Connect with us

Articles

വേട്ടയാടല്‍ രാഷ്ട്രീയവും നീതിപീഠവും

ഭരണകൂട ഏജന്‍സികളെ ദുരുപയോഗം ചെയ്തു കൊണ്ട് രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അന്തസ്സത്തക്ക് യോജിക്കാത്ത ഏര്‍പ്പാടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധവും ജനദ്രോഹപരവുമായ നടപടികളെ നിര്‍ഭയം ചോദ്യം ചെയ്യാന്‍ പാര്‍ലിമെന്റ് അംഗങ്ങളടക്കമുള്ള ജനപ്രതിനിധികള്‍ക്ക് കഴിയാതെ വന്നാല്‍ ഇന്ത്യ ഒരു ബനാന റിപബ്ലിക്കായി മാറലായിരിക്കും ഫലം.

Published

|

Last Updated

ദേശീയ അന്വേഷണ ഏജന്‍സികള്‍ വിതക്കുകയും ബി ജെ പി കൊയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് സമീപകാല ഇന്ത്യന്‍ രാഷ്ട്രീയമെന്ന് സ്ഥൂല വായനയില്‍ തന്നെ ബോധ്യമാകും. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇ ഡിയും സി ബി ഐയും ആദായ നികുതി വകുപ്പുമെല്ലാം നിറഞ്ഞു കളിക്കുന്നതാണ് നാം കാണുന്നത്. തിരഞ്ഞെടുപ്പ് വേളകളില്‍ തലങ്ങും വിലങ്ങും റെയ്ഡുകള്‍ അരങ്ങേറുകയാണ്. പ്രതിപക്ഷത്തെ ഒരു ഡസനോളം പ്രധാന നേതാക്കളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിരന്തരം വേട്ടയാടികൊണ്ടിരിക്കുന്നുണ്ട്. അതില്‍ കോണ്‍ഗ്രസ്സ്, എ എ പി, തൃണമൂല്‍, ഡി എം കെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെല്ലാം ഉണ്ട്. അങ്ങനെയിരിക്കെ ഇ ഡിയുടെ അധികാരവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമ വ്യവഹാരത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം ഏറെ നിര്‍ണായകമായിരുന്നു. 2022 ജൂലൈ 27ന് സുപ്രീം കോടതി മൂന്നംഗ ബഞ്ച് വിധി പറഞ്ഞ വിജയ് മദന്‍ലാല്‍ ചൗധരി കേസായിരുന്നു അത്. പ്രസ്തുത വിധി നിയമ രാഷ്ട്രീയ രംഗങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇ ഡിക്ക് അമിതാധികാരം നല്‍കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്ന കള്ളപ്പണ നിരോധന നിയമത്തിലെ ചില വകുപ്പുകളുടെ ഭരണഘടനാപരത ചോദ്യം ചെയ്യുന്ന ഹരജികളിലായിരുന്നു പരമോന്നത നീതിപീഠം വിധി പ്രഖ്യാപിച്ചത്. വിധി നിര്‍ണായകമായിരുന്നത് മൂന്ന് സംഗതികളിലായിരുന്നെങ്കില്‍ അവയിലെല്ലാം കള്ളപ്പണ നിരോധന നിയമത്തിലെ പ്രസ്തുത വകുപ്പുകള്‍ ശരിവെക്കുന്ന നിലപാടായിരുന്നു സുപ്രീം കോടതിയുടേത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്തി സ്വത്ത് കണ്ടുകെട്ടാനുമെല്ലാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വകവെച്ചു നല്‍കിയിരിക്കുന്ന അധികാരം അമിതാധികാര പ്രയോഗമായി കണക്കാക്കേണ്ടതില്ലെന്ന തീര്‍പ്പായിരുന്നു പരമോന്നത കോടതിയുടേത്. സാധാരണ നിലയില്‍ കുറ്റം തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെങ്കില്‍ 2002ലെ കള്ളപ്പണ നിരോധന നിയമപ്രകാരം നേര്‍ വിപരീതമാണ് കാര്യങ്ങള്‍. കുറ്റം ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതന്‍ തെളിയിക്കണമെന്നാണ് വ്യവസ്ഥ. ജാമ്യം നിയമവും ജയില്‍ അപവാദവുമാണെന്ന നീതിന്യായ സിദ്ധാന്തം നിലനില്‍ക്കെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കര്‍ക്കശ ജാമ്യ വ്യവസ്ഥകള്‍ സുപ്രീം കോടതിയില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. പ്രസ്തുത വിധിക്ക് ശേഷം കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങളിലൊന്ന് രാജ്യ തലസ്ഥാനത്ത് നിന്നായിരുന്നു. ഡല്‍ഹിയിലെ എ എ പി സര്‍ക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍, ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റായിരുന്നു അത്. ഈ വര്‍ഷം ഫെബ്രുവരി 26 മുതല്‍ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഒടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത് അവഗണിക്കാനാകില്ല.

