Connect with us

nabidinam

സ്നേഹിക്കാതിരിക്കുന്നതെങ്ങനെ!

അല്ലാഹുവിന്റെ ദൂതരായ തിരുനബി(സ)യെ സ്‌നേഹിക്കുന്നതും അവിടുന്ന് പഠിപ്പിച്ച ഓരോ കാര്യങ്ങളും ജീവിതത്തില്‍ സൂക്ഷ്മതയോടെ പിന്തുടരുന്നതും ഉത്തമനായ വിശ്വാസിയുടെ ലക്ഷണമാണ്. സ്‌നേഹം അതിലേറ്റവും പ്രധാനമാണ്. കാരണം, ഒരാളോട് സ്നേഹാധിക്യം ഉണ്ടാകുമ്പോഴാണ് അവര്‍ പറയുന്നത് പൂര്‍ണാര്‍ഥത്തില്‍ പിന്തുടരുന്ന വിതാനത്തിലേക്ക് മനുഷ്യ സ്വഭാവം എത്തുക.

Published

|

Last Updated

നുഷ്യരുടെ ആത്യന്തികമായ സ്‌നേഹം എപ്പോഴും സ്രഷ്ടാവായ അല്ലാഹുവോടായിരിക്കണം. രണ്ടാമത് അല്ലാഹുവിന്റെ ദൂതരായ റസൂല്‍(സ)യോടായിരിക്കണം. അഥവാ സൃഷ്ടികളില്‍ ഏറ്റവും വലിയ സ്‌നേഹം റസൂല്‍(സ) യോടാകണം. ഈ സ്‌നേഹം സത്യവിശ്വാസത്തിന്റെ മൗലിക ഘടകമാണ്. “പറയുക, നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും നിങ്ങളുടെ കുടുംബങ്ങളും സമ്പാദ്യങ്ങളും മാന്ദ്യം ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും നിങ്ങള്‍ ഇഷ്ടപ്പെട്ട ഭവനങ്ങളുമാണ്, അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും അവന്റെ മാര്‍ഗത്തില്‍ ധര്‍മ സമരം നടത്തുന്നതിനേക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതെങ്കില്‍ അല്ലാഹു അവന്റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. കപട വിശ്വാസികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല’ (വിശുദ്ധ ഖുര്‍ആന്‍ 9:24).

“സന്താനങ്ങള്‍, മാതാപിതാക്കള്‍, മറ്റു ജനങ്ങള്‍ എന്നിവരേക്കാളെല്ലാം അവിടുത്തെ സ്‌നേഹിക്കുന്നത് വരെ ഒരാളും പരിപൂര്‍ണ വിശ്വാസിയാകുകയില്ലെന്ന’ മുത്തുനബി(സ)യുടെ പ്രസ്താവന പ്രസിദ്ധമാണ്. ഉമര്‍(റ) ഒരിക്കല്‍ റസൂല്‍(സ)യോട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവാണ് സത്യം, ഞാന്‍ അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളേക്കാളും ഇഷ്ടപ്പെടുന്നു’. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: “സ്വന്തം ആത്മാവിനേക്കാളും ഞാന്‍ ഒരാള്‍ക്ക് പ്രിയങ്കരനാകുന്നതുവരെ ഒരാളും സത്യവിശ്വാസിയാകുകയില്ല’. ഉടനെ ഉമര്‍(റ) പ്രതികരിച്ചു: അങ്ങേക്ക് വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചവന്‍ തന്നെ സത്യം, എന്റെ ആത്മാവിനേക്കാളും അങ്ങ് എനിക്ക് പ്രിയങ്കരനാണ് (ബുഖാരി).

റസൂല്‍(സ)യോടുള്ള സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണയും അനുധാവനവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു, “നബിയേ പറയുക, നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും’. തിരുനബിചര്യ ജീവിതത്തില്‍ പകര്‍ത്തലും റസൂല്‍(സ)യെ അനുധാവനം ചെയ്യലുമാണ് സ്‌നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. അനസ്ബ്‌നു മാലിക്(റ)വിന് തിരുനബി(സ) നല്‍കിയ സന്ദേശമിതാണ്: “നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അത് എന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ ചര്യക്ക് ആരെങ്കിലും ജീവന്‍ നല്‍കിയാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. എന്നെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി’

