Connect with us

Kerala

ഒത്തുകളി നടത്തിയെന്ന ആരോപണം മന്ത്രി കൃഷ്ണന്‍കുട്ടി ഉയര്‍ത്തുമെന്ന് വിശ്വസിക്കുന്നില്ല; വിവാദ ശബ്ദരേഖയിലെ ആരോപണം നിഷേധിച്ച് മാത്യു ടി തോമസ്

തനിക്കെതിരേ ഉയര്‍ന്ന ആരോപണം തിരഞ്ഞെടുപ്പു കാലത്തെ വ്യാജ പ്രചാരണം മാത്രമാണ്.

Published

|

Last Updated

തിരുവല്ല | 2018 ലെ മഹാപ്രളയത്തിനു കാരണം അന്നു മന്ത്രിയായിരുന്ന താന്‍ കരിമണല്‍ ലോബിയുമായി ഒത്തുകളിച്ചതാണെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടേതായി പുറത്തുവന്നിട്ടുള്ള ശബ്ദരേഖയിലെ ആരോപണം നിഷേധിച്ച് മാത്യു ടി തോമസ്. തനിക്കെതിരേ ഉയര്‍ന്ന ആരോപണം തിരഞ്ഞെടുപ്പു കാലത്തെ വ്യാജ പ്രചാരണം മാത്രമാണെന്ന് മാത്യു ടി തോമസ് പറഞ്ഞു. തിരുവല്ലയില്‍ വീണ്ടും സ്ഥാനാര്‍ഥിയായ തനിക്കെതിരേയുള്ള രാഷ്ട്രീയ ആയുധമായേ ഇതിനെ കാണുന്നുള്ളൂ. കൃഷ്ണന്‍കുട്ടി ഇത്തരം ഒരു പരാമര്‍ശം നടത്തിയതായി തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല.

2018ല്‍ ഉണ്ടായ വെള്ളപ്പൊക്ക സമയത്ത് തോട്ടപ്പള്ളി സ്പില്‍വേ തുറന്നാണ് കിടന്നിരുന്നത്. ആ സമയത്ത് വൈദ്യുതി വിതരണം ഇല്ലാതിരുന്നതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്തത്. മാത്യു കുഴല്‍നാടന്‍ പരാമര്‍ശിച്ച മേരി മാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി എതിര്‍ സ്ഥാനാര്‍ഥികളുടെ കൈയിലെ ചട്ടുകം മാത്രമാണ്. വിഷയം നിയമസഭയില്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ തന്നെ ഇതിന് താന്‍ വ്യക്തമായ മറുപടിയും നല്‍കിയിരുന്നുവെന്നും മാത്യു ടി തോമസ് പറഞ്ഞു.

ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്റെ വിശ്വാസ്യത ഹൈക്കോടതി പോലും ചോദ്യം ചെയ്തതാണ്. താന്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്നയാളല്ലെന്ന് ജനങ്ങള്‍ക്കറിയാം. ഒത്തുകളി നടത്തിയെന്ന ആരോപണം മന്ത്രി കൃഷ്ണന്‍കുട്ടി ഉയര്‍ത്തുമെന്ന് വിശ്വസിക്കുന്നുമില്ല. വിശ്വാസ്യതയില്ലാത്ത ആരോപണമാണ് തനിക്കെതിരേ ഉയര്‍ത്തുന്നതെന്നും മാത്യു ടി തോമസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഇങ്ങനെ വെടിപൊട്ടിക്കേണ്ട കാര്യമില്ല. ആരോപണം ജനം പുച്ഛിച്ചുതള്ളും. തനിക്ക് മാത്യു കുഴല്‍നാടന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പ്രളയത്തിന് ശേഷവും മത്സരിച്ച് പതിനായിരത്തിലേറെ വോട്ടിന് വിജയിച്ചയാളാണ് താനെന്നും മാത്യു ടി തോമസ് പറഞ്ഞു.

അതേസമയം, കരിമണല്‍ ലോബിയെ സഹായിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നതും ഡാം മാനേജ്മെന്റിലെ അട്ടിമറികളുമാണ് മഹാപ്രളയത്തിനു കാരണമെന്ന് മന്ത്രി കൃഷ്ണ്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖ പ്രചാരണത്തിന്റെ അവസാനദിവസം പത്തനംതിട്ട ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് പിടിവള്ളിയായി. തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളില്‍ ഇന്നലത്തെ മറ്റു പ്രചാരണ പരിപാടികള്‍ മാറ്റിവച്ച് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തി.

 

Latest