Connect with us

editorial

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹൂതികളുടെ വളര്‍ച്ചയും

രണ്ട് രാജ്യങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമല്ല യുദ്ധങ്ങളില്‍ മാറ്റുരക്കുന്നത്. അതിനപ്പുറം ആയുധ വ്യാപാരം, ഊര്‍ജവിപണി, പ്രാദേശിക ആധിപത്യം തുടങ്ങി യുദ്ധവുമായി നേരിട്ടു ബന്ധമില്ലാത്ത രാജ്യങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക താത്പര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട് പല സംഘര്‍ഷങ്ങളിലും.

Published

|

Last Updated

സഊദിക്കെതിരായ ഹൂതി ആക്രമണം ശക്തമായിരിക്കുകയാണ്. ബുധനാഴ്ച ദമാം വിമാനത്താവളത്തിനും സഊദിയിലെ എണ്ണപ്പാടങ്ങള്‍ക്കും നേരെ വലിയ തോതില്‍ ആക്രമണം നടന്നു. അതിനു തൊട്ടുമുമ്പ് മദീനക്കു നേരെ മിസൈല്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ശനിയാഴ്ച റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കിക്കൊണ്ടിരിക്കുകയാണ് ഹൂതി- സഊദി സംഘര്‍ഷം. യമനിലെ ആഭ്യന്തര യുദ്ധത്തില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അന്താരാഷ്ട്ര അംഗീകാരമുള്ള യമന്‍ സര്‍ക്കാറിനെ പിന്തുണക്കുന്നുണ്ട്. ഹൂതികള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള സൈനിക നടപടിയിലാണ് സഖ്യസേന. ഇതാണ് ഹൂതികള്‍ ആക്രമണം കടുപ്പിച്ചതിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുടെയോ ഏതെങ്കിലും രാഷ്ട്രത്തിന്റെയോ മുന്‍കൈയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ ഹൂതികള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ- സാമ്പത്തിക ആധിപത്യം ഉറപ്പാക്കാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്.

2014ല്‍ യമന്റെ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണം ഹൂതികള്‍ പിടിച്ചടക്കുകയും ഹൂതികളെ ചെറുക്കാന്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന രംഗത്ത് വരികയും ചെയ്തതോടെയാണ് സഊദി- ഹൂതി സംഘര്‍ഷം ഉടലെടുത്തത്. വര്‍ഷങ്ങളോളം നീണ്ട വ്യോമാക്രമണത്തിലൂടെയും ഉപരോധത്തിലൂടെയും ഹൂതികളെ അടയറവ് പറയിപ്പിക്കാമെന്നായിരുന്നു സഊദി സഖ്യത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഹൂതികള്‍ കൂടുതല്‍ സംഘടിതരായി. മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം നേടി. സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൈനിക- ഭരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. പരമ്പരാഗത സൈനിക ശക്തിയായ സഊദിയെ കടുത്ത സമ്മര്‍ദത്തിലാക്കാന്‍, സൈനിക ശക്തിയില്‍ അവരുടെ നാലയലത്ത് പോലുമല്ലാതിരുന്ന ഹൂതികള്‍ക്ക് കഴിയുന്നുവെന്നത് അവരുടെ സൈനിക വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഹൂതികളുടെ വളര്‍ച്ചയില്‍ ഇറാന്‍ പിന്തുണക്ക് നിര്‍ണായക പങ്കുണ്ട്. ഇറാനിയന്‍ മാതൃകകളോട് സാമ്യമുള്ള മിസൈലുകളും ഡ്രോണുകളും ഹൂതികളുടെ ആയുധശേഖരത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യ, ആയുധശേഖരം, ആയുധ പരിശീലനം, തന്ത്രപരമായ സഹകരണം തുടങ്ങിയവയിലൂടെ ഇറാന്‍ ഹൂതികളുടെ ശേഷി വര്‍ധിപ്പിച്ചതായും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. ഇറാന്‍ ഹൂതികളെ പിന്തുണക്കുന്നതിനു പിന്നില്‍ തന്ത്രപ്രധാനമായ ചില കാരണങ്ങളുണ്ട്. സഊദി അറേബ്യയെ പോലുള്ള എതിരാളികളെ സമ്മര്‍ദത്തിലാക്കാനും ചെങ്കടലിനും ബാബുല്‍ മന്ദബ് കടലിടുക്കിനും സമീപമുള്ള തന്ത്രപ്രധാന മേഖലകളില്‍ സ്വാധീനം ഉറപ്പിക്കാനും ഹൂതികളുടെ സാന്നിധ്യം ഇറാന് സഹായകമാണ്. ഹോര്‍മുസ് കടലിടുക്കിനെ പോലെ ആഗോള സമ്പദ്്വ്യവസ്ഥക്ക് വളരെ നിര്‍ണായകമാണ് ചെങ്കടല്‍ വ്യാപാര പാതകള്‍. ഈ പാതകളിലെ അസ്ഥിരത ചരക്കു നീക്കച്ചെലവ് വര്‍ധിപ്പിക്കുകയും എണ്ണ വില ഉയര്‍ത്തുകയും ചെയ്യും.