യഥാര്‍ഥത്തില്‍ കള്ളപ്പണ നിരോധന നിയമത്തിലെ വിവാദ വകുപ്പുകള്‍ ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ഉത്പന്നമാണ് മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള പുതിയ വിധി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയുടെ നിര്‍ദേശപ്രകാരം സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ മനീഷ് സിസോദിയയുമായി അടുപ്പമുള്ള സമീര്‍ മഹേന്ദ്രുവിന് കോടികള്‍ നല്‍കിയെന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആര്, എന്തിന് നല്‍കിയതെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളുണ്ടായിരുന്നില്ല. പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കേസ് ഇ ഡി ഏറ്റെടുക്കുകയായിരുന്നു.

മദ്യ ലൈസന്‍സികള്‍ക്ക് വഴിവിട്ട സഹായം ചെയ്ത് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് പറയുന്ന അഴിമതി ആരോപണത്തില്‍ മനീഷ് സിസോദിയ കോഴപ്പണം കൈപ്പറ്റിയെന്ന് തെളിയിക്കുന്ന ഒന്നും ഇ ഡിക്ക് കോടതിയില്‍ ഹാജരാക്കാനായിരുന്നില്ല. അത് കഴിയാത്തതിന്റെ പേരില്‍ സിസോദിയയുടെ ജാമ്യാപേക്ഷയിലെ വിചാരണക്കിടെ സുപ്രീം കോടതി ഇ ഡിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയുടെ ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ അതിനുള്ള കാരണമായി നീതിപീഠം ചൂണ്ടിക്കാട്ടിയത് 338 കോടി കൈമാറിയെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നാണ്. മനീഷ് സിസോദിയയെ പ്രസ്താവിത കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിന് തെളിവെവിടെ എന്ന് കലഹിച്ച പരമോന്നത നീതിപീഠം പണം കൈമാറിയെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ജാമ്യ ഹരജി തള്ളിയത് വൈരുധ്യമല്ലെങ്കില്‍ പിന്നെയെന്താണ്? കള്ളപ്പണ നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് പ്രസ്തുത നിയമപ്രകാരം കള്ളപ്പണ ഇടപാടിന്റെ ഭാഗമാകുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. അവ്യക്തതകള്‍ നിറഞ്ഞ ആ വ്യവസ്ഥകള്‍ നടേപറഞ്ഞ വിജയ് മദന്‍ലാല്‍ ചൗധരി കേസില്‍ ചോദ്യം ചെയ്യപ്പെട്ടതാണ്. പക്ഷേ സുപ്രീം കോടതി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു. അവ്യക്തതകള്‍ നിറഞ്ഞ ആ വാരിക്കുഴിയില്‍ വീഴ്ത്തിയാണ് സിസോദിയക്ക് അര്‍ഹമായ ജാമ്യം പോലും ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്. ഇവിടെ നീതിനിഷേധത്തില്‍ നീതിപീഠത്തിനുള്ള പങ്ക് അവിതര്‍ക്കിതമാണ്.
2019ലെ പി ചിദംബരം കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട ഗുരുതര കുറ്റകൃത്യമാണെങ്കില്‍ പോലും ജാമ്യം നിഷേധിക്കരുതെന്ന് സുപ്രീം കോടതി തന്നെ അടിവരയിടുന്നുണ്ട്. എന്നാല്‍ മനീഷ് സിസോദിയയുടെ കാര്യത്തില്‍ പ്രസ്തുത മാന്‍ഡേറ്റ് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല പുകമറകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. എട്ട് മാസമായി ജയിലില്‍ കഴിയുന്ന സിസോദിയക്ക് ജാമ്യം ലഭിച്ചിട്ടില്ല. കേസില്‍ വിചാരണ തുടങ്ങാന്‍ നടപടിയുമില്ല. അത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നത് ഭരണഘടന പൗരന്‍മാരുടെ മൗലികാവകാശമായി വിളംബരം ചെയ്തിരിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് നേരത്തേ സുപ്രീം കോടതി തന്നെ തീര്‍പ്പുകല്‍പ്പിച്ചതും നമ്മുടെ മുമ്പിലുണ്ട്.