നിയോഗിക്കപ്പെടുന്ന ജനതയെ സത്യത്തിന്റെയും നേരിന്റെയും നന്മയുടെയും വഴിയിലേക്ക് നയിക്കുക എന്നതായിരുന്നു നബിമാരുടെ നിയോഗം. അല്ലാഹുവിലേക്ക് സൃഷ്ടികളെ ക്ഷണിക്കുന്ന, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന, സാമൂഹിക രൂപവത്കരണത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുന്ന ഈ പ്രവാചക പരമ്പരയുടെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ). മറ്റെല്ലാ നബിമാരേക്കാളും ശ്രേഷ്ഠതയും പദവിയും അല്ലാഹു റസൂല്‍(സ)ക്ക് നല്‍കി. മുത്തുനബിക്ക് നല്‍കിയ മഹത്തായ ഈ സവിശേഷത വിളംബരം ചെയ്യുന്ന നിരവധി ആയത്തുകളുണ്ട് ഖുര്‍ആനില്‍. “നബിയേ തങ്ങള്‍ വിശ്വാസികളോട് പറയുക: നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍, എന്നെ പിന്തുടരുവിന്‍. എന്നാല്‍, അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളുടെ ദോഷങ്ങള്‍ പൊറുക്കുകയും ചെയ്യും’. അല്ലാഹുവും റസൂലും എങ്ങനെയാണ് വിശ്വാസികളുടെ നിത്യവ്യവഹാരങ്ങളെ ക്രമപ്പെടുത്തുന്നതെന്ന് ഈ വചനങ്ങള്‍ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. തിരുചര്യകള്‍ പിന്‍പറ്റുന്നതില്‍ വലിയ അളവില്‍ സ്‌നേഹം അടങ്ങിയിട്ടുണ്ടെന്നര്‍ഥം.

തിരുനബി(സ)യെ അര്‍ഹമാം വിധം ബഹുമാനിക്കുക, അവിടുത്തെ നാമം കേള്‍ക്കുമ്പോള്‍ ബഹുമാനവും വിനയവും പ്രകടിപ്പിച്ചുകൊണ്ട് സ്വലാത്ത് ചൊല്ലുക, മദ്ഹ് ചെയ്യുക, സ്വപ്‌ന ദര്‍ശനത്തിനും മദീനാ സന്ദര്‍ശനത്തിനും അതിയായ ആഗ്രഹം പ്രകടിപ്പിക്കുക, റസൂല്‍(സ) സ്‌നേഹിച്ചവരെ സ്‌നേഹിക്കുകയും റസൂല്‍(സ)യോട് ശത്രുത പുലര്‍ത്തുന്നവരോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യുക, ശരീഅത്തിന് വിരുദ്ധമായ ഏതൊരു കാര്യത്തോടും അനിഷ്ടം പ്രകടിപ്പിക്കുക, ഖുര്‍ആനിനോട് സ്‌നേഹം പ്രകടിപ്പിക്കുകയും പാരായണം ചെയ്യുകയും ആശയം ഗ്രഹിച്ച് പ്രാവര്‍ത്തികമാക്കുകയും ചെയ്യുക, തിരുനബിയുടെ സ്വഹാബത്തിനോട് കൂറും കാരുണ്യവും കാണിക്കുകയും അവരുടെ രക്ഷക്കും ഗുണത്തിനും വേണ്ടി യത്‌നിക്കുകയും ചെയ്യുക എന്നിവയെല്ലാം തിരുനബി(സ)യോടുള്ള സ്‌നേഹത്തിന്റെ ലക്ഷണങ്ങളാണ്.

തിരുനബി(സ)യെ കുറിച്ചുള്ള അജ്ഞതയാണ് നമ്മുടെ മനസ്സില്‍ അവിടുത്തെ സാന്നിധ്യം അകലാനുള്ള കാരണം. സ്‌നേഹിക്കപ്പെടുന്ന വ്യക്തിയെ കുറിച്ചുള്ള അറിവിനനുസരിച്ചാണ് സ്‌നേഹത്തിന്റെ ആഴവും പരപ്പും വര്‍ധിക്കുന്നത്. അതിനാല്‍ റസൂല്‍(സ)യെ കുറിച്ച് എത്രത്തോളം നാം അറിയുന്നുവോ, അത്രത്തന്നെ സ്‌നേഹവും വര്‍ധിക്കും. ഈ റബീഉല്‍ അവ്വല്‍ കാലം തിരുനബി(സ)യെ കൃത്യമായി അറിയാനും അവിടുത്തെ ചര്യകളും രീതികളും പിന്‍പറ്റാനും നാം ഉപയോഗപ്പെടുത്തണം. അവിടുന്ന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ താത്പര്യത്തോടെ ചെയ്യാനും വിരോധിച്ച കാര്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കാനും തുടര്‍ ജീവിതത്തില്‍ നമുക്ക് സാധിക്കണം. എങ്കില്‍ വിശ്വാസിയുടെ ഇരുലോക ജീവിതത്തിലും അവിടുത്തെ നോട്ടവും തുണയുമുണ്ടാകും.
ഇഹപര ജീവിത വിജയവും അല്ലാഹുവിന്റെ തൃപ്തിയും ഈമാനിലാണ് നിലകൊള്ളുന്നത്. ഈമാന്‍ റസൂല്‍(സ)യിലുള്ള വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. റസൂല്‍(സ)യെ പിന്‍പറ്റുന്നതിലും സ്‌നേഹിക്കുന്നതിലുമാണ് അവിടുത്തോടുള്ള വിശ്വാസം കുടികൊള്ളുന്നത്. നമുക്കിത്രയും ഗുണം ചെയ്തത് മുത്ത് നബി(സ) അല്ലാതെ മറ്റാരുമല്ല. അതിനാല്‍ ഗുണം ചെയ്തതിന്റെ പേരില്‍ നാം ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത് മുത്ത് നബി(സ)യെയാണ്.

