Aksharam Education
എങ്ങനെ എഴുതാം തിരക്കഥാ രചന
കഥയല്ല കാഴ്ചയാണ് തിരക്കഥയായി എഴുതുന്നത്. കഥയിൽ ഒരു വികാരം എഴുതി ഫലിപ്പിക്കുന്ന രീതി തിരക്കഥയിൽ വേണ്ടതില്ല
കഥ, നോവൽ കവിത എന്നിവയിൽ നിന്ന് വ്യത്യസ്തമായ സാഹിത്യ വിഭാഗമാണ് തിരക്കഥ. സിനിമ ടെലിവിഷൻ പരിപാടികൾ, റീൽസ്, തുടങ്ങി വീഡിയോ രൂപത്തിൽ തയ്യാറാക്കുന്ന ദൃശ്യാവിഷ്കാരങ്ങൾക്ക് വേണ്ടി തിരക്കഥ അത്യാവശ്യമാണ്. ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും എഴുതപ്പെട്ട രേഖയാണിത്. ചിത്രീകരിക്കുന്ന ഓരോ രംഗവും എവിടെ നടക്കുന്നു, എപ്പോഴാണ് എന്നീ കാര്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നു. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ ശരീരഭാഷ, ഭാവം, ഡയലോഗുകൾ തുടങ്ങിയവ ഇതിൽ വിശദമായി എഴുതിയിട്ടുണ്ടാകും. സീനുകൾ, ഷോട്ടുകൾ എന്നിവയടിസ്ഥാനമാക്കിയാണ് തിരക്കഥ രൂപപ്പെടുത്തുന്നത്. സിനിമ ചിത്രീകരിക്കാൻ സംവിധായകനും മറ്റ് അണിയറ പ്രവർത്തകർക്കും ഉള്ള വഴികാട്ടി കൂടിയാണ് തിരക്കഥ. കെട്ടിടം പണിയുമ്പോൾ പ്ലാൻ തയ്യാറാക്കുന്നത് പോലെയാണിത്.
ആശയം തിരക്കഥയായി മാറുന്നതിങ്ങനെ
മനസ്സിലുള്ള ആശയം ചെറിയൊരു പാരഗ്രാഫ് ആയി എഴുതുകയാണ് ആദ്യം ചെയ്യുന്നത്. പ്രധാന കഥാപാത്രം ആര്. അയാളുടെ ലക്ഷ്യം എന്ത് ? അദ്ദേഹം നേരിടുന്ന തടസ്സങ്ങൾ എന്തൊക്കെ? എന്നിങ്ങനെയുള്ള കാര്യങ്ങൾ പിന്നീട് ക്രമപ്പെടുത്തുന്നു. പ്രധാന കഥാപാത്രത്തിന്റെ സ്വഭാവം, ലക്ഷ്യം തുടങ്ങിയവയും ഇവിടെ പ്രതിപാദിക്കുന്നു. മൂന്നോ നാലോ അധ്യായങ്ങളായി തിരക്കഥയെ ക്രമീകരിക്കാം. ഓരോ അധ്യായങ്ങളിലും സംഭവങ്ങളെ സീനായി തിരിക്കും. സംഭവം നടക്കുന്ന പശ്ചാത്തലം രാത്രിയാണോ പകലാണോ എന്ന കാര്യങ്ങൾ ഒക്കെ വ്യക്തമാക്കണം. തിരക്കഥയിൽ പ്രധാനപ്പെട്ട ഒന്നാണ് സംഭാഷണങ്ങൾ. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവമനുസരിച്ച് സംഭാഷണങ്ങൾ എഴുതി തയ്യാറാക്കണം. അനാവശ്യ വാക്കുകൾ ഒഴിവാക്കി സ്ക്രീനിൽ തെളിയുന്ന ദൃശ്യങ്ങൾക്ക് അനുസരിച്ച് വേണം സംഭാഷണം രൂപപ്പെടുത്താൻ.
കഥയല്ല കാഴ്ചയാണ് തിരക്കഥയായി എഴുതുന്നത്. കഥയിൽ ഒരു വികാരം എഴുതി ഫലിപ്പിക്കുന്ന രീതി തിരക്കഥയിൽ വേണ്ടതില്ല. ഉദാഹരണം: അശോകൻ എന്ന കഥാപാത്രം ദുഃഖിതനാണ്. അയാൾ ദുഃഖഭാവത്തിൽ ഇരിക്കുന്നു. കണ്ണുനിറഞ്ഞ് കൈയിലെ കത്ത് വിറക്കുന്നുണ്ട്. എന്നെഴുതിയാൽ അഭിനയിക്കുന്നയാൾക്ക് ഭാവങ്ങൾ ഉൾക്കൊണ്ട് അഭിനയം സാധ്യമാകും. കൂടുതൽ വിവരണം അരുത്. കാഴ്ച/ ദൃശ്യം ഒരുക്കാൻ ആവശ്യമായ വരികൾ മതി. ശക്തമായ തുടക്കവും ഓരോ സീനുകളും ഭാവതീവ്രമായും അടുക്കും ചിട്ടയോടെയും എഴുതി ഫലിപ്പിക്കുകയും ചെയ്താൽ ഒരു തിരക്കഥ ഒടുക്കം വരെ ഗംഭീരമായിത്തീരും.
Content Highlights: A screenplay serves as the blue-print for visual storytelling, detailing scenes, character actions, and dialogues. Turning an idea into a script involves defining characters, structuring acts, and writing precise dialogues. Writers must focus on visual elements rather than narrative descriptions.