അതേസമയം ഇറാന്‍ മാത്രമല്ല ഹൂതികളുടെ വളര്‍ച്ചയുടെ പിന്നില്‍. യമനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും സഊദിയുടെ വിദേശ നയങ്ങള്‍ക്കും അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുമെല്ലാം ഇതില്‍ പങ്കുണ്ട്. രണ്ട് രാജ്യങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമല്ല യുദ്ധങ്ങളില്‍ മാറ്റുരക്കുന്നത്. അതിനപ്പുറം ആയുധ വ്യാപാരം, ഊര്‍ജവിപണി, പ്രാദേശിക ആധിപത്യം തുടങ്ങി യുദ്ധവുമായി നേരിട്ടു ബന്ധമില്ലാത്ത രാജ്യങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക താത്പര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട് പല സംഘര്‍ഷങ്ങളിലും. ഹൂതികളുടെ ആക്രമണം സഊദിയെ കൂടുതല്‍ പ്രതിരോധച്ചെലവിലേക്ക് തള്ളിവിടുകയും അമേരിക്കന്‍ ആയുധങ്ങളും സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യും. അറബ് രാഷ്ട്രങ്ങള്‍ തമ്മില്‍ ഭിന്നതയും സംഘര്‍ഷവും വര്‍ധിക്കണമെന്നത് സയണിസ്റ്റ് താത്പര്യവുമാണ്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഏകോപിത നയമില്ലാതെ പോയതിനു പിന്നിലും മേഖലയിലെ സംഘര്‍ഷങ്ങളാണല്ലോ.

പശ്ചിമേഷ്യയിലെ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവിടുത്ത ഭരണകൂടങ്ങളുടെയും സൈനിക ശക്തികളുടെയും മാത്രം പ്രശ്‌നമല്ല; ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിതം കരുപ്പിടിപ്പിക്കുന്ന ദശലക്ഷക്കണക്കിനു ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നുണ്ട് ഇതിന്റെ കെടുതികള്‍. യുദ്ധഭീതിയില്‍ തൊഴില്‍ സ്ഥിരത നഷ്ടപ്പെടുന്നതും യാത്രാ സൗകര്യങ്ങള്‍ ഇല്ലാതാകുന്നതും എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഉയരുന്നതുമെല്ലാം ആശങ്കാജനകമാണ്. സഊദി വിമാനത്താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസ് മുടങ്ങിയത് കാരണം ഉംറക്ക് പോയ നിരവധി ഇന്ത്യക്കാര്‍ സഊദിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രവാസികളുടെ സുരക്ഷയും ജോലിസ്ഥിരതയും അപകടത്തിലാകുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ സാധാരണ കുടുംബങ്ങളിലേക്കും വ്യാപിക്കും.

ഈ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇന്ത്യ നയതന്ത്രനീക്കം നടത്തേണ്ടതുണ്ട്. സഊദി, ഇറാന്‍, അമേരിക്ക, ഇസ്‌റാഈല്‍ എന്നീ രാഷ്ട്രങ്ങളുമായി നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഇന്ത്യക്ക് ഇക്കാര്യത്തില്‍ സവിശേഷ സാധ്യതകളുണ്ട്. നയതന്ത്ര ബന്ധങ്ങള്‍ വ്യാപാര- ആയുധ കരാറുകള്‍ക്കോ സാങ്കേതിക വിദ്യ കൈമാറ്റ ഉടമ്പടികള്‍ക്കോ മാത്രമായി പ്രയോജനപ്പെടുത്താതെ യുദ്ധവിരാമത്തിനും സമാധാന ചര്‍ച്ചകള്‍ക്കും വഴിയൊരുക്കാന്‍ കൂടി വിനിയോഗിക്കാവുന്നതാണ്. നയതന്ത്ര ശക്തിയും അന്താരാഷ്ട്ര സ്വാധീനവും സമാധാനം സ്ഥാപിക്കാന്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ഇന്ത്യയുടെ ആഗോള സ്വാധീനം കൂടുതല്‍ പ്രസക്തമാകുന്നത്. ഇതോടൊപ്പം ഐക്യരാഷ്ട്ര സഭയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലും ബന്ധപ്പെട്ട രാജ്യങ്ങളുമായുള്ള ഉന്നതതല ചര്‍ച്ചകളിലും സമാധാനത്തിനായി ഇന്ത്യക്ക് ശക്തമായ നിലപാട് സ്വീകരിക്കാവുന്നതാണ്.

Content Highlights: Escalating Houthi drone and missile attacks on Saudi infrastructure, including Dammam and Madinah, have heightened regional instability. The conflict threatens vital energy supplies, regional security, and the safety of Indian expatriates living in the Gulf. India must leverage its diplomatic ties with regional powers to advocate for peace and ceasefires.

---- facebook comment plugin here -----

Latest