ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം
ഹെപ്പറ്റൈറ്റിസ്; ലക്ഷണങ്ങളും ചികിത്സയും
വൈറസ് അണുബാധ മൂലമുണ്ടാകുന്ന കരള്‍ വീക്കമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്.

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായാണ് ആചരിക്കുന്നത്. ‘ഞങ്ങള്‍ കാത്തിരിക്കുന്നില്ല’ എന്ന ആഹ്വാനമാണ് ലോകാരോഗ്യ സംഘടന ഹെപ്പറ്റൈറ്റിസ് അവബോധത്തില്‍ മുന്നോട്ടുവെക്കുന്നത്. വൈറല്‍ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സജീവമായ ഇടപെടലാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ്, സംക്രമണം, ലക്ഷണങ്ങള്‍, പ്രതിരോധം, ലഭ്യമായ ചികിത്സകള്‍ എന്നിവ മനസ്സിലാക്കേണ്ടത് രോഗത്തിന്റെ വ്യാപനം തടയുന്നതിനും ജീവന്‍ സംരക്ഷിക്കുന്നതിനും അത്യാവശ്യമാണ്.
വൈറല്‍ ഹെപ്പറ്റൈറ്റിസ്
വൈറസ് അണുബാധ മൂലമുണ്ടാകുന്ന കരള്‍ വീക്കമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. ഇത് പ്രധാനമായും എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു തരമുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് പടരുക. അതേസമയം ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ രോഗബാധിതരായ ആളുകളുടെ രക്തവുമായോ ശരീരസ്രവങ്ങളുമായോ ഇടകലരുന്നതിലൂടെയാണ് പകരുന്നത്. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച വ്യക്തികളെ മാത്രമേ ഹെപ്പറ്റൈറ്റിസ് ഡി ബാധിക്കുകയുള്ളൂ.
ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ കൈകാര്യം ചെയ്യുന്നത് കരള്‍ ആണ്. അപ്പോള്‍ കരളില്‍ അണുബാധയുണ്ടാകുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം തന്നെ അത് ബാധിക്കും. സാധാരണയായി വരുന്ന പനിയും അനുബന്ധരോഗങ്ങളും പോലെയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും വരുന്നത്. അതിനാല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ഒരു സാധാരണ രോഗമെന്ന രീതിയില്‍ കാണുകയും പിന്നീട് വൈറസ് ബാധയില്‍ നിന്ന് മുക്തമാകാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇതു പിന്നീട് ഗുരുതരരോഗമായി മാറുകയും ചെയ്യും.
ലക്ഷണങ്ങള്‍
ക്ഷീണം, പനി, മഞ്ഞപ്പിത്തം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ സാധാരണ ലക്ഷണങ്ങളില്‍പ്പെടുന്നു. ഹെപ്പറ്റൈറ്റിസ് ഉള്ള ചില വ്യക്തികള്‍ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. ഇത്തരക്കാരാണ് പെട്ടെന്ന് ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയും ചെയ്യുന്നത്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ കണ്ടെത്താനായി പതിവായി സ്‌ക്രീനിംഗുകള്‍ക്ക് വിധേയമാകുകയാണ് ചെയ്യേണ്ടത്.
ചികിത്സ
വൈറല്‍ മാര്‍ക്കറുകള്‍ കണ്ടെത്തുന്ന രക്തപരിശോധനയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണയം നടത്തുക. നേരത്തെയുള്ള രോഗനിര്‍ണയത്തിലൂടെ രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയ്ക്ക് പ്രത്യേക ചികിത്സയില്ല. എന്നാല്‍ രോഗം വരാതെ ഫലപ്രദമായി തടയാന്‍ വാക്സിനേഷന്‍ ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ് ബി, സി ബാധിതര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിലൂടെ അണുബാധയെ നിയന്ത്രിക്കാനും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. സമയബന്ധിതമായ ചികിത്സകളിലൂടെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍, സിറോസിസ്, ലിവര്‍ ഫെയ്ലിയര്‍, കരള്‍ കാന്‍സര്‍ പോലും ചിലപ്പോള്‍ തടയാന്‍ കഴിയും. ചികിത്സിച്ചില്ലെങ്കില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് കരളില്‍ കലകള്‍ (സിറോസിസ്)ഉണ്ടാക്കുകയും, ലിവര്‍ ഫെയ്ലിയര്‍, കരള്‍ ക്യാന്‍സര്‍ (ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ) എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്സിനേഷന്‍. ഹെപ്പറ്റൈറ്റിസ് ബിക്ക്, പ്രത്യേകിച്ച് ശിശുക്കള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കും വാക്സിനേഷന്‍ അത്യാവശ്യമാണ്. സുരക്ഷിതമായ ലൈംഗികബന്ധം, ശുദ്ധമായ സൂചികള്‍ ഉപയോഗിക്കുക എന്നിവ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കും.
ഹെപ്പറ്റൈറ്റിസിനെ ചെറുക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. ഹെപ്പറ്റൈറ്റിസ്, സംക്രമണം, പ്രതിരോധ രീതികള്‍ എന്നിവയെക്കുറിച്ച് അറിയുകയും അവബോധം വളര്‍ത്തുന്നതിനായി രോഗവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമൂഹവുമായും പങ്കുവെക്കേണ്ടതാണ്. ഹെപ്പറ്റൈറ്റിസ് ബാധിച്ചിട്ടുണ്ടോ അല്ലെങ്കില്‍ അപകടസാധ്യതയുണ്ടോ എന്ന് സംശയിക്കുന്നുവെങ്കില്‍, പരിശോധന നടത്തേണ്ടതാണ്. നേരത്തെ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാനാകും.
വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം നിശബ്ദ കൊലയാളിയാണ്. അതിനാല്‍ രോഗം നേരത്തെ കണ്ടെത്തുക എന്നതാണ് വിജയം. ഈ ദിന ത്തില്‍ ഹെപ്പറ്റൈറ്റിസ് വിമുക്തമായ ഒരു ലോകത്തിനായി നമുക്കെല്ലാവര്‍ക്കും പ്രവര്‍ത്തിക്കാം.