Ongoing News
ഇന്‍സ്റ്റഗ്രാമിലെ പുതിയ മോഡറേഷന്‍ ടൂള്‍ എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ ലൈവ് സ്ട്രീമിനിടെ ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവിനെ മോഡറേറ്ററായി തിരഞ്ഞെടുക്കാന്‍ ഈ ഫീച്ചര്‍ നിങ്ങളെ അനുവദിക്കും.

ഇന്‍സ്റ്റാഗ്രാം അടുത്തിടെയാണ് ലൈവ് സ്ട്രീം സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വേണ്ടി മോഡറേഷന്‍ ടൂള്‍ അവതരിപ്പിച്ചത്. 2016-ല്‍ ഇന്‍സ്റ്റാഗ്രാം ലൈവ് ബ്രോഡ്കാസ്റ്റ് ഫീച്ചര്‍ അവതരിപ്പിച്ചെങ്കിലും, മോഡറേറ്റര്‍ ടൂള്‍ ചേര്‍ക്കാന്‍ പ്ലാറ്റ്ഫോമിന് 5 വര്‍ഷത്തിലേറെ സമയമെടുത്തു. ഇന്‍സ്റ്റാഗ്രാം ലൈവ് സ്രഷ്ടാക്കള്‍ക്ക് ഒരു മോഡ് നല്‍കാനും അവര്‍ക്ക് സ്ട്രീമിങ്ങില്‍ കൂടുതല്‍ അധികാരം നല്‍കുന്നതുമാണ് മോഡറേറ്റര്‍ ടൂള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ലൈവില്‍ നിന്ന് കാഴ്ചക്കാരെ നീക്കം ചെയ്യുക, ഒരു കാഴ്ചക്കാരന്റെ അഭിപ്രായങ്ങള്‍ ഓഫാക്കുക തുടങ്ങിയവ മോഡറേറ്റര്‍ ടൂള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം ലൈവ് ചെയ്യുന്നവര്‍ക്ക് ചെയ്യാം.
നിങ്ങളുടെ ലൈവ് സ്ട്രീമിനിടെ ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവിനെ മോഡറേറ്ററായി തിരഞ്ഞെടുക്കാന്‍ ഈ ഫീച്ചര്‍ നിങ്ങളെ അനുവദിക്കും. ലൈവ് സ്ട്രീം ചെയ്യുന്ന വ്യക്തിക്കോ തത്സമയ സംപ്രേഷണം കാണുന്ന ഉപയോക്താക്കള്‍ക്കോ അപകീര്‍ത്തികരമോ ഹാനികരമോ ആയേക്കാവുന്ന കമന്റുകള്‍ നീക്കം ചെയ്യാന്‍ മോഡറേറ്റര്‍ ടൂള്‍ സഹായിക്കും. ഇതുവരെ ലൈവ് സ്ട്രീം ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം സ്രഷ്ടാക്കള്‍ക്ക് മാത്രമേ കാഴ്ചക്കാരെ നീക്കം ചെയ്യാനോ കമന്റുകള്‍ ഓഫാക്കാനോ കഴിയുമായിരുന്നുള്ളൂ.
ലൈവ് സ്ട്രീമിങ്ങിനായി ഒരു മോഡറേറ്ററെ എങ്ങനെയാണ് നിയോഗിക്കുക
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ആദ്യം ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക. മുകളില്‍ വലത് കോണിലുള്ള ‘പ്ലസ്’ ഐക്കണില്‍ ടാപ്പുചെയ്ത് ഒരു ലൈവ് സ്ട്രീമിങ് ആരംഭിക്കുക. തുടര്‍ന്ന് ലൈവ് സ്ട്രീമിങ് സമയത്ത് കമന്റ് ബാറിലെ മൂന്ന് ഡോട്ട് ഐക്കണില്‍ ടാപ്പ് ചെയ്യുക. നിര്‍ദ്ദേശിച്ച അക്കൗണ്ടുകളുടെ ലിസ്റ്റില്‍ നിന്ന് ഒരു മോഡറേറ്ററെ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് മോഡറേറ്റര്‍ ആക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഉപയോക്താവിനായി തിരയാനും സാധിക്കും.