ഭരണകൂട ഏജന്‍സികളെ ദുരുപയോഗം ചെയ്തു കൊണ്ട് രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അന്തസ്സത്തക്ക് യോജിക്കാത്ത ഏര്‍പ്പാടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധവും ജനദ്രോഹപരവുമായ നടപടികളെ നിര്‍ഭയം ചോദ്യം ചെയ്യാന്‍ പാര്‍ലിമെന്റ് അംഗങ്ങളടക്കമുള്ള ജനപ്രതിനിധികള്‍ക്ക് കഴിയാതെ വന്നാല്‍ ഇന്ത്യ ഒരു ബനാന റിപബ്ലിക്കായി മാറലായിരിക്കും ഫലം. ഭരണഘടനാ മൂല്യങ്ങള്‍ അപ്രസക്തമാകുകയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ യഥാര്‍ഥ ജനഹിതമല്ലാതായി മാറുകയും ചെയ്യും. അത്തരമൊരു ഇന്ത്യയെ രൂപപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ഭരണകൂടം ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണങ്ങളെ പുല്‍കുമ്പോള്‍ നീതിപീഠം കര്‍ത്തവ്യം നിര്‍വഹിക്കാന്‍ മറക്കരുത്.

ഒരു ഭാഗത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ വെച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുമ്പോള്‍ തന്നെയാണ് മറു വശത്ത് കണക്കിലില്ലാത്ത കോടികളൊഴുക്കി രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണപക്ഷ എം എല്‍ എമാരെ വിലക്കു വാങ്ങുന്നത്. പോയ വര്‍ഷങ്ങളിലെല്ലാം ജനഹിതം എതിരായ സംസ്ഥാനങ്ങളില്‍ രാജ്യം ഭരിക്കുന്നവര്‍ അതാണ് ചെയ്തു കൊണ്ടിരുന്നത്. കുതിര കച്ചവടത്തിലൂടെ ഭരണം പിടിക്കുന്നവര്‍ കോടികളുടെ കിലുക്കം കാട്ടിയാണ് എം എല്‍ മാരെ ചാക്കിട്ടു പിടിച്ചതൊക്കെയും. കൂടെ മന്ത്രി പദവി ഉള്‍പ്പെടെ വലിയ ഓഫറുകളും നല്‍കുന്നു. വഴങ്ങാത്തവരെയോ ശക്തരെയോ ആണ് ഇ ഡിയെയും മറ്റും ദുരുപയോഗം ചെയ്ത് വേട്ടയാടുന്നത്. ഭരണകൂടത്തിന്റെ പ്രലോഭന, പ്രകോപന രാഷ്ട്രീയ രീതികള്‍ രണ്ടും നമ്മുടെ ജനാധിപത്യത്തിന് അന്ത്യകൂദാശയൊരുക്കാനുള്ള നീക്കമാണെന്ന ബോധ്യമാണ് ജനാധിപത്യ മതനിരപേക്ഷ വാദികള്‍ക്കുണ്ടാകേണ്ടത്.