Connect with us

Career Education

അറിയാം, നാറ്റയെ

കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന ഈ പരീക്ഷ വിദ്യാർഥികളുടെ ഡിസൈൻ കഴിവ്, ഡ്രോയിംഗ്, നിരീക്ഷണ കഴിവ്, വിമർശനാത്മക ചിന്ത തുടങ്ങിയവ വിലയിരുത്തുന്നു.

Published

|

Last Updated

ന്ത്യയിലെ വിവിധ ആർക്കിടെക്ചർ കോളജുകളിലെ അഞ്ച് വർഷ ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി ആർക്) കോഴ്‌സിലെ പ്രവേശന യോഗ്യതക്കുള്ള ദേശീയതല അഭിരുചി പരീക്ഷയാണ് നാറ്റ (NATA- National Aptitude Test in Architecture). കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന ഈ പരീക്ഷ വിദ്യാർഥികളുടെ ഡിസൈൻ കഴിവ്, ഡ്രോയിംഗ്, നിരീക്ഷണ കഴിവ്, വിമർശനാത്മക ചിന്ത തുടങ്ങിയവ വിലയിരുത്തുന്നു.

അപേക്ഷാ യോഗ്യത

നാറ്റയുടെ അപേക്ഷാ യോഗ്യത ബി ആർക് കോഴ്‌സിന്റെ പ്രവേശന യോഗ്യതയുമായി ചേർന്നുനിൽക്കുന്നു. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ നിർബന്ധമായും കമ്പ്യൂട്ടർ സയൻസ്/ ഐ ടി/ കെമിസ്ട്രി/ എൻജിനീയറിംഗ് ഗ്രാഫിക്‌സ്/ ബിസിനസ്സ് സ്റ്റഡീസ് എന്നിവയിലൊന്നും പഠിച്ച് ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ ജയിച്ചവർക്കാണ് അർഹത.

മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് മൂന്ന് വർഷ ഡിപ്ലോമ പാസ്സായവർക്കും അർഹതയുണ്ട്. അതിനാൽ, പ്രസ്തുത വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/ തത്തുല്യം പാസ്സായവർ, ഇപ്പോൾ പരീക്ഷ എഴുതുന്നവർ, മൂന്ന് വർഷ ഡിപ്ലോമ ജയിച്ചവർ/ പരീക്ഷ എഴുതുന്നവർ എന്നിവർക്ക് നാറ്റക്ക് അപേക്ഷിക്കാം.

പരീക്ഷാ അവസരങ്ങൾ

ഏപ്രിൽ മുതൽ ജൂൺ വരെ, ആഗസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിൽ നിരവധി തവണ പരീക്ഷ എഴുതാൻ അവസരമുണ്ട്. ഏപ്രിൽ നാല് മുതൽ ജൂൺ 13 വരെയുള്ള ഒന്നാം ഘട്ട കാലയളവിൽ എല്ലാ വെള്ളിയും ശനിയും പരീക്ഷയുണ്ട്. ശനി രാവിലെയും ഉച്ചക്കും എഴുതാം. ഈ ഘട്ടത്തിൽ അപേക്ഷകന് രണ്ട് തവണ പരീക്ഷ എഴുതാം.

ഒന്നാം ഘട്ടത്തിൽ പരീക്ഷക്ക് ഹാജരാകാൻ കഴിയാത്തവർക്ക് ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയിൽ ഒരു തവണ എഴുതാം. ഇത് കോളജുകളിലെ പ്രവേശന കൗൺസിലിംഗ് നടന്ന ശേഷം ബാക്കിയാകുന്ന സീറ്റുകളിലെ പ്രവേശനത്തിന് പരിഗണിക്കുന്നതിനാണ്.

അപേക്ഷാ രീതി

നാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. വ്യക്തിഗത വിവരങ്ങൾ നൽകുക, ഫോട്ടോ അപ് ലോഡ് ചെയ്യൽ, ഫീ നൽകുന്നത് എന്നതാണ് ഇത് വഴി ചെയ്യുന്നത്. തുടർന്ന് പരീക്ഷക്ക് ഹാജരാകേണ്ട ദിവസവും സെഷനും തിരഞ്ഞെടുക്കണം. ഏപ്രിൽ നാല്, 11, 18, 25, മേയ് രണ്ട്, ഒന്പത്, 16, 23, 30, ജൂൺ ആറ്, 13 എന്നീ ശനിയാഴ്ചകളിൽ നടക്കുന്ന സെഷനുകൾക്ക് തൊട്ടുമുന്പുള്ള ചൊവ്വ രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 10, 17, 24, മേയ് എട്ട്, 15, 22, 29, ജൂൺ അഞ്ച്, 12 എന്നീ വെള്ളിയാഴ്ചകളിൽ നടക്കുന്ന സെഷനുകൾക്ക് തൊട്ടുമുമ്പുള്ള തിങ്കൾ രാത്രി 11.59 വരെയും രജിസ്റ്റർ ചെയ്യാം.

പരീക്ഷാ ഘടന

മൂന്ന് മണിക്കൂർ പരീക്ഷക്ക് 90 മിനുട്ട് വീതമുള്ള രണ്ട് ഭാഗങ്ങളുണ്ടാകും. ആകെ മാർക്ക് 200. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഭാഗികമായി ഓൺലൈൻ/ ഓഫ് ലൈൻ രീതിയിലായിരിക്കും.
പാർട്ട് ഒന്ന് ഓഫ്‌ലൈൻ രീതിയിൽ ചെയ്യേണ്ട ഡ്രോയിംഗ് ആൻഡ് കോമ്പസിഷൻ ടെസ്റ്റാണ്. ആകെ മൂന്ന് ചോദ്യങ്ങൾ മാത്രം. കോമ്പസിഷൻ ആൻഡ് കളർ (25 മാർക്ക്), സ്‌കെച്ചിംഗ് ആൻഡ് കോമ്പസിഷൻ – ബ്ലാക്ക് ആൻഡ് വൈറ്റ് (25), ത്രി ഡി കോമ്പസിഷൻ (30) എന്നിങ്ങനെ ആകെ 80 മാർക്ക് എന്ന വിധത്തിലാണ് ഘടന.

പാർട്ട് രണ്ട് ഓൺലൈൻ മാതൃകയിലാണ്. 50 ചോദ്യങ്ങൾ 120 മാർക്ക്. ഇതിൽ 42 എണ്ണം മൾട്ടിപ്പിൾ ചോയ്‌സായും എട്ടെണ്ണം ചോയ്‌സ് ഇല്ലാതെയും എഴുതേണ്ടവയാണ്. ജനറൽ നോളജ്, ന്യൂമറിക്കൽ എബിലിറ്റി, വിഷ്വൽ റീസണിംഗ്, ലോജിക്കൽ ഡെറിവേഷൻ, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, ലാംഗ്വേജ് ഇന്റർപ്രെട്ടേഷൻ, ഡിസൈൻ സെൻസിറ്റിവിറ്റി ആൻഡ് തിങ്കിംഗ് തുടങ്ങിയ മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ.

പ്രവേശനം കേരളത്തിൽ

കേരളത്തിലെ സ്ഥാപനങ്ങളിലെ ബി ആർക് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ നാറ്റ സ്‌കോർ പരിഗണിക്കുന്നുണ്ട്. ഹയർ സെക്കൻഡറി/ തത്തുല്യം പരീക്ഷയുടെ മാർക്കിനും നാറ്റ സ്‌കോറിനും തുല്യ പരിഗണന നൽകിയാണ് റാങ്ക് നിശ്ചയിക്കുന്നത്. അതിനാൽ, യോഗ്യതാ പരീക്ഷയിലെ മാർക്ക്, നാറ്റ സ്‌കോർ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് യഥാസമയം സമർപ്പിക്കാൻ ശ്രദ്ധവേണം.

മറ്റ് വിവരങ്ങൾ

പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാ ദിവസം തിരഞ്ഞെടുത്തതിനനുസരിച്ച് യഥാക്രമം ചൊവ്വ/ ബുധൻ മുതൽ ഡൗൺലോഡ് ചെയ്തെടുക്കാം. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കോയമ്പത്തൂർ, കന്യാകുമാരി, മംഗലാപുരം, മണിപ്പാൽ തുടങ്ങിയ സ്ഥലങ്ങളിലും എഴുതാം.

പരീക്ഷാ ഫീസ് ഒരു സെഷന് 1,750 രൂപ. സാമ്പത്തിക പിന്നാക്കം/ പട്ടിക/ ഭിന്നശേഷിക്കാർക്ക് 1,250 രൂപ. വിദേശത്തെ പരീക്ഷാ കേന്ദ്രത്തിൽ എഴുതുന്ന എല്ലാ വിഭാഗക്കാർക്കും 15,000 രൂപ.

ദുബൈയിൽ പരീക്ഷാ കേന്ദ്രമുണ്ട്.

വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: www.nta.in.
സഹായത്തിനുള്ള ഇ- മെയിൽ: support@nta-app.org.

ഫോൺ: 011/40759000, 69227700,
8956617577, 8956617578.
കേരളത്തിലെ പ്രവേശനത്തിനുള്ള വിവരങ്ങൾക്ക്: www.cee.kerala.gov.in

---- facebook comment plugin here -----

Latest