ്യാഭ്യാസരംഗത്തും മുൻനിരയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിൽ വിവിധ ഡിസൈൻ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഡക്റ്റ് ഡിസൈൻ, യു എക്സ്/യു ഐ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, അനിമേഷൻ, ട്രാൻസ്പോർട്ടേഷൻ ഡിസൈൻ തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര നിലവാരമുള്ള കരിയർ ഉറപ്പാക്കുന്ന ബി ഡെസ് പ്രവേശനത്തിന് യു സീഡ് പരീക്ഷയും എം ഡെസ്, പിഎച്ച് ഡി പ്രവേശനത്തിന് സീഡ് പരീക്ഷയുമാണ് ദേശീയതലത്തിൽ നടത്തുന്നത്. 2027-28 അധ്യയനവർഷത്തെ പ്രവേശനത്തിനായി ഐ ഐ ടി ബോംബെ നടത്തുന്ന ഈ രണ്ട് പരീക്ഷകൾക്കും ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
യു സീഡ്
ബിരുദ പ്രോഗ്രാം (ബി ഡെസ്)
യു സീഡ് വഴി നാല് വർഷം (എട്ട് സെമസ്റ്റർ) ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്) പ്രോഗ്രാമിലേക്കാണ് പ്രവേശനം നൽകുന്നത്. കൂടാതെ ഐ ഐ ടി ബോംബെയിൽ ബി ഡെസ് കോഴ്സിനൊപ്പം അഞ്ചാം വർഷത്തിൽ എം ഡെസ് കൂടി കരസ്ഥമാക്കാവുന്ന അഞ്ച് വർഷത്തെ ഡ്യുവൽ ഡിഗ്രി തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.
സ്ഥാപനങ്ങൾ
ഐ ഐ ടി ബോംബെ- ഡൽഹി- ടി ഗുവാഹത്തി- ഹൈദരാബാദ്- ഇൻഡോർ- റൂർക്കി, ഐ ഐ ഐ ടി ഡി എം ജബൽപൂർ എന്നിവയാണ് യു സീഡ് റാങ്ക് അടിസ്ഥാനമാക്കി ബി ഡെസ് പ്രവേശനം നൽകുന്ന പ്രധാന സ്ഥാപനങ്ങൾ.
ഐ ഐ ടികൾക്ക് പുറമേ, രാജ്യത്തുടനീളമുള്ള 47ഓളം പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുകൾ യു സീഡ് സ്കോർ അടിസ്ഥാനമാക്കി ബി ഡെസ് പ്രവേശനം നൽകുന്നുണ്ട്. ബിറ്റ്സ് ഡിസൈൻ സ്കൂൾ, ഫുട്വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നോയിഡ, വി ഐ ടി സ്കൂൾ ഓഫ് ഡിസൈൻ വെല്ലൂർ, ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി ഡൽഹി, തേജ്പൂർ യൂനിവേഴ്സിറ്റി അസം തുടങ്ങിയവ യു സീഡ് സ്കോർ പരിഗണിക്കുന്ന പ്രശസ്ത സ്ഥാപനങ്ങളിൽ ചിലതാണ്.
അക്കാദമിക് യോഗ്യതയും സ്ട്രീമുകളും
2026ൽ പ്ലസ് ടു/ഹയർ സെക്കൻഡറി (10+2) ജയിച്ചവർക്കും 2027ൽ അവസാന വർഷ പരീക്ഷയെഴുതുന്നവർക്കും, കൂടാതെ എ ഐ സി ടി ഇ അല്ലെങ്കിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ അംഗീകാരമുള്ള കുറഞ്ഞത് മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്കും യു സീഡ് പരീക്ഷക്ക് അപേക്ഷിക്കാം. എന്നാൽ, പങ്കാളിത്ത സ്ഥാപനങ്ങളുടെ ബി ഡെസ് പ്രവേശന മാനദണ്ഡങ്ങളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവരെ ചിലപ്പോൾ പരിഗണിച്ചേക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സയൻസ്, കൊമേഴ്സ്, ആർട്സ്/ഹ്യൂമാനിറ്റീസ് തുടങ്ങി ഏത് സ്ട്രീമുകാർക്കും ഐ ഐ ടി ബോംബെ- ഡൽഹി- ഹൈദരാബാദ്- ഇൻഡോർ എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക് ഐ ഐ ടി ഗുവാഹത്തി, റൂർക്കി എന്നിവിടങ്ങളിലേക്കും മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി പഠിച്ചവർക്ക് ഐ ഐ ഐ ടി ഡി എം ജബൽപൂരിലേക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
ജനറൽ/ഇ ഡബ്ല്യൂ എസ്/ ഒ ബി സി-എൻ സി എൽ വിഭാഗക്കാർ 2002 ഒക്ടോബർ ഒന്നിന് ശേഷവും എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർ 1997 ഒക്ടോബർ ഒന്നിന് ശേഷവും (അഞ്ച് വർഷത്തെ ഇളവോടെ) ജനിച്ചവരായിരിക്കണം. തുടർച്ചയായ രണ്ട് വർഷങ്ങളിൽ പരമാവധി രണ്ട് തവണ മാത്രമേ യു സീഡ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ.
യു സീഡ് പരീക്ഷാ രീതി
ആകെ 300 മാർക്കിനായി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്ക് പാർട്ട്- എ, പാർട്ട്- ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണുള്ളത്.
ആദ്യത്തെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പാർട്ട്- എ (200 മാർക്ക്) ഉൾപ്പെടുന്നു. ഇതിൽ മൂന്ന് തരത്തിലുള്ള ചോദ്യങ്ങളാണുള്ളത്.
സംഖ്യാ അധിഷ്ഠിത ഉത്തരങ്ങൾ നൽകേണ്ട ന്യൂമെറിക്കൽ ആൻസർ ടൈപ്പ് വിഭാഗത്തിലെ 14 ചോദ്യങ്ങൾ (56 മാർക്ക്), ഒന്നിലധികം ശരിയുത്തരങ്ങൾ തിരഞ്ഞെടുക്കാവുന്ന മൾട്ടിപ്പിൾ സെലക്ട് ക്വസ്റ്റ്യൻസ് വിഭാഗത്തിലെ 15 ചോദ്യങ്ങൾ (60 മാർക്ക്), തെറ്റായ ഉത്തരങ്ങൾക്ക് -0.71 നെഗറ്റീവ് മാർക്കിംഗുള്ള 28 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (84 മാർക്ക്) എന്നിവയാണവ.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ അധിഷ്ഠിത ഡ്രോയിംഗ്/ഡിസൈൻ പരീക്ഷയായ പാർട്ട്- ബി യിൽ (100 മാർക്ക്) വിദ്യാർഥികളുടെ സ്കെച്ചിഗ്, ഡിസൈൻ ആപ്റ്റിറ്റ്യൂഡ് എന്നിവ വിലയിരുത്തുന്ന 50 മാർക്ക് വീതമുള്ള ഓരോ ചോദ്യങ്ങൾ വീതമുണ്ടാകും.
Content Highlights: IIT Bombay has opened online applications for UCEED and CEED national-level entrance exams for the 2027-28 academic session. UCEED provides entry into four-year BDes programs across top IITs and other participating institutes. Candidates from all streams with 10+2 qualifications are eligible to apply subject to specific institute criteria.