അല്ലാഹുവിന്റെ ദൂതരായ തിരുനബി(സ)യെ സ്‌നേഹിക്കുന്നതും അവിടുന്ന് പഠിപ്പിച്ച ഓരോ കാര്യങ്ങളും ജീവിതത്തില്‍ സൂക്ഷ്മതയോടെ പിന്തുടരുന്നതും ഉത്തമനായ വിശ്വാസിയുടെ ലക്ഷണമാണ്. സ്‌നേഹം അതിലേറ്റവും പ്രധാനമാണ്. കാരണം, ഒരാളോട് സ്നേഹാധിക്യം ഉണ്ടാകുമ്പോഴാണ് അവര്‍ പറയുന്നത് പൂര്‍ണാര്‍ഥത്തില്‍ പിന്തുടരുന്ന വിതാനത്തിലേക്ക് മനുഷ്യ സ്വഭാവം എത്തുക. സ്‌നേഹം പ്രകടിപ്പിക്കാതെ നബി(സ)യുടെ ആശയങ്ങളെ മാത്രം പിന്തുടരുക എന്ന് പറയുന്നവരുടെ രീതി ശരിയല്ല.

എങ്ങനെയാണ് നബി(സ)യോടുള്ള സ്‌നേഹത്തെ പൂര്‍ണാര്‍ഥത്തില്‍ വിശ്വാസികള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കേണ്ടത്? സ്വഹാബികള്‍ പല വിതാനത്തില്‍ അത് പ്രകടിപ്പിച്ചത് കാണാം. റസൂല്‍(സ) ആ സ്‌നേഹത്തെ സ്വീകരിച്ചതും, ഉത്തമരായ വിശ്വാസികളായി അവരെ അടയാളപ്പെടുത്തിയതും ഹദീസുകളിലുണ്ടല്ലോ. ഒരാള്‍ തിരുനബി(സ)യുടെ അരികിലേക്ക് വന്ന് ചോദിച്ചു: അന്ത്യനാള്‍ എന്നാണ്? നബി(സ) ചോദിച്ചു: എന്താണ് അതിനായി താങ്കള്‍ കരുതിവെച്ചിരിക്കുന്നത്? അദ്ദേഹം പറഞ്ഞു: ഞാന്‍ കൂടുതല്‍ നിസ്‌കരിക്കുന്നവനോ നോമ്പനുഷ്ഠിക്കുന്നവനോ ദാനം ചെയ്യുന്നവനോ അല്ല; എന്നാല്‍ അല്ലാഹുവിനോടും റസൂലിനോടും ഉള്ള അളവറ്റ സ്‌നേഹമാണ് എന്റെ കൈമുതല്‍. “താങ്കള്‍ ആരെ സ്നേഹിച്ചുവോ, അവരോട് കൂടെയായിരിക്കും എന്നായിരുന്നു’ തിരുനബി(സ)യുടെ മറുപടി.

നബിദിനത്തോടനുബന്ധിച്ച് വിശ്വാസി സമൂഹം കൊണ്ടാടുന്ന മീലാദ് ജാഥയും മൗലിദുകളും പ്രകീര്‍ത്തന രാവുകളും കലാപരിപാടികളും എല്ലാം ഉള്‍ക്കൊള്ളുന്നത് നബി സ്‌നേഹമാണ്. ആഘോഷങ്ങള്‍ക്കൊപ്പം തിരുനബി(സ)യുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും അവയുള്‍ക്കൊണ്ട് ജീവിക്കാനുമാണ് നാം ഇക്കാലത്ത് മത്സരിക്കേണ്ടത്. നബിപാഠങ്ങളിലൂടെ സഞ്ചരിച്ചാല്‍ യാതൊരു സന്ദേഹവുമില്ലാതെ ലോകത്തെ സമീപിക്കാനാകും. വിശ്വാസ്യത, സത്യസന്ധത, ധാര്‍മികത എന്നിവയെല്ലാം ഒട്ടനേകം വെല്ലുവിളി നേരിടുന്ന സമകാലിക ലോകത്ത് ചുറ്റുമുള്ളവരെ ആത്മവിശ്വാസത്തോടെ സമീപിക്കാനും അകലങ്ങളില്ലാതെ ഇതരരെ ദര്‍ശിക്കാനും തിരുനബി(സ)യുടെ പാഠങ്ങള്‍ നമ്മെ വഴിനടത്തും. നബിസന്ദേശങ്ങള്‍ അടുത്തറിയാനും സ്വയം നവീകരിക്കാനും സമൂഹത്തിന് വെട്ടം പകരാനും ഈ നബിദിനം ഏവര്‍ക്കും അവസരമാകട്ടെ.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

Latest