First Gear
സിബി500എക്‌സിന് 1.07 ലക്ഷം രൂപ വില കുറച്ച് ഹോണ്ട
6.87 ലക്ഷം രൂപ എക്‌സ്- ഷോറൂം വിലയ്ക്കാണ് മോട്ടോര്‍സൈക്കിള്‍ എത്തിയിരുന്നത്.
ന്യൂഡല്‍ഹി| കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഹോണ്ട സിബി500എക്‌സ് രാജ്യത്ത് അവതരിപ്പിച്ചത്. 6.87 ലക്ഷം രൂപ എക്‌സ്- ഷോറൂം വിലയ്ക്കാണ് മോട്ടോര്‍സൈക്കിള്‍ എത്തിയിരുന്നത്. അഡ്വഞ്ചര്‍ ടൂറര്‍ ഒരു സികെഡി അല്ലെങ്കില്‍ കംപ്ലീറ്റ്‌ലി നോക്ഡ് ഡൗണ്‍ യൂണിറ്റായി ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ഈ ഉയര്‍ന്ന വിലയ്ക്ക് പിന്നിലെ കാരണം. എന്നാല്‍ ഇപ്പോള്‍ സിബി500എക്‌സിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 5.80 ലക്ഷം രൂപ മുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 1.07 ലക്ഷം രൂപയുടെ വിലക്കുറവാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. എന്നാല്‍ ഈ വിലക്കുറവ് താത്കാലികം മാത്രമാണെന്നാണ് സൂചന.
സിബി500എക്‌സ് ഒരു എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളാണ്. മോട്ടോര്‍സൈക്കിളിന്റെ 2022 അപ്പ്‌ഡേറ്റ് അടുത്തിടെ ഹോണ്ട രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഇതിന് കൂടുതല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫ്യുവല്‍ ഇഞ്ചക്ഷനും ലിക്വിഡ് കൂളിംഗും ലഭിക്കുന്ന അതേ 471.03 സിസി, ഫോര്‍ സ്‌ട്രോക്ക്, പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് സിബി500എക്‌സ് ഇപ്പോഴും വരുന്നത്. ഇത് 8,500 ആര്‍പിഎംല്‍ 47 ബിഎച്ച്പി പരമാവധി കരുത്തും 6,500 ആര്‍പിഎംല്‍ 43.2 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ലഭിക്കുന്ന ആറ് സ്പീഡ് യൂണിറ്റാണ് ഗിയര്‍ബോക്സ്. ലോ-മിഡ് റേഞ്ചിനായി എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ടെന്ന് ഹോണ്ട പറയുന്നു.